Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യ വിൽപ്പനയ്ക്ക് ജനം കൈയ്യടിച്ചതിന്റെ ആവേശത്തിൽ കേന്ദ്രം; സ്വകാര്യവത്കരണവുമായി മുന്നോട്ട്

എയർ ഇന്ത്യ വിൽപനയ്ക്ക് ജനത്തിൽ നിന്ന് ലഭിച്ച സ്വീകാര്യതയാണ് കൂടുതൽ സ്വാകാര്യവത്ക്കരണത്തിനായുള്ള കേന്ദ്ര സർക്കാർ യാത്രയുടെ വേഗം കൂട്ടുന്നത്

Central government happy as Air India sale welcomed by people
Author
Delhi, First Published Oct 9, 2021, 2:32 PM IST

ദില്ലി: എയർ ഇന്ത്യയ്ക്കു (Air India) പിന്നാലെ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ (PSU) വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ (Central Government). ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ ലാറ്റക്സ് (HLL) തുടങ്ങിയ സ്ഥാപനങ്ങൾ വിൽക്കാനുള്ള നടപടി വേഗത്തിലാക്കും. എയർ ഇന്ത്യ വിൽപന (Air India Sale) സാമ്പത്തിക രംഗത്തെ നിർണ്ണായക ചുവടുവെയ്പെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

എയർ ഇന്ത്യ വിൽപനയ്ക്ക് ജനത്തിൽ നിന്ന് ലഭിച്ച സ്വീകാര്യതയാണ് കൂടുതൽ സ്വകാര്യവത്ക്കരണത്തിനായുള്ള കേന്ദ്ര സർക്കാർ യാത്രയുടെ വേഗം കൂട്ടുന്നത്. ആദ്യ നരേന്ദ്ര മോദി സർക്കാരിന്റെ (Narendra Modi Government) കാലത്ത് തന്നെ വൻ സാമ്പത്തിക പരിഷ്‌കരണ നീക്കങ്ങൾ ആലോചിച്ചതാണ്. എന്നാൽ നോട്ട് അസാധുവാക്കലിന് ശേഷമുള്ള രാഷ്ട്രീയ എതിർപ്പും ചില സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ തോൽവിയും ഇത് മാറ്റിവയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചു. 

സർക്കാർ കുറച്ച് ഓഹരി കൈയ്യിൽ വച്ച് സ്ഥാപനങ്ങൾ വിൽക്കാൻ ശ്രമിക്കുമ്പോൾ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാതെ മാറിനിൽക്കുകയാണ് സ്വകാര്യ കമ്പനികൾ. അതായത് സർക്കാരിനൊപ്പം കൂട്ടുകച്ചവടത്തിനില്ലെന്ന് സ്വകാര്യമേഖല വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ എയർ ഇന്ത്യ മാതൃകയിൽ പൂർണ്ണമായും കൈമാറാനാണ് ആലോചന. 

ഭാരത് പെട്രോളിയം, ഷിപ്പിംഗ് കോർപ്പറേഷൻ, ഹെലികോപ്റ്റർ നിർമ്മാണ കമ്പനിയായ പവൻഹാൻസ് തുടങ്ങിയവ വിൽക്കാനുള്ള ടെൻഡർ നടപടി തുടങ്ങി. അടുത്ത ഘട്ടത്തിൽ ഐഡിബിഐ ബാങ്ക്, ഹിന്ദുസ്ഥാൻ ലാറ്റക്സ്,, പിഡിഐഎൽ തുടങ്ങിയ കമ്പനികളും വില്ക്കും. എൽഐസിയുടെ കൂടുതൽ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനവും ഈ സാമ്പത്തിക വർഷം നടപ്പാക്കും. 

എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയതിൽ ജനങ്ങളിൽ നല്ല പ്രതികരണമാണ് കാണുന്നതെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക പരിഷ്ക്കണ യാത്രയിൽ നിർണ്ണായക ചുവടുവെയ്പെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമരാജൻ പറഞ്ഞു. കൂടുതൽ നടപടികൾ വൈകാതെ പ്രതീക്ഷിക്കാമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സ്വകാര്യവത്ക്കരണ വിഷയത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും ഒരേ നിലപാടല്ല. ശക്തമായി ചെറുക്കുമെന്ന് ഇടത് പാർട്ടികൾ പറയുന്നു. തൊഴിലാളി സംഘടനകളുടെ യോജിച്ച സമരങ്ങൾക്കും ആലോചനയുണ്ട്.

പൊതുമേഖയിൽ നിന്നുള്ള എയർലൈൻ ദേശസാത്കരണം തിരുത്തിയതു പോലെ ബാങ്കിംഗ് മേഖലയിലെ നയം മാറ്റത്തിലേക്കും സർക്കാർ കടക്കുമോയെന്നാണ് സാമ്പത്തികരംഗം ഉറ്റുനോക്കുന്നത്. വിരമിച്ച ജീവനക്കാരുടെ പെൻഷൻ പോലുള്ള ആനുകൂല്യങ്ങളെയും പല സ്ഥാപനങ്ങളുടെയും സ്വകാര്യവത്ക്കരണം ബാധിച്ചേക്കാം.
 

Follow Us:
Download App:
  • android
  • ios