യുഎസ് ഓഹരി വിപണിയിലെ ടെക് സൂചികയായ നാസ്ഡാക്കിലെ ഇടിവാണ് ലോകസമ്പന്നര്‍ക്ക് തിരിച്ചടിയായത്.

ചാറ്റ് ജിപിടിയും ഗൂഗിളിന്‍റെ ജെമിനിയുമെല്ലാം അരങ്ങ് വാഴുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലേക്ക് ഒരു ചൈനീസ് കമ്പനി കടന്നുവരുന്നു..വെറും ഒരു വര്‍ഷത്തിനിടെ വമ്പന്‍മാരെയെല്ലാം തറപറ്റിച്ച് ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുന്നു. പറഞ്ഞുവരുന്നത് ഡീപ്സീക്കിനെ കുറിച്ചാണ്...കണ്ണടച്ചു തുറക്കുംമുമ്പ് ഡീപ് സീക്ക് കാരണം ലോകസമ്പന്നര്‍ക്ക് നഷ്ടം 9.25 ലക്ഷം കോടി രൂപ. ചൈനീസ് എഐയുടെ കടന്നുവരവ് ഉണ്ടാക്കിയ ആഘാതത്തില്‍ യുഎസ് ഓഹരി വിപണിയിലെ ടെക് സൂചികയായ നാസ്ഡാക്കിലെ ഇടിവാണ് ലോകസമ്പന്നര്‍ക്ക് തിരിച്ചടിയായത്.

എന്താണ് ഡീപ്സീക്ക്
ചൈനയിലെ ഹാങ്ഷൗ ആസ്ഥാനമായുള്ള ഡീപ്സീക്ക് 2023 മുതല്‍ വിവിധ എഐ മോഡലുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ അതിന്‍റെ സൗജന്യ ഡീപ്സീക്ക് ആര്‍ വണ്‍ ചാറ്റ്ബോട്ട് ആപ്പ് ലോകമെമ്പാടും തംരംഗമായതോടെ ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി.ആളുകള്‍ ഇടിച്ചുകയറിയതോടെ നിലവില്‍ പുതിയതായി ഡീപ്സീക്കില്‍ ലോഗിന്‍ ചെയ്യുന്നതിന് തടസം നേരിടുന്നുണ്ട്. 
തങ്ങളുടെ എഐ മോഡല്‍ വികസിപ്പിക്കാന്‍ വെറും 56 ലക്ഷം ഡോളര്‍ മാത്രമാണ് ചെലവായതെന്ന് ഡീപ്സീക്ക് പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി യുഎസ് ഓഹരി വിപണികളില്‍ മുന്നിലുണ്ടായിരുന്ന എഐ ബന്ധമുള്ള കമ്പനികളുടെ ഉടമകളായ ശതകോടീശ്വരന്മാര്‍ക്ക് ഡീപ്സീക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു.

ഡീപായി തകര്‍ന്നവര്‍
എന്‍വിഡിയ കോര്‍പ്പ് സഹസ്ഥാപകന്‍ ജെന്‍സന്‍ ഹുവാങ്ങിന്‍റെ സമ്പത്ത് 20% കുറഞ്ഞ് 20.1 ബില്യണ്‍ ഡോളറിലെത്തി, ഒറാക്കിള്‍ കോര്‍പ്പ് സഹസ്ഥാപകന്‍ ലാറി എലിസണിന് 22.6 ബില്യണ്‍ ഡോളര്‍ നഷ്ടമായി. ഡെല്‍ ഇന്‍കോര്‍പ്പറേറ്റഡിന്‍റെ മൈക്കല്‍ ഡെല്ലിന് 13 ബില്യണ്‍ ഡോളറും, ബിനാന്‍സ് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്‍റെ സഹസ്ഥാപകനായ ചാങ്പെങ് സിഇസെഡ് ഷാവോയ്ക്ക് 12.1 ബില്യണ്‍ ഡോളറും നഷ്ടമായി. സാങ്കേതിക മേഖലയിലെ വമ്പന്‍ കമ്പനികളുടെ 94 ബില്യണ്‍ ഡോളറിന്‍റെ സമ്പത്ത് ഒഴുകിപ്പോയി.