പാലക്കാട്: മാന്തോപ്പുകൾ കാലംതെറ്റി പൂക്കാനുളള കാരണം കണ്ടെത്താൻ വിദഗ്ധ സംഘം പഠനം തുടങ്ങിയെന്ന വാര്‍ത്ത കേട്ടാണ് ഇത്തവണ മുതലമടയിലെ മാംഗോ സിറ്റിയിൽ സീസണുണര്‍ന്നത്. ഇക്കുറി മാവുകൾ പൂക്കാൻ വൈകിയതുകാരണം  കോടികളുടെ നഷ്ടം കര്‍ഷകര്‍ക്ക് ഉണ്ടാകുമെന്നായിരുന്നു കണക്ക് കൂട്ടൽ. ശാസ്ത്രീയ പഠനമൊക്കെ നടത്തി വിപണി പിടിക്കാനൊരുങ്ങുന്നതിനിടെയാണ് കൊവിഡിന്‍റെ രൂപത്തിൽ മഹാമാരിയെത്തിയത്. ഇതോടെ കണക്ക് കൂട്ടലെല്ലാം പിഴക്കുന്നതിന്‍റെ നിരാശയിലാണ് നൂറ് കണക്കിന് വരുന്ന കര്‍ഷകര്‍. 

മാംഗോ സിറ്റിയെന്നറിയപ്പെടുന്ന മുതലമടയിലെ അൽഫോൺസയും സിന്ദൂരവുമൊക്കെയാണ് ഏഷ്യൻവിപണിയിൽ ആദ്യമെത്തുക. എന്നാൽ ഇക്കുറി പതിവ് തെറ്റി. പച്ചമാങ്ങ കയറ്റിയയക്കാറുളള  ഫെബ്രുവരി പകുതിയായിട്ടും  പലതോട്ടങ്ങളിലും മാവ് പൂത്തുനിൽക്കുന്നതേ ഉണ്ടായിരന്നുള്ളു. കായ്ച്ചവയാകട്ടെ മൂപ്പെത്തിയിരുന്നതും ഇല്ല.

മുതലമടയിൽ 6000ഹെക്ടറിൽ മാവുകളുണ്ട്. സീസണിൽ നടക്കുന്നത് ശരാശരി 600 കോടിരൂപയുടെ കച്ചവടം. കാലാവസ്ഥ വ്യതിയാനവും, ഒപ്പം വ്യാപകമായ കീടബാധയുമാണ് തിരിച്ചടിയായതെന്നാണ് കൃഷി വകുപ്പിന്‍റെ വിലയിരുത്തൽ. ചൂടും തണുപ്പും ഇടകലർന്ന കാലാവസ്ഥയിലേ മാങ്ങ പാകമാകൂ. മാവുകളുടെ വളർച്ച ഘടനയിൽ വ്യത്യാസമുണ്ടോയെന്ന് കണ്ടെത്താൻ പഠനം ഒക്കെ നടക്കുന്നുമുണ്ടായിരുന്നു. 

കീടനാശിനികളൊഴിവാക്കി ജൈവ രീതിയിലേക്ക് തിരിച്ചുവരാനുളള മുതലമടയുടെ ഈ ഒരുക്കങ്ങൾക്കിടെയാണ് കൊവിഡ് ബാധയും ലോക് ഡൗണുമെല്ലാം വന്നത്. മാര്‍ച്ച് പകുതി മുതൽ ഏപ്രിൽ അവസാനം വരെയുള്ള ഒന്നൊന്നര മാസമാണ് കയറ്റുമതി ഏറെയും നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമായി പ്രതിദിനം നൂറ് ടണിനടുത്ത് മാങ്ങവരെ കയറി പോകും. 

മാങ്ങ പറിക്കാനും തരംതിരിക്കാനും പാക്കിംഗിനും എല്ലാമായി നൂറ്കണക്കിന് തൊഴിലാളികളും ഉണ്ടാകാറുണ്ട്. ഇതെല്ലാം ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി നീണ്ടാൽ പറിച്ചെടുക്കാൻ പോലും ആളില്ലാതെ നൂറ് കണക്കിന് ഹെക്ടറിലെ മാങ്ങ വീണ് നശിച്ച് പോകുമെന്ന ആശങ്കയിലാണിപ്പോൾ മുതലമടയിലെ കര്‍ഷകര്‍. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക