Asianet News MalayalamAsianet News Malayalam

ഹിൻഡൻബെർഗ് റിപ്പോർട്ടിൽ അടിതെറ്റി അദാനി, സെബി അന്വേഷണം; മൗനം തുടർന്ന് കേന്ദ്രം, വിമർശിച്ച് കോൺഗ്രസ്

അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന യുഎസ് ഫൊറന്‍സിക് ഫിനാൻഷ്യല്‍ റിസർച്ച് സ്ഥാപനത്തിന്‍റെ കണ്ടെത്തല്‍ വൻ വിവാദമാകുമ്പോഴാണ് ഹിന്‍ഡൻബെർഗ് റിപ്പോർട്ട് സെബി പരിശോധിക്കുന്നത്.

 

bjp central government did not respond to hindenburg research report on adani
Author
First Published Jan 27, 2023, 6:19 PM IST

ദില്ലി : ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, അടിതെറ്റി അദാനി ഗ്രൂപ്പ്. ഓഹരിവിപണിയിൽ ഇന്നും അദാനി ഗ്രൂപ്പ് കൂപ്പ് കുത്തി. ഹിൻ‍‍ഡൻബ‍ർഗ് റിപ്പോർട്ടിന് പുറത്ത് വന്നതിന് പിന്നാലെ രണ്ട് ദിവസം കൊണ്ട് ഏകദേശം 4.2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. ലോക സമ്പന്നരുടെ പട്ടികയിൽ അദാനി ഏഴാം സ്ഥാനത്തേക്കും പതിച്ചു. 

അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബെർഗ് റിസേർച്ചിന്‍റെ കണ്ടെത്തലുകളിൽ സെക്യൂരിറ്റിസ് ആന്‍റ് എകസ്ചേ‌ഞ്ച് ബോർഡ് ഓഫ് ഇന്ത്യയും പരിശോധന നടത്തും. നിലവില്‍ അദാനിക്കെതിരെ നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് പരിശോധന. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന യുഎസ് ഫൊറന്‍സിക് ഫിനാൻഷ്യല്‍ റിസർച്ച് സ്ഥാപനത്തിന്‍റെ കണ്ടെത്തല്‍ വൻ വിവാദമാകുമ്പോഴാണ് ഹിന്‍ഡൻബെർഗ് റിപ്പോർട്ട് സെബി പരിശോധിക്കുന്നത്. അദാനി ഗ്രൂപ്പിന്‍റെ വിദേശ നിക്ഷേപകരെ കുറിച്ച് സെബിയുടെ പരിശോധന നേരത്തെ മുതല്‍ നടക്കുന്നുണ്ട്. ഇതിന്‍റ ഭാഗമായാണ് ഹിൻഡൻബെർഗ് റിപ്പോര്‍ട്ടിലെ വസ്തുതകളും സെബി പരിശോധിക്കുന്നത്. എന്നാല്‍ കമ്പനിക്കെതിരായ അന്വേഷണത്തെ കുറിച്ച് ഔദ്യോഗികമായി സെബി പ്രതികരിച്ചിട്ടില്ല. 

'88 ചോദ്യങ്ങള്‍, 36 മണിക്കൂറായിട്ടും ഒന്നിനും മറുപടിയില്ല', റിപ്പോ‍ർട്ടില്‍ ഉറച്ചുതന്നെയെന്ന് ഹിന്‍ഡന്‍ബർഗ്

അദാനി ഗ്രൂപ്പിനെതിരായ വെളിപ്പെടുത്തലുകൾ പുറത്തു വരുമ്പോഴും വിവാദം കത്തിക്കയറുമ്പോഴും കേന്ദ്രം മൌനം തുടരുകയാണ്. മോദി സർക്കാരും അദാനിയും തമ്മില്‍ അടുപ്പമെന്ന പ്രതിപക്ഷ വിമർശനം നിലനിലക്കേയുണ്ടായ വെളിപ്പെടുത്തല്‍ ബിജെപിയെയും വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അവസരം മുതലെടുത്ത് കോൺഗ്രസും തിരിച്ചടിച്ച് തുടങ്ങി. വെളിപ്പെടുത്തലുകളില്‍ ഗൗരവതരമായ അന്വേഷണം സെബിയും റിസർവ് ബാങ്കും തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ നടപടികളോട് മോദി സർക്കാര്‍ കണ്ണടക്കുകയാണെന്നും ആരോപണങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. സർക്കാര്‍ അനാസ്ഥ പുലർത്തുന്നത് കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമാണോയെന്നും ജയ്റാം രമേശ് ചോദിക്കുന്നു.  

ഇന്നും വമ്പൻ തിരിച്ചടി, ഓഹരികൾ കൂപ്പുകുത്തി, ഫോർബ്സിൽ അദാനി 7 ാം സ്ഥാനത്തേക്ക് വീണു, ഇന്ത്യൻ വിപണിക്കും നഷ്ടം

തട്ടിപ്പ് ആരോപണങ്ങളിൽ കാലിടറി അദാനി ഗ്രൂപ്പ്; ഓഹരി വിപണിയിൽ 46,000 കോടി രൂപയുടെ നഷ്ടം

 

Follow Us:
Download App:
  • android
  • ios