ഇന്ത്യന്‍ കരസേനയ്ക്ക് ആറ് ഹെലികോപ്റ്ററുകള്‍ നല്‍കാനുള്ള കരാറിന്റെ ഭാഗമായാണ് അമേരിക്കന്‍ എയ്റോസ്പേസ് ഭീമനായ ബോയിംഗ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൈമാറിയത്.

താണ്ട് ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ കരസേനയുടെ ഭാഗമായിരിക്കുകയാണ് അപാച്ചെ ഹെലികോപ്റ്ററുകള്‍. ഇന്ത്യന്‍ കരസേനയ്ക്ക് ആറ് ഹെലികോപ്റ്ററുകള്‍ നല്‍കാനുള്ള കരാറിന്റെ ഭാഗമായാണ് അമേരിക്കന്‍ എയ്റോസ്പേസ് ഭീമനായ ബോയിംഗ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ കൈമാറിയത്. ലോകത്തിലെ ഏറ്റവും നൂതനമായ മള്‍ട്ടി-റോള്‍ കോംബാറ്റ് ഹെലികോപ്റ്ററുകളില്‍ ഒന്നാണ് എഎച്ച്-64 അപ്പാച്ചെ. ഇത് യുഎസ് സൈന്യവും ഉപയോഗിക്കുന്നുണ്ട്. 2017-ല്‍ ആണ് പ്രതിരോധ മന്ത്രാലയം ഇന്ത്യന്‍ കരസേനയ്ക്കായി 4,168 കോടി രൂപ മുടക്കി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകളും ആയുധ സംവിധാനങ്ങളും വാങ്ങാന്‍ അനുമതി നല്‍കിത് . കരസേനയ്ക്കുള്ള അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ വിതരണം 2024-ല്‍ ആരംഭിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ആറ് ഹെലികോപ്റ്ററുകള്‍ രണ്ട് ബാച്ചുകളായി (ഓരോന്നിലും മൂന്ന് വീതം) എത്തിക്കാനായിരുന്നു ആദ്യ പദ്ധതി. ഒരു വര്‍ഷത്തിലേറെ വൈകിയാണെങ്കിലും, ആദ്യ ബാച്ച് ഒടുവില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.

കരസേനയ്ക്ക് ഇനി അപാച്ചെയുടെ കരുത്ത്

2024-ല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ കരസേനയുടെ ഏവിയേഷന്‍ കോര്‍പ്‌സിലെ പൈലറ്റുമാര്‍ ആണ് ഈ ഹെലികോപ്റ്ററുകള്‍ പറത്തുക. 2024 മാര്‍ച്ചില്‍ ജോധ്പൂരില്‍ ആര്‍മി ഏവിയേഷന്‍ കോര്‍പ്‌സ് സ്ഥാപിച്ചത് മുതല്‍ ഈ ഹെലികോപ്റ്ററുകള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു. പുതുതായി പരിശീലനം ലഭിച്ച ഏവിയേഷന്‍ കോര്‍പ്‌സ്, കരസേനയുടെ ഓപ്പറേഷന്‍ ടീമിന്റെ ഒരു പ്രധാന ഭാഗമാണ്. ഇത് നിരവധി ദൗത്യങ്ങള്‍ക്ക് വ്യോമ പിന്തുണ നല്‍കും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം, ഈ ഹെലികോപ്റ്ററുകള്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഒരു നിര്‍ണായക സ്ഥാനം വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യന്‍ വ്യോമസേന 2015-ല്‍ ഒപ്പുവെച്ച മറ്റൊരു കരാര്‍ പ്രകാരം 22 അപാച്ചെ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ബോയിംഗിന്റെ അപ്പാച്ചെ: ആകാശയുദ്ധത്തിലെ അജയ്യന്‍!

ലോകത്തിലെ ഏറ്റവും അത്യാധുനികവും യുദ്ധമുഖത്ത് കഴിവ് തെളിയിച്ചതുമായ ആക്രമണ ഹെലികോപ്റ്ററാണ് അപാച്ചെ . അഞ്ചു ദശലക്ഷത്തിലധികം ഫ്‌ലൈറ്റ് മണിക്കൂറുകളും, അതില്‍ 1.3 ദശലക്ഷം യുദ്ധമുഖത്തെ പ്രവര്‍ത്തനങ്ങളും ആണ് അപാച്ചെയുടെ പ്രവര്‍ത്തന ചരിത്രം. 1,280-ലധികം ഹെലികോപ്റ്ററുകളാണ് നിലവില്‍ സേവനത്തിലുള്ളത്. യുഎസ് സൈന്യത്തിന്റെ ആക്രമണ ഹെലികോപ്റ്റര്‍ വ്യൂഹത്തിന്റെ നട്ടെല്ലാണ് AH-64 അപാച്ചെ. കൂടാതെ, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ പ്രതിരോധ സേനകളുടെ അവിഭാജ്യ ഘടകവുമാണ് ഇത്. അപാച്ചെ ഹെലികോപ്റ്ററിന്റെ നീളം ഏകദേശം 17.76 മീറ്ററാണ്. റഡാര്‍ ഡോമിന്റെ മുകള്‍ഭാഗം വരെ 4.64 മീറ്റര്‍ ഉയരമുണ്ട്. പ്രധാന റോട്ടറിന്റെ വ്യാസം 14.63 മീറ്ററാണ് .8,000 കിലോഗ്രാം ആണ് ഭാരം. രണ്ട് ജനറല്‍ ഇലക്ട്രിക് ടര്‍ബോ ഷാഫ്റ്റ് എന്‍ജിനുകളാണ് അപാച്ചെയ്ക്ക് കരുത്തേകുന്നത്. മണിക്കൂറില്‍ 303 കിലോമീറ്റര്‍ വരെ വേഗതയില്‍ പറക്കാന്‍ സാധിക്കും. സാധാരണ വേഗത മണിക്കൂറില്‍ 265 കിലോമീറ്ററാണ് . ആയുധങ്ങളില്ലാതെ, അധിക ഇന്ധനം നിറച്ച് പറക്കുകയാണെങ്കില്‍ 1,896 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ അപാച്ചെയ്ക്ക് കഴിയും. പൂര്‍ണ്ണമായ യുദ്ധോപകരണങ്ങളും ഇന്ധനവും നിറച്ച ഒരു അപാച്ചെയ്ക്ക് 2.5 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ആകാശത്ത് തങ്ങിനില്‍ക്കാന്‍ സാധിക്കും.

AH-64-ന്റെ ഒരു പ്രധാന സവിശേഷത അതിന്റെ മടക്കാവുന്നതും 4 ബ്ലേഡുകളുള്ളതുമായ കോമ്പോസിറ്റ് പ്രൊപ്പല്ലറാണ്. ഇത് ഹെലികോപ്റ്റര്‍ പൂര്‍ണ്ണമായി പൊളിച്ചുമാറ്റാതെ തന്നെ C-17 ഗ്ലോബ്മാസ്റ്റര്‍, C-5 ഗാലക്‌സി അല്ലെങ്കില്‍ മറ്റ് സൈനിക ഗതാഗത വിമാനങ്ങളില്‍ കയറ്റി കൊണ്ടുപോകാന്‍ സഹായിക്കുന്നു. ഇത് അടിയന്തര സാഹചര്യങ്ങളില്‍ അപാച്ചെയുടെ വിന്യാസം എളുപ്പമാക്കുന്നു. അപാച്ചെ ഹെലികോപ്റ്ററുകളില്‍ ഏറ്റവും നവീനമായ ഏവിയോണിക്‌സും ഇലക്ട്രോണിക് സംവിധാനങ്ങളുമുണ്ട്. ആധുനിക യുദ്ധക്കളത്തിലെ എല്ലാ സൈനികരുടെയും ഇന്റര്‍നെറ്റ്/ഇന്‍ട്രാനെറ്റ് ശേഷി വര്‍ദ്ധിപ്പിക്കുന്ന സോഫ്റ്റ്വെയറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ AH-64 മോഡലുകളില്‍ ഒരു ഓട്ടോമേറ്റഡ് സ്റ്റെബിലിറ്റി ഓഗ്മെന്റേഷന്‍ സിസ്റ്റവും ഡിജിറ്റല്‍ ഓട്ടോപൈലറ്റ് സംവിധാനവുമുണ്ട്. അതുവഴി വിമാനം നിയന്ത്രിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. മറ്റ് യുഎസ് സൈനിക വിമാനങ്ങളെപ്പോലെ, മിസൈല്‍ ആക്രമണം കണ്ടെത്തിയാല്‍ സ്വയമേവ ഫ്‌ലെയറുകള്‍ വിന്യസിക്കുന്ന ഒരു പാസീവ് ഇന്‍ഫ്രാറെഡ് കൗണ്ടര്‍മെഷര്‍ സിസ്റ്റവും അപാച്ചെയ്ക്കുണ്ട്.

മാരകമായ ആയുധശേഖരം

അപാച്ചെ അതിന്റെ ആയുധശേഖരം കൊണ്ടും ശ്രദ്ധേയമാണ്. യുദ്ധക്കളത്തിലെ ആവശ്യകതകള്‍ക്കനുസരിച്ച് ലേസര്‍ അല്ലെങ്കില്‍ റേഡിയോ ഫ്രീക്വന്‍സി (റഡാര്‍) ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന, ഹെല്‍ഫയര്‍ മിസൈലുകള്‍ 16 എണ്ണം വരെ വഹിക്കാന്‍ ഇതിന് കഴിയും. കൂടാതെ, ഓരോന്നിലും 19 ഹൈഡ്ര റോക്കറ്റുകള്‍ വീതമുള്ള രണ്ട് പോഡുകള്‍ വഹിക്കാനും ഇതിന് ശേഷിയുണ്ട്. ഇത് വ്യോമ പ്രതിരോധത്തിനോ കരയിലെ ലക്ഷ്യങ്ങളെ ആക്രമിക്കാനോ ഉപയോഗിക്കാം. എന്നാല്‍, അപാച്ചെയുടെ ഏറ്റവും പ്രശസ്തവും ആകര്‍ഷകവുമായ ആയുധം അതിന്റെ M230 ഇലക്ട്രിക്കലി സൈക്കിള്‍ഡ്, 30 മില്ലിമീറ്റര്‍ ചെയിന്‍ ഗണ്‍ (ഓട്ടോ-കാനണ്‍) ആണ്. ഈ ഗണ്ണിന് മിനിറ്റില്‍ 650 റൗണ്ടുകള്‍ വരെ ഉതിര്‍ക്കാന്‍ ശേഷിയുണ്ട്. ഒരു മിനിറ്റില്‍ 300 റൗണ്ട് എന്ന നിരക്കിലാണ് സാധാരണ ഇത് ഉപയോഗിക്കുന്നത്.

ഹെല്‍മെറ്റ് ഘടിപ്പിച്ച ലക്ഷ്യനിര്‍ണയ സംവിധാനം

അപാച്ചെയുടെ വിപ്ലവകരമായ സവിശേഷതകളില്‍ ഒന്നാണ് ഇന്റഗ്രേറ്റഡ് ഹെല്‍മെറ്റ് ആന്‍ഡ് ഡിസ്‌പ്ലേ സൈറ്റിംഗ് സിസ്റ്റം . ഇത് ഉപയോഗിച്ച്, പൈലറ്റിനോ കോപൈലറ്റിനോ ഹൈഡ്രോളിക് ആയി പ്രവര്‍ത്തിക്കുന്ന എം230 കാനോണ്‍ തങ്ങളുടെ ഹെല്‍മെറ്റിന്റെ ചലനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയും. അങ്ങനെ കാനോണ്‍ അവരുടെ തലയുടെ ചലനങ്ങള്‍ക്കനുസരിച്ച് സ്വയമേവ നീങ്ങുകയും, പൈലറ്റ്/ഗണ്ണര്‍ ഹെല്‍മെറ്റ് ഐപീസ് റെറ്റിക്കിളിലൂടെ നോക്കുന്നിടത്ത് ലക്ഷ്യം കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഇത് യുദ്ധക്കളത്തില്‍ അതീവ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. ഒരു പൈലറ്റും (പിന്‍സീറ്റില്‍) ഒരു കോ-പൈലറ്റ്/ഗണ്ണറും (ഇജഏ മുന്‍സീറ്റില്‍) ചേര്‍ന്നതാണ് അപ്പാച്ചെ ക്രൂ. രണ്ട് പേര്‍ക്കും അപ്പാച്ചെ പറത്താന്‍ അംഗീകാരമുണ്ട്, കൂടാതെ രണ്ട് സീറ്റുകളിലും നിയന്ത്രണ സംവിധാനങ്ങളുണ്ട്.

അപാച്ചെ ഉപഭോക്താക്കള്‍:

1984 ജനുവരിയിലാണ് ബോയിംഗ് ആദ്യത്തെ യുഎസ് ആര്‍മി അപാച്ചെ കൈമാറിയത്. അതിനുശേഷം യുഎസ് ആര്‍മിയും മറ്റ് രാജ്യങ്ങളും ചേര്‍ന്ന് 2,700-ലധികം AH-64 അപാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ ഈജിപ്ത്, ഗ്രീസ്, ഇന്തോനേഷ്യ, ഇസ്രായേല്‍, ജപ്പാന്‍, കൊറിയ, കുവൈറ്റ്, നെതര്‍ലന്‍ഡ്സ്, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് അപ്പാച്ചെയുടെ ഉപഭോക്താക്കള്‍.