പുതിയ സംയുക്ത നികുതി സമ്പ്രദായത്തിന് കീഴില്‍  ദമ്പതികള്‍ക്ക് വ്യക്തിഗതമായോ ഒന്നിച്ചോ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കണമെന്ന് ഐസിഎഐ

കേന്ദ്ര ബജറ്റിന് മുന്നോടിയായി ദമ്പതികള്‍ക്ക് സംയുക്തമായി നികുതി നല്‍കാന്‍ സാധിക്കുന്ന സംവിധാനം കൊണ്ടുവരണമെന്ന നിര്‍ദേശവുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ. ദമ്പതികളെ നികുതി നല്‍കുന്ന ഒരൊറ്റ യൂണിറ്റായി കണക്കാക്കണമെന്നാണ് സംഘടനയുടെ അഭിപ്രായം. പുതിയ സംയുക്ത നികുതി സമ്പ്രദായത്തിന് കീഴില്‍ ദമ്പതികള്‍ക്ക് വ്യക്തിഗതമായോ ഒന്നിച്ചോ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കണമെന്ന് ഐസിഎഐ നിര്‍ദ്ദേശിക്കുന്നു. ഇതിലൂടെ ഭാര്യയും ഭര്‍ത്താവിനും വ്യത്യസ്തമായ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാകും. സംയുക്തമായി റിട്ടേണ്‍ സമര്‍പ്പിക്കുന്ന സംവിധാനത്തിന് കീഴില്‍, അടിസ്ഥാന ഇളവ് പരിധി നിലവിലുള്ള 3 ലക്ഷം രൂപയില്‍ നിന്ന് 6 ലക്ഷം രൂപയായി ഇരട്ടിയാക്കണമെന്നും സര്‍ചാര്‍ജ് പരിധി 50 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായി ഉയര്‍ത്തണമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്യുന്നു. 

വിവാഹിതരായ ദമ്പതികള്‍ക്കുള്ള നിലവിലെ നികുതി സമ്പ്രദായം

നിലവില്‍, ഇന്ത്യയിലെ ദമ്പതികള്‍ വെവ്വേറെ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കണം. യുഎസ്എ പോലുള്ള രാജ്യങ്ങളില്‍, വരുമാനം സംയോജിപ്പിച്ച് അധിക കിഴിവുകള്‍ ലഭ്യമാക്കുന്നതിലൂടെ സംയുക്ത ഫയലിംഗ് മൊത്തത്തിലുള്ള നികുതി ഭാരം കുറയ്ക്കുന്നു.ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോള്‍ നിലവിലെ അടിസ്ഥാന ഇളവ് പരിധി അപര്യാപ്തമാണെന്ന് ഐസിഎഐ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. നികുതി ബാധ്യതകള്‍ കുറയ്ക്കുന്നതിന് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് വേണ്ടി വരുമാനം മാറ്റുന്നത് പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംയുക്ത നികുതി സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കും

സംയുക്ത ഫയലിംഗ് തിരഞ്ഞെടുക്കുന്നതിലൂടെ, പ്രത്യേകമായി ഫയല്‍ ചെയ്യുന്നതിനേക്കാള്‍ അധിക കിഴിവുകളും കൂടുതല്‍ അനുകൂലമായ നികുതി നിരക്കുകളും വഴി കുടുംബങ്ങള്‍ക്ക് അവരുടെ നികുതി ബാധ്യത ഗണ്യമായി കുറയ്ക്കാന്‍ കഴിയും. കുടുംബങ്ങളുടെ മൊത്തത്തിലുള്ള നികുതി ഭാരം കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കുന്നു.