നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇക്കഴിഞ്ഞ ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്.
മുംബൈ: സ്വകാര്യ വൽക്കരിക്കപ്പെട്ട പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് മുന്നിലുള്ളത് വലിയ സ്വപ്നങ്ങൾ. അഞ്ചുവർഷം കൊണ്ട് അന്താരാഷ്ട്ര വിപണിയുടെ 30 ശതമാനം തങ്ങളുടെ കൈപ്പിടിയിൽ ആക്കുകയാണ് കമ്പനിയുടെ സിഇഒ ആയ ക്യാംപ്ബെൽ വിൽസൺ പറയുന്നത്. ആഭ്യന്തരവിപണിയിലും 30 ശതമാനം വിപണി വിഹിതം കൈപ്പിടിയിൽ ആക്കുക കമ്പനിയുടെ ലക്ഷ്യം ആണ്.
നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇക്കഴിഞ്ഞ ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. നിലവിൽ ആഭ്യന്തര വിപണിയുടെ 10 ശതമാനവും അന്താരാഷ്ട്ര വിപണിയിൽ 12 ശതമാനവുമാണ് എയർ ഇന്ത്യയുടെ വിഹിതം. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും കൂടുതൽ സേവനം ഏർപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി അഞ്ച് വൈഡ് ബോഡി എയർക്രാഫ്റ്റുകളും 25 നാരോ ബോഡി വിമാനങ്ങളും അടുത്ത 15 മാസത്തിനുള്ളിൽ എയർ ഇന്ത്യ സ്വന്തമാക്കും.
നിലവിൽ 70 നേരെ ബോഡി വിമാനങ്ങളാണ് എയർ ഇന്ത്യക്ക് ഉള്ളത്. ഇതിൽ 54 എണ്ണം മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. അവശേഷിക്കുന്ന 16 വിമാനങ്ങൾ 2023 ആരംഭത്തോടെ സർവീസിന് എത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്. അതേസമയം കമ്പനിക്ക് ഇപ്പോൾ 43 വൈഡ് ബോഡി എയർക്രാഫ്റ്റുകൾ ഉണ്ട്. ഇവയിൽ 33 എണ്ണം ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. 2023 തുടക്കത്തിൽതന്നെ അവശേഷിക്കുന്ന 11 വിമാനങ്ങൾ കൂടി സർവീസിന് എത്തിക്കാനാണ് എയർ ഇന്ത്യയുടെ ശ്രമം.
