മുംബൈയിലെത്തിയ ആപ്പിൾ സിഇഒ  ടിം കുക്ക് വടാപാവ് ആസ്വദിച്ച് കഴിക്കുന്ന ചിത്രമാണ് വൈറലാകുന്നത്

മുംബൈയിലെത്തിയാൽ വടാപാവിന്റെ രുചി ആസ്വദിച്ചില്ലെങ്കിൽപ്പിന്നെ എന്തിനാണ്? അതെ മുംബൈ സന്ദർശനത്തിനിടയിൽ ഒരു തവണയെങ്കിലും വടാപാവ് രുചിക്കാത്തവർ കുറവായിരിക്കും. ആപ്പിൾ സിഇഒയും പതിവ് തെറ്റിച്ചിട്ടില്ല. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്നതിനായി മുംബൈയിലെത്തിയ ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് വടാപാവ് ആസ്വദിച്ച് കഴിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. മറ്റാരുമല്ല ബോളിവുഡ് നടി മാധുരി ദീക്ഷിതാണ് ടിം കുക്കിന് മുംബൈയിൽ സൂപ്പർ സ്ട്രീറ്റ് ഫുഡായ വടാപാവ് പരിചയപ്പെടുത്തിയത്.

മുംബെയിലേക്ക് വടപാവ് നൽകുന്നതിനേക്കാൾ മികച്ച സ്വാഗതത്തെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നാണ് മാധുരി ട്വിറ്ററിൽ കുറിച്ചത്. ടിം കുക്കിനൊപ്പം വടപാവ് ആസ്വദിക്കുന്ന ചിത്രവും മാധുരി ദീക്ഷിത് പങ്കുവെച്ചിട്ടുണ്ട്. 'എനിക്ക് വടാപാവ് പരിചയപ്പെടുത്തിയതിന് നന്ദി, അത് രുചികരമായിരുന്നു' എന്നാണ് മാധുരിക്ക് നന്ദി പറഞ്ഞുകൊണ്ട് ആപ്പിൾ സിഇഒ ട്വീറ്റ് ചെയ്തത്. മാത്രമല്ല ടിം കുക്ക് മാധുരി ദീക്ഷിതിനൊപ്പം വടാപാവ് ആസ്വദിച്ച് കഴിക്കുന്ന ചിത്രവും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ആപ്പിൾ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്നതിനായി ഇന്ത്യയിലെത്തിയ കുക്ക്, നിരവധി പ്രമുഖരെയും സന്ദർശിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ നിർമ്മാതാക്കളുടെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റോർ മുംബൈയിലെ ബികെസി ബിസിനസ് ഡിസ്ട്രിക്റ്റിൽ ടിം കുക്ക് ഉദ്ഘാടനം ചെയ്തു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് സ്റ്റോറിന്റെ പ്രവർത്തനം. കമ്പനി ഇന്ത്യയിൽ 25 വർഷക്കാലം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക സ്റ്റോർ ആരംഭിക്കുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിനുള്ളിൽ 22,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് മുംബൈ സ്റ്റോർ.വർഷങ്ങളായി ഇന്ത്യയിൽ ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്ന ബ്രാന്റിന്റെ രാജ്യത്തെ സുപ്രധാന ചുവടുവെപ്പാണ് ഈ ആപ്പിൾ സ്റ്റോറുകൾ.