ദില്ലി: മോദി സർക്കാർ രണ്ടാമതും അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ ബജറ്റിൽ റെയിൽവേയ്ക്കായി വമ്പൻ പ്രഖ്യാപനങ്ങൾ നടത്തി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾക്കിടയിൽ തേജസ് മാതൃകയിലുള്ള കൂടുതൽ സെമി ഹൈ സ്പീഡ് ട്രെയിനുകൾ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയിൽ പറഞ്ഞു. പൂർണ്ണമായും ഓട്ടോമേറ്റഡ് സവിശേഷതകളുള്ള ഇന്ത്യയിലെ ആദ്യത്തെ ട്രെയിനാണ് തേജസ് എക്സ്പ്രസ്. നിലവിൽ ദില്ലിക്കും ലഖ്‌നൗവിനും ഇടയിലാണ് തേജസ് ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്.  അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലുള്ള അതിവേഗ ട്രെയിനുകൾ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

അഞ്ച് പ്രധാന പദ്ധതികളാണ് റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍ പാതകളോട് ചേര്‍ന്ന് സൗരോര്‍ജ്ജ ഉല്‍പാദനത്തിന് വേണ്ടി പ്രത്യേക പദ്ധതി നടപ്പിലാക്കും. റെയില്‍വേ സ്റ്റേഷനുകള്‍ പുനരുദ്ധരിക്കുന്നതിന് വേണ്ടി കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കും. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് വന്‍ വിജയമായ പശ്ചാത്തലത്തിലാണിത്. തേജസ് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കും. റെയില്‍ പാതകള്‍ക്കരികില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 27000 കിലോമീറ്റര്‍ റെയില്‍പാത വൈദ്യുതീകരിക്കുമെന്നും നിർ‌മ്മല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു.