സ്മാര്‍ട്ട്ഫോൺ ക്യാമറ സ്റ്റാര്‍ട്ടപ്പായ 'ഗ്ലാസ് ഇമേജിങ്' സ്വന്തമാക്കി ഓപ്പണ്‍എഐ. ആപ്പിളിന്റെ മുന്‍ എന്‍ജിനീയര്‍മാര്‍ സ്ഥാപിച്ച ഈ കമ്പനിയുടെ സാങ്കേതികവിദ്യ, ഫോട്ടോ എടുക്കുന്ന നിമിഷത്തില്‍ തന്നെ ചിത്രത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് ഓപ്പണ്‍എഐയുടെ ഹാര്‍ഡ്വെയര്‍ വിപണിയിലേക്കുള്ള പ്രവേശനത്തിന് ആക്കം കൂട്ടും.

സ്മാര്‍ട്ട്ഫോൺ ക്യാമറ രംഗത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പായ 'ഗ്ലാസ് ഇമേജിങ്' സ്വന്തമാക്കി ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍എഐ. ആപ്പിളിന്റെ മുന്‍ എന്‍ജിനീയര്‍മാര്‍ രൂപീകരിച്ച ഈ കമ്പനിയെ സ്വന്തമാക്കുന്നതോടെ, സ്വന്തമായി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള നീക്കം ഓപ്പണ്‍എഐ കൂടുതല്‍ ശക്തമാക്കുകയാണ്. 300 ദശലക്ഷത്തിലധികം ഡോളറിനാണ് ഈ കരാറെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ആപ്പിളിലെ മിടുക്കന്മാര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പ്

ആപ്പിളിന്റെ പ്രശസ്തമായ 'പോര്‍ട്രെയ്റ്റ് മോഡ്' സാങ്കേതികവിദ്യ വികസിപ്പിച്ച ടീമിന് നേതൃത്വം നല്‍കിയ സിവ് അറ്റാര്‍, ടോം ബിഷപ്പ് എന്നിവര്‍ ചേര്‍ന്ന് 2019-ലാണ് ഗ്ലാസ് ഇമേജിങ് ആരംഭിക്കുന്നത്. കാലിഫോര്‍ണിയയിലെ ലോസ് ആള്‍ട്ടോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കമ്പനി, ഏറ്റെടുക്കലിന് മുന്‍പായി വിവിധ നിക്ഷേപകരില്‍ നിന്നായി 30 ദശലക്ഷം ഡോളറോളം ഫണ്ട് സമാഹരിച്ചിരുന്നു.

ഫോട്ടോ എടുക്കുന്ന നിമിഷത്തില്‍ തന്നെ വരും ക്ലാരിറ്റി!

സ്മാര്‍ട്‌ഫോണ്‍ ക്യാമറകളുടെ ഭൗതികമായ പരിമിതികള്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് പരിഹരിക്കുകയാണ് ഗ്ലാസ് ഇമേജിങ് ചെയ്യുന്നത്. വിവിധ സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ ഉപയോഗിക്കുന്ന ക്യാമറ സിസ്റ്റങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ പ്രത്യേകം പരിശീലനം ലഭിച്ച 'ന്യൂറല്‍ നെറ്റ്വര്‍ക്കുകള്‍' ആണ് കമ്പനി ഇതിനായി ഉപയോഗിക്കുന്നത്. സാധാരണ ഫോട്ടോ എടുത്ത ശേഷം എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്തു ക്വാളിറ്റി കൂട്ടുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി, ക്യാമറയുടെ ഷട്ടര്‍ ബട്ടണ്‍ അമര്‍ത്തുന്ന നിമിഷത്തില്‍ തന്നെ ചിത്രത്തിന്റെ നിലവാരം മികച്ചതാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.

ഹാര്‍ഡ് വെയർ വിപണിയിലേക്ക് ഓപ്പണ്‍എഐ

സ്വന്തമായി ടെക്‌നോളജി ഉപകരണങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഓപ്പണ്‍എഐയുടെ പദ്ധതികള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കുന്നതാണ് ഈ ഏറ്റെടുക്കല്‍. സ്മാര്‍ട്‌ഫോണുകള്‍, ഇയര്‍ബഡ്സ്, എഐ കംപാനിയന്‍ ഉപകരണങ്ങള്‍ എന്നിവ വികസിപ്പിക്കാനുള്ള സാധ്യതകള്‍ കമ്പനി പരിശോധിച്ചു വരികയാണ്.

ആപ്പിളിന്റെ മുന്‍ ചീഫ് ഡിസൈനറായ ജോണി ഐവുമായി ചേര്‍ന്നും ഓപ്പണ്‍എഐ പുതിയ ഡിവൈസുകള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. സ്മാര്‍ട്‌ഫോണ്‍ ഫോട്ടോഗ്രഫിയിലും ആപ്പിളിന്റെ ക്യാമറ സാങ്കേതികവിദ്യയിലും മികച്ച പരിചയസമ്പത്തുള്ള ഒരു സംഘത്തെ തന്നെ ഒപ്പം കിട്ടുന്നത് ഓപ്പണ്‍എഐക്ക് ക്യാമറ- ഇമേജിങ് ശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാകും. അതേസമയം, ഈ ഏറ്റെടുക്കല്‍ വാര്‍ത്തയോട് ഓപ്പണ്‍എഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.