ദില്ലി: ചൈനയിൽ 11000ൽ ഏറെ പേരെ ബാധിച്ച കൊറോണ വൈറസ് ഏഷ്യ പസഫിക് മേഖലയിലെ ബാങ്കുകൾക്ക് വൻ തിരിച്ചടിയാകുമെന്നു റിപ്പോർട്ട്. മൂഡിസ്‌ ഇൻവെസ്റ്റർ സർവീസ് ആണ് വരും മാസങ്ങളിലും കൊറൊണയെ നിയന്ത്രിക്കാനായില്ലെങ്കിൽ ഇങ്ങനെ ഒരു വെല്ലുവിളി കൂടി കാത്തിരിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആഗോള ടൂറിസം, സ്വകാര്യ ഉപഭോഗം, റിയൽ എസ്റ്റേറ്റ്, ഓഹരി വിപണി എന്നിവയെ എല്ലാം ഇത് പ്രതികൂലമായി ബാധിക്കും എന്നും റിപ്പോർട്ടിലുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് നിർണായക ഘട്ടത്തിലൂടെയാണ് ഇപ്പോൾ പോകുന്നത്. പ്രതിസന്ധി മറികടക്കാൻ ചൈന കൊറോണയ്ക്ക് മേൽ വിജയം കാണേണ്ടതുണ്ട്. ചൈനയിൽ ഫാക്ടറികൾ അടഞ്ഞുകിടക്കുന്നത് വിതരണ ശൃംഖലയെ താറുമാറാക്കി. വാഹന വിപണിയെയും ഇലക്ട്രോണിക് വിപണിയെയുമാണ് ഇത് സാരമായി ബാധിച്ചത്.

ചൈനയിൽ ആളുകൾ സാധനങ്ങൾ വാങ്ങുന്നില്ല. അത്യാവശ്യ വസ്തുക്കൾ മാത്രമാണ് വീടുകളിൽ ഉള്ളത്. ഇത് റീട്ടെയിൽ വിപണിയെ ബാധിച്ചു. അതിനാൽ തന്നെ ബാങ്കുകളിൽ പണം എത്തുന്നില്ല. ബാങ്കുകൾ ക്രെഡിറ്റ് നഷ്ടം നേരിടുന്നുണ്ട്. പ്രതിസന്ധി തുടർന്നാൽ അത് ആഗോള വിപണിയെ വലിയ തോതിൽ ബാധിക്കും.