2021-ന് ശേഷം ഓഹരി വിപണിയിൽ എത്തിയ 11 വമ്പൻ ഐപിഒകളിൽ ഏഴെണ്ണവും ഇഷ്യൂ വിലയ്ക്കും താഴെയാണ് വ്യാപാരം ചെയ്യുന്നത്. ഈ ഏഴ് കമ്പനികളുടെ ഇന്നത്തെ മൂല്യം 15.3 ശതമാനം ഇടിഞ്ഞ് 88,979 കോടി രൂപയായി ചുരുങ്ങി. എൽ.ജി ഇലക്ട്രോണിക്സ്, ഐ.സി.ഐ.സി.ഐ പ്രുഡൻഷ്യൽ തുടങ്ങിയവ മികച്ച ലാഭം നൽകിയപ്പോൾ എൽ.ഐ.സി, പേടിഎം, എൻ.എസ്.ഇ തുടങ്ങിയവ നിക്ഷേപകരെ നിരാശപ്പെടുത്തി.

ഓഹരി വിപണിയില്‍ എത്തുന്ന വലിയ ഐപിഒകളെല്ലാം നിക്ഷേപകര്‍ക്ക് വന്‍ ലാഭം നല്‍കണമെന്നില്ലെന്ന് കണക്കുകള്‍. 2021-ന് ശേഷം വിപണിയില്‍ എത്തിയ, 9,500 കോടി രൂപയ്ക്ക് മുകളില്‍ സമാഹരിച്ച 11 വമ്പന്‍ ഐപിഒകളില്‍ ഏഴെണ്ണവും ഇപ്പോള്‍ ട്രേഡ് ചെയ്യുന്നത് അവയുടെ ഇഷ്യൂ വിലയ്ക്കും താഴെയാണ്. ഈ സെപ്റ്റംബറില്‍ 22,563 കോടി രൂപ സമാഹരിച്ച എന്‍.എസ്.ഇയും ഇതില്‍പ്പെടും.

ഈ ഏഴ് കമ്പനികള്‍ ചേര്‍ന്ന് 1.05 ലക്ഷം കോടി രൂപയാണ് ഐപിഒ വഴി വിപണിയില്‍ നിന്ന് സമാഹരിച്ചത്. എന്നാല്‍ ഇവരുടെ ഇന്നത്തെ മൂല്യം 15.3 ശതമാനം ഇടിഞ്ഞ് 88,979 കോടി രൂപയായി ചുരുങ്ങിയിരിക്കുകയാണ്.

നിരാശപ്പെടുത്തി വമ്പന്മാര്‍

സ്വിഗ്ഗിയുടെ ഓഹരികള്‍ ഇഷ്യൂ വിലയേക്കാള്‍ 35 ശതമാനം താഴെയാണ്. പേടിഎം മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ഇഷ്യൂ വിലയേക്കാള്‍ 22 ശതമാനം താഴെയാണ് ട്രേഡ് ചെയ്യുന്നത്. എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി, എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , അടുത്തിടെ ലിസ്റ്റ് ചെയ്ത എസ്.ബി.ഐ ഫണ്ട് മാനേജ്‌മെന്റ് എന്നിവയുടെ ഓഹരികളും 10 ശതമാനം മുതല്‍ 17 ശതമാനം വരെ നഷ്ടത്തിലാണ് നില്‍ക്കുന്നത്.

അതേസമയം, അവശേഷിക്കുന്ന നാല് ഓഹരികളില്‍ ടാറ്റാ ക്യാപിറ്റല്‍ ഇഷ്യൂ വിലയായ 326 രൂപയേക്കാള്‍ 1.5 ശതമാനം ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഇഷ്യൂ വിലയേക്കാള്‍ 7 ശതമാനം നേട്ടത്തിലുമാണ്. എന്നാല്‍ എല്‍.ജി ഇലക്ട്രോണിക്‌സ് ഇന്ത്യ, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ് മാനേജ്മെന്റ് കമ്പനി എന്നീ ഓഹരികള്‍ നിക്ഷേപകര്‍ക്ക് മികച്ച ലാഭം നല്‍കി. ഇവ യഥാക്രമം 53 ശതമാനവും 50 ശതമാനവും നേട്ടമാണ് ഉണ്ടാക്കിയത്.

എന്‍.എസ്.ഇക്കും കാലിടറി

സെപ്റ്റംബര്‍ 24-ന് ലിസ്റ്റ് ചെയ്ത നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെഓഹരികളും ഈയാഴ്ച ഇഷ്യൂ വിലയ്ക്കും താഴെയായി. ചൊവ്വാഴ്ച 1,769.30 രൂപയിലാണ് എന്‍.എസ്.ഇ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 1,785 രൂപയായിരുന്നു ഇവയുടെ ഇഷ്യൂ വില. ലിസ്റ്റിംഗ് ദിനത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,878 രൂപയില്‍ നിന്ന് 6 ശതമാനത്തിന്റെ ഇടിവാണ് ഓഹരിക്ക് ഉണ്ടായത്. 2026 സെപ്റ്റംബര്‍ 28-ന് ഓഹരി വില 1,761 രൂപ എന്ന കുറഞ്ഞ നിരക്കിലും എത്തിയിരുന്നു.

പ്രൈം ഡാറ്റാബേസിന്റെ കണക്കുകള്‍ പ്രകാരം, രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐപിഒ ആയിരുന്നു എന്‍.എസ്.ഇയുടേത്. 2024 ഒക്ടോബറില്‍ 27,859 കോടി രൂപ സമാഹരിച്ച ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.