ടിക്കറ്റുകളും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതായിരിക്കും പുതിയ സംവിധാനം.

വിമാനങ്ങളുടെ ബുക്കിംഗ് ലളിതമാക്കുന്ന സാങ്കേതികവിദ്യയായ ന്യൂ ഡിസ്ട്രിബ്യൂഷന്‍ കാപ്പബിലിറ്റി (എന്‍ഡിസി) പുറത്തിറക്കുന്ന ആദ്യ ഇന്ത്യന്‍ എയര്‍ലൈനായി എയര്‍ ഇന്ത്യ മാറി. ടിക്കറ്റുകളും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്നതില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതായിരിക്കും പുതിയ സംവിധാനം. ഈ പുതിയ സാങ്കേതികവിദ്യ വഴി വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കുള്ള യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമായ ടിക്കറ്റ് ബുക്കിംഗിന് സാധിക്കും. യാത്രക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന ഓഫറുകളും സേവനങ്ങളും ഇത് വഴി ലഭിക്കും. എന്‍ഡിസി എയര്‍ലൈനുകളും ട്രാവല്‍ ഏജന്‍റുമാരും തമ്മിലുള്ള ആശയവിനിമയത്തിന്‍റെ കഴിവ് വര്‍ദ്ധിപ്പിക്കുന്നു

വിവിധ രാജ്യങ്ങളിലെ വിമാനസര്‍വീസുകളുടെ ആഗോള സംഘടനയായ അയാട്ടയുടെ പിന്തുണയുള്ളതാണ് എന്‍ഡിസി സംവിധാനം. പ്രത്യേക നിരക്കിലുള്ള വിമാന സര്‍വീസുകള്‍, അനുയോജ്യമായ പാക്കേജുകള്‍ എന്നിങ്ങനെയുള്ള വിപുലമായ സേവനങ്ങളിലേക്ക് ട്രാവല്‍ ഏജന്‍റുമാര്‍ക്ക് പ്രവേശനം ലഭിക്കുമെന്നതാണ് എന്‍ഡിസിയുടെ പ്രധാന പ്രത്യേകത. ആത്യന്തികമായി ആകര്‍ഷകമായ നിരക്കിലുള്ള ഓഫറുകളോട് കൂടിയ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് എന്‍ഡിസി വഴി എയര്‍ ഇന്ത്യക്ക് സാധിക്കും. ഉപഭോക്താക്കള്‍ക്ക് ലളിതവും കൂടുതല്‍ സുതാര്യവുമായ ടിക്കറ്റ് ബുക്കിംഗിന് ഇത് വഴി സാധിക്കും. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും എന്ന് എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള ട്രാവല്‍ ഏജന്‍റുമാര്‍ക്ക് എയര്‍ ഇന്ത്യയുടെ എന്‍ഡിസിയുമായി നേരിട്ട് ബന്ധപ്പെടാനും പരമ്പരാഗത വിതരണ ചാനലുകളിലൂടെ മുമ്പ് ലഭ്യമല്ലാത്ത ഓഫറുകള്‍, അനുബന്ധ സേവനങ്ങള്‍, എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന സേവനം ലഭ്യമാക്കാനും സാധിക്കും. ഇത് അവരുടെ ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള ടിക്കറ്റ് ബുക്കിംഗും യാത്രാനുഭവവും മെച്ചപ്പെടുത്തും. എയര്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ തടസ്സമില്ലാത്തതും സുതാര്യവുമായ ബുക്കിംഗിന്‍റെ നേട്ടവും ലഭിക്കും .ഓണ്‍ലൈനിലും ഓഫ്ലൈനിലും. ഉപഭോക്താക്കള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ഓഫറുകളും സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രാവല്‍ ഏജന്‍റുമാര്‍ക്ക് ndc.airindia.com സന്ദര്‍ശിക്കാം