റിലയന്‍സിന്റെ 'ജിയോ വേള്‍ഡ് പ്ലാസ' യുടെ ആധിപത്യത്തിന് വെല്ലുവിളിയുമായി ബിര്‍ള ഗ്രൂപ്പ് 'ഗാലറീസ് ലഫായെറ്റിനെ' ആണ് മുന്നോട്ട് വയ്ക്കുന്നത്. ഈ ആഢംബര യുദ്ധം ഇന്ത്യയുടെ ഉപഭോഗ ശീലങ്ങളെത്തന്നെ മാറ്റിമറിക്കുമോ?

ലോകോത്തര ബ്രാന്‍ഡുകളുടെ തിളക്കവും പണത്തിന്റെ കിലുക്കവും നിറഞ്ഞ പുതിയൊരു വിപണി രാജ്യത്ത് രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആഡംബര ബ്രാന്റുകളുടെ ഈ വിപണി രാജ്യത്തെ സമ്പന്നരുടെ പോക്കറ്റിന്റെ ബലത്തിലാണ് ശക്തിയാര്‍ജ്ജിക്കുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമ കുമാര്‍ മംഗലം ബിര്‍ളയും തോളോട് തോള്‍ ചേര്‍ന്ന് ഏറ്റുമുട്ടുന്ന പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് ഈ ഇന്ത്യന്‍ ആഢംബര വിപണിയില്‍ . വരും വര്‍ഷങ്ങളില്‍ 12 ബില്യണ്‍ ഡോളര്‍ കടക്കാന്‍ സാധ്യതയുള്ള ഈ പ്രൗഢിയുടെ വിപണിയില്‍, റിലയന്‍സിന്റെ 'ജിയോ വേള്‍ഡ് പ്ലാസ' യുടെ ആധിപത്യത്തിന് വെല്ലുവിളിയുമായി ബിര്‍ള ഗ്രൂപ്പ് 'ഗാലറീസ് ലഫായെറ്റിനെ' ആണ് മുന്നോട്ട് വയ്ക്കുന്നത്. ഗുച്ചിയും ഡിയോറും മുതല്‍ സബ്യസാചിയും തരുണ്‍ താഹിലിയാനിയും വരെ അണിനിരക്കുമ്പോള്‍, ഈ ആഢംബര യുദ്ധം ഇന്ത്യയുടെ ഉപഭോഗ ശീലങ്ങളെത്തന്നെ മാറ്റിമറിക്കുമോ?

ആദിത്യ ബിര്‍ള ഗ്രൂപ്പുമായി സഹകരിച്ച് ലോകപ്രശസ്ത ഫ്രഞ്ച് ആഢംബര ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറായ 'ഗാലറീസ് ലഫായെറ്റ്' മുംബൈയില്‍ ആരംഭിച്ചതാണ് മത്സരത്തിന് തീവ്രത കൂട്ടിയത്. ഗുച്ചി , ഡിയോര്‍ തുടങ്ങി ഡസന്‍ കണക്കിന് ലോകോത്തര ബ്രാന്‍ഡുകളുടെ ബൂട്ടിക്കുകള്‍ ഉള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 'ജിയോ വേള്‍ഡ് പ്ലാസ' ലക്ഷ്യമിടുന്ന അതേ ഉപഭോക്തൃ വിഭാഗത്തെയാണ് പുതിയ സംരംഭവും ഉന്നമിടുന്നത്. ഇതോടെ ഇരു കോര്‍പ്പറേറ്റ് ഭീമന്മാരും തമ്മിലുള്ള മത്സരം ശക്തമായി. രാജ്യത്തെ ഈ ആഡംബര ബ്രാന്റ് വിപണി ഒരു വഴിത്തിരിവിലാണെന്നും, ഇതേ മേഖലയില്‍ കുതിച്ചുയര്‍ന്ന ചൈനയുടെ വിപണിക്ക് 15-20 വര്‍ഷം പിന്നിലാണ് ഇന്ത്യയെന്നുമാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. അതായത് ഇന്ത്യയുടെ ഈ മേഖലയുടെ വളര്‍ച്ച വരാനിരിക്കുന്നതേയുള്ളൂ എന്ന് ചുരുക്കം.

വ്യത്യസ്തമായ തന്ത്രങ്ങള്‍

റിലയന്‍സ് റീട്ടെയ്‌ലും ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയ്‌ലും അതിവേഗമാണ് റീട്ടെയില്‍ വിപണിയില്‍ ചുവടുവെയ്ക്കുന്നത്. എന്നാല്‍ ഇരുവരും സ്വീകരിക്കുന്നത് വ്യത്യസ്തമായ തന്ത്രങ്ങളാണ്.

റിലയന്‍സ് ബ്രാന്‍ഡ്സ് : ബാലെന്‍സിയാഗ , ബര്‍ബെറി , ടിഫാനി & കോ ഉള്‍പ്പെടെ 90-ല്‍ അധികം പ്രീമിയം, ആഢംബര ബ്രാന്‍ഡുകളുടെ വന്‍ ശേഖരം റിലയന്‍സ് ബ്രാന്‍ഡ്സ് സ്വന്തമാക്കിയിട്ടുണ്ട്. ഇവയില്‍ പലതും ദീര്‍ഘകാല ഫ്രാഞ്ചൈസി കരാറുകളാണ് . കൂടാതെ, മനീഷ് മല്‍ഹോത്ര, അബു ജാനി സന്ദീപ് ഖോസ്ല തുടങ്ങിയ പ്രമുഖ ഡിസൈനര്‍മാരുടെ സ്ഥാപനങ്ങളില്‍ ഓഹരികള്‍ വാങ്ങിക്കൊണ്ട് ഇന്ത്യന്‍ കൗച്ചര്‍ രംഗത്തേക്കും റിലയന്‍സ് കടന്നു കയറി.

ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടൈല്‍ : പ്രശസ്ത ഇന്ത്യന്‍ ഡിസൈനര്‍മാരായ സബ്യസാചി , തരുണ്‍ താഹിലിയാനി എന്നിവരുടെ സ്ഥാപനങ്ങളില്‍ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിക്കൊണ്ട് തദ്ദേശീയമായ എത്നിക് ആഢംബര മേഖലയിലാണ് എ.ബി.എഫ്.ആര്‍.എല്‍. ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വിദേശ ഷോപ്പിംഗ് ശീലം മാറും

സമ്പന്നരായ ഇന്ത്യക്കാര്‍ ആഢംബര വസ്തുക്കള്‍ വിദേശത്ത് നിന്ന് വാങ്ങാനാണ് ഇഷ്ടപ്പെട്ടിരുന്നത്. ഇതാണ് ഇന്ത്യയിലെ ആഢംബര വിപണിയുടെ വളര്‍ച്ചയ്ക്ക് തടസ്സമായി നിന്ന ഒരു പ്രധാന ഘടകം. എന്നാല്‍, ലോകത്തിലെ ഏറ്റവും വലിയ ആഢംബര ബ്രാന്‍ഡുകളുടെ കടന്നുവരവും ജിയോ വേള്‍ഡ് പ്ലാസ, ഗാലറീസ് ലഫായെറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരവും ഈ രീതി മാറ്റുമെന്നാണ് പ്രതീക്ഷ.ഗാലറീസ് ലഫായെറ്റ് മാത്രം 250-ല്‍ അധികം ബ്രാന്‍ഡുകളാണ് അവതരിപ്പിക്കുന്നത്. ഗിവാന്‍ഷി , ബാല്‍മെയ്ന്‍ , ജില്‍ സാന്‍ഡര്‍ , മെയ്സണ്‍ മാര്‍ഗെല ഉള്‍പ്പെടെ ഇതില്‍ 70% ബ്രാന്‍ഡുകളും ആദ്യമായിട്ടാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്.