അവസാന നിമിഷത്തെ ചില അടിയന്തിര സാഹചര്യങ്ങളിൽ ട്രെയിൻ ടിക്കെറ്റ് റദ്ദാക്കേണ്ടി വന്നാൽ എത്ര രൂപ ജിഎസ്ടി  നൽകേണ്ടി വരും? 

രാജ്യത്തെ പ്രധാന ഗതാഗത മാർഗമാണ് റെയിൽവേ. ഒരു വർഷത്തിൽ നിരവധി ആളുകളുടെ യാത്ര ആവശ്യങ്ങൾ നിറവേറ്റുന്നുണ്ട് റെയിൽവേ. പ്രത്യേകിച്ച് ഉത്സവ സീസണുകളിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കും. ടിക്കറ്റ് ലഭിക്കാൻ തന്നെ യാത്രക്കാർ ബുദ്ധിമുട്ടാറുണ്ട്. അതിനാൽ തന്നെ പലപ്പോഴും സീറ്റ് ലഭിക്കാൻ ആളുകൾ പലപ്പോഴും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാറുണ്ട്. എന്നാൽ തീരുമാനിച്ച പോലെ യാത്ര ചെയ്യാൻ കഴിയാതെ ഇരിക്കുകയോ, അവസാന നിമിഷത്തെ ചില അടിയന്തിര സാഹചര്യങ്ങളോ കാരണം പലരും ടിക്കറ്റ് റദ്ദാക്കാൻ നിർബന്ധിതരാകുന്നു.

Read Also: ദീപാവലി പൊടിപൊടിക്കും; ജിയോ 5 ജി പ്രഖ്യാപിച്ച് മുകേഷ് അംബാനി

സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ഇന്ത്യൻ റെയിൽവേ ഒരു ക്യാൻസലേഷൻ ഫീസ് ഈടാക്കുന്നുണ്ട്. ജിഎസ്ടി കൂടി ഉൾപ്പെടുന്നതിനാൽ സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നത് കൂടുതൽ ചെലവേറിയതായിരിക്കും. ഓഗസ്റ്റ് മൂന്നിനാണ് ധനമന്ത്രാലയത്തിന്റെ നികുതി ഗവേഷണ വിഭാഗം, ട്രെയിൻ ടിക്കറ്റുകളോ ഹോട്ടൽ ബുക്കിംഗുകളോ റദ്ദാക്കുന്നതിന് ജിഎസ്ടി ആകും എന്ന സർക്കുലർ പുറത്തിറക്കിയത്. 

ഒരു ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നതിലൂടെ യാത്രക്കാരൻ ഏർപ്പെട്ട കരാറിൽ നിന്നും പിന്മാറുകയാണ് ചെയ്യുന്നത്. ഇങ്ങനെ വരുമ്പോൾ സേവന ദാതാവിന് ഒരു ചെറിയ തുക നഷ്ടപരിഹാരം യാത്രക്കാരൻ നൽകണം ഇതാണ് റദ്ദാക്കൽ ചാർജായി പരിഗണിക്കുന്നത്. ട്രെയിൻ ടിക്കറ്റ് റദ്ദാക്കുന്നത് ജിഎസ്ടി നൽകേണ്ട വ്യവഹാരം ആണെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പറയുന്നു. 

Read Also: അടിപതറി രൂപ, കരുത്ത് കാട്ടി ഡോളർ; ഏഷ്യൻ കറൻസികളിൽ തകർച്ച

ഉദാഹരണത്തിന്, ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ എയർ കണ്ടീഷൻഡ് കോച്ച് ടിക്കറ്റുകൾക്ക് 5 ശതമാനം ജിഎസ്ടി ചുമത്തുന്നുണ്ട്, അതിനാൽ റദ്ദാക്കൽ നിരക്കുകൾക്കും അതേ നിരക്കിൽ ജിഎസ്ടി ബാധകമാകും.

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് എസി ഫസ്റ്റ് ക്ലാസ് അല്ലെങ്കിൽ എസി എക്സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റ് റദ്ദാക്കുന്നതിന് ഇന്ത്യൻ റെയിൽവേ 240 രൂപ ഈടാക്കുന്നു. ഈ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ 5 ശതമാനം ജിഎസ്ടി നൽകണം. എസി 2-ടയർ ടിക്കറ്റുകൾക്ക് 200 രൂപയും എസി 3-ടയർ ടിക്കറ്റുകൾക്ക് 180 രൂപയും ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് റദ്ദാക്കുമ്പോൾ റെയിൽവേ ഈടാക്കുന്നു.

ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുതൽ 12 മണിക്കൂർ വരെ മുമ്പ് സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കിയാൽ, ടിക്കറ്റ് തുകയുടെ 25 ശതമാനം റദ്ദാക്കൽ ഫീയായി ഈടാക്കും.12 മണിക്കൂറിനും 4 മണിക്കൂറിനും ഇടയിൽ സ്ഥിരീകരിച്ച ടിക്കറ്റുകൾ റദ്ദാക്കുന്നതിന്, ബുക്കിംഗ് തുകയുടെ 50 ശതമാനം ഈടാക്കുന്നു.