ഈ വര്‍ഷം മെയ് മാസത്തിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ സോയാബീന്‍ ചൈനയിലേക്ക് അയക്കുന്നത്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ കാരണം മാസങ്ങളായി ചൈന അമേരിക്കന്‍ കാര്‍ഷിക വിളകള്‍ വാങ്ങുന്നത് നിര്‍ത്തിവെച്ചിരുന്നു

ദില്ലി: 300 മില്യൺ ഡോളറിന്റെ യുഎസ് സോയാബീനിന്റെ കുറഞ്ഞത് 10 ചരക്കുകളെങ്കിലും ചൈന വാങ്ങിയതായി റിപ്പോർട്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന് മാസങ്ങളായി നിലച്ചിരുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതി പുനരാരംഭിച്ചതിന് ശേഷമുള്ള വലിയ വാങ്ങലാണ് നടന്നിരിക്കുന്നത്. തിങ്കളാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയുമായുള്ള ബന്ധം ശക്തമാണെന്ന് വിശേഷിപ്പിച്ചിരുന്നു.

ഈ വര്‍ഷം മെയ് മാസത്തിന് ശേഷം ആദ്യമായാണ് അമേരിക്കന്‍ സോയാബീന്‍ ചൈനയിലേക്ക് അയക്കുന്നത്. ചൈനയിലേക്ക് കന്നുകാലികള്‍ക്ക് നല്‍കുന്ന ധാന്യം കയറ്റുമതി ചെയ്യുന്നതിനുള്ള കപ്പലും തയാറാണ്. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ കാരണം മാസങ്ങളായി ചൈന അമേരിക്കന്‍ കാര്‍ഷിക വിളകള്‍ വാങ്ങുന്നത് നിര്‍ത്തിവെച്ചിരുന്നു. ഇത് അമേരിക്കയിലെ കര്‍ഷകര്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് വരുത്തിവെച്ചത്. കയറ്റുമതി പുനരാരംഭിക്കുന്നതിലൂടെ ഈ നഷ്ടം ഒരു പരിധി വരെ നികത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഎസിലെ കര്‍ഷകര്‍.

ചൈന യുഎസിന്റെ പ്രധാന വിപണി

2024-ല്‍ ചൈനയുടെ സോയാബീന്‍ ഇറക്കുമതിയുടെ അഞ്ചിലൊന്ന് അമേരിക്കയില്‍ നിന്നായിരുന്നു. ഏകദേശം 12 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1 ലക്ഷം കോടി രൂപ) വ്യാപാരമാണിത്. അമേരിക്കയുടെ മൊത്തം സോയാബീന്‍ കയറ്റുമതിയുടെ പകുതിയിലധികവും ചൈനയിലേക്കായിരുന്നു. പ്രധാനമായും പന്നികള്‍ക്കുള്ള തീറ്റ ഉണ്ടാക്കാനും പാചകയെണ്ണ നിര്‍മ്മിക്കാനുമാണ് ചൈന സോയാബീന്‍ ഉപയോഗിക്കുന്നത്.