വാവെയ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മാങ് വാങ്ചോ കാനഡയിലെ അവരുടെ വീട്ടുതടങ്കലിനെപ്പറ്റി തന്‍റെ ജീവനക്കാര്‍ക്ക് സങ്കടകരമായ ഇ -മെയില്‍ സന്ദേശം അയച്ചു. വാവെയ് ജീവനക്കാരില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് അവര്‍ ഇ -മെയിലിലൂടെ നന്ദി അറിയിച്ചു. ജീവനക്കാര്‍ക്ക് തന്നെക്കുറിച്ചുളള കരുതലിന് മാങ് വാങ്ചോ കത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. 

"നിയന്ത്രണമുളള പരിമിതമായ ഇടം" കഴിഞ്ഞ ആറ് മാസമായി തടവില്‍ കഴിഞ്ഞ കാനഡയിലെ വാന്‍കൂവര്‍ പ്രവശ്യയിലെ വീടിനെക്കുറിച്ച് മാങ് വാങ്ചോ പറയുന്നത് ഇങ്ങനെയാണ്. എന്നാല്‍, അവരെ കനേഡിയന്‍ സര്‍ക്കാര്‍ താമസിപ്പിച്ചത് എല്ലാവിധ സൗകര്യങ്ങളുമുളള വീട്ടിലായിരുന്നുവെന്നാണ് റോയിട്ടേഴ്സ് അടക്കമുളള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മാങിന് ഉന്നതരായ അഭിഭാഷകരെ സമീപിക്കാനും നിയന്ത്രണങ്ങളുടെ ഉള്ളില്‍ നിന്നുകൊണ്ട് വാന്‍കൂവറില്‍ താമാസിക്കാനും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ചെയ്ത് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതേകാലയളവില്‍ ചൈനയില്‍ തടവിലായിരുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ഈ പരിഗണനകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. 

മാങ്ങിന്‍റെ അറസ്റ്റ്

2018 ഡിസംബര്‍ ഒന്നിനാണ് മാങിനെ വാന്‍കൂവര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത്. അമേരിക്കന്‍ സര്‍ക്കരിന്‍റെ വാറന്‍ഡിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഇറാനില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുമായി വാവെയ്ക്ക് കുറ്റകരമായ സാമ്പത്തിക ഇപാടുകളുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു നടപടി. വാവെയ് സ്ഥാപകനായ ചൈനീസ് കോടീശ്വരന്‍ റന്‍ സെങ്ഫൈയുടെ മകളാണ് മാങ്.

ഇതേകാലത്താണ് മൈക്കിള്‍ സ്പാവോര്‍, മൈക്കിള്‍ കോവ്റിഗ് എന്നീ കനേഡിയന്‍ പൗരന്മാരെ ചൈന അറസ്റ്റ് ചെയ്യുന്നത്. ബിസിനസ്സുകാരനായ മൈക്കിള്‍ സ്പാവോര്‍ ഉത്തര കൊറിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ നയതന്ത്ര വിദഗ്ധനാണ് അറസ്റ്റിലായ മൈക്കിള്‍ കോവ്റിഗ്. എന്നാല്‍, ഇരുവര്‍ക്കും മാങ്ങിന് ലഭിച്ച അവകാശങ്ങള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

വാവെയ് ചൈനീസ് സര്‍ക്കാരിന്‍റെ ചാരന്മാരോ? 

ചൈനീസ് സര്‍ക്കാരുമായി ബന്ധമുളള കമ്പനിയാണ് വാവെയ്. ഉപകരണങ്ങളിലൂടെ വിവരം ചോര്‍ത്തലും ചാരപ്പണിയും നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും വാവെയ്ക്കെതിരെ കര്‍ശന നടപടി തുടങ്ങിയത്. ലോക സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനക്കാരാണ് വാവെയ്. നിലവില്‍ അമേരിക്കന്‍ ടെക് കമ്പനികളുടെ ഉപരോധം നേരിടുകയാണ് അവര്‍. യുഎസ് സര്‍ക്കാര്‍ ചൈനീസ് കമ്പനിക്ക് ഏര്‍പ്പെടുത്തിയ വിലക്കിന്‍റെ തുടര്‍ച്ചയാണ് ഈ ഉപരോധം. യുഎസ് - ചൈന വ്യാപാര യുദ്ധത്തിനുളള ഒരു കാരണം കൂടിയാണ് വാവെയ് വിലക്കും മാങ്ങിന്‍റെ അറസ്റ്റും. 

ഇതോടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന വാവെയ്, ഓണര്‍ ഫോണുകളില്‍ ഗൂഗിളിന്‍റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമോ ആപ്പുകളോ ലഭിക്കില്ല. ക്വാല്‍കോം പോലെയുളള ചിപ്പ് നിര്‍മാതാക്കള്‍ സപ്ലൈ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചതും വാവെയ്ക്ക് ഭീഷണിയാണ്. ഇതോടെ സ്വന്തം നിലയ്ക്ക് ഇവ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ കമ്പനി ശ്രമിച്ചേക്കും ഇത് വന്‍ ടെക് യുദ്ധത്തിലേക്ക് ലോകത്തെ തള്ളിവിട്ടേക്കാം. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.