Asianet News MalayalamAsianet News Malayalam

ഓഫ്‌ലൈനിലേക്ക് ചുവട് മാറ്റി വിദ്യാർത്ഥികൾ; ഓൺലൈൻ ലേണിംഗ് അക്കാദമി അടച്ചുപൂട്ടാൻ ആമസോൺ

ഇന്ത്യയിലെ ഓൺലൈൻ ലേണിംഗ് അക്കാദമി ആമസോൺ അടച്ചുപൂട്ടുന്നു. എന്നാൽ പണം തിരികെ നൽകാനും ഒരു വർഷത്തേക്ക് കോഴ്‌സ് മെറ്റീരിയലുകള്‍ ഉപയോഗിക്കാനുള്ള അവസരവും നൽകുന്നു

Amazon India said it had decided to discontinue Amazon Academy
Author
First Published Nov 24, 2022, 3:46 PM IST

മുംബൈ: ഇന്ത്യയിലെ ഓൺലൈൻ ലേണിംഗ് അക്കാദമി അടച്ചുപൂട്ടാൻ ഒരുങ്ങി ആമസോൺ. ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ ആണ് ആമസോണിന്റെ തീരുമാനം. 2023 ഓഗസ്റ്റ് മുതൽ രാജ്യത്തെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ പഠന പ്ലാറ്റ്‌ഫോം അടച്ച്‌പൂട്ടുമെന്നാണ് ആമസോൺ അറിയിച്ചത്. 

കഴിഞ്ഞ വർഷം ജനുവരിയിലാണ് ആമസോൺ അക്കാദമി പ്ലാറ്റ്‌ഫോം ആരംഭിച്ചത്. നിലവിലെ അക്കാദമിക് സെഷനിൽ എൻറോൾ ചെയ്തവർക്ക് മുഴുവൻ ഫീസും തിരികെ നൽകുമെന്നും ആമസോൺ അറിയിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത്  വെർച്വൽ ലേണിംഗിന്റെ കുതിച്ചുചാട്ടത്തിനിടയിലാണ് ആമസോണും ഓൺലൈൻ ലേണിംഗ് അക്കാദമി ആരംഭിച്ചത്. ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്റ് എൻട്രൻസ് എക്‌സാം (ജെഇഇ) ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് ഓൺലൈൻ ലേണിംഗ് അക്കാദമി കോച്ചിംഗ് വാഗ്ദാനം നൽകി. 

ഘട്ടം ഘട്ടമായി ആമസോൺ അക്കാദമി നിർത്തലാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് 2024 ഒക്‌ടോബർ വരെ ഒരു വർഷത്തേക്ക് മുഴുവൻ കോഴ്‌സ് മെറ്റീരിയലുകളിലേക്കും ഓൺലൈനിൽ ആക്‌സസ് ഉണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചു.

ഫിസിക്സ്, കെമിസ്ട്രി, ഗണിതം, ക്യൂറേറ്റഡ് ലേണിംഗ് മെറ്റീരിയൽ, ലൈവ് ലെക്ചറുകൾ എന്നിവയിലെ സമഗ്രമായ വിലയിരുത്തലുകൾ നടത്തി  ജെഇഇയ്ക്ക് ആവശ്യമായ ആഴത്തിലുള്ള അറിവ് വിദ്യാർത്ഥികൾക്ക് നൽകുകയാണ് ആമസോൺ ചെയ്യുക എന്നാണ് ആമസോൺ അക്കാദമി ആരംഭിക്കുന്ന സമയത്ത് പറഞ്ഞത്. 

ജോയിന്റ് എൻട്രൻസ് എക്‌സാം (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഉദ്യോഗാർത്ഥികൾക്കായി മുഴുവൻ സിലബസ് കോഴ്‌സുകളും അവതരിപ്പിക്കാൻ വിദ്യാഭ്യാസ ഗ്രൂപ്പായ ശ്രീ ചൈതന്യയുമായി കമ്പനി കൈകോർത്തിരുന്നു. 

കോവിഡ് സമയത്ത് വീടകങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ ഓൺലൈൻ കോച്ചിങ് എല്ലാവരും തേടിയെങ്കിലും ലോക്ക്ഡൗണുകൾക്ക് ശേഷം ഇന്ത്യയിലുടനീളം വീണ്ടും തുറക്കുന്ന സ്കൂളുകളുടെയും കോച്ചിംഗ് സെന്ററുകളുടെയും സമ്മർദ്ദത്തിൽ നിരവധി എഡ്‌ടെക് കമ്പനികൾ  ആടിയുലയുകയാണ്. ഒക്ടോബറിൽ, എഡ്‌ടെക് കമ്പനിയായ ബൈജൂസ് തങ്ങളുടെ 2,500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പറഞ്ഞിരുന്നു. അൺകാഡമി, ടോപ്പർ, വൈറ്റ്ഹാറ്റ് ജൂനിയർ, വേദാന്തു എന്നിവയുൾപ്പെടെയുള്ള മറ്റ്  ഡ്‌ടെക് കമ്പനികളും ഈ വർഷം ആദ്യം പിരിച്ചുവിടൽ പ്രഖ്യാപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios