ദില്ലി: കൊവിഡ് ബാധയുടെ പ്രത്യേക സാഹചര്യത്തിൽ രാജ്യത്തെമ്പാടും വാടക ചോദിക്കുന്നതിന് കർശന വിലക്ക്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവാണിത്. വിദ്യാർത്ഥികൾ, തൊഴിലാളികൾ, അതിഥി തൊഴിലാളികൾ തുടങ്ങി ആരോടും വാടക ചോദിക്കരുതെന്നാണ് ഉത്തരവ്.

ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുന്ന എല്ലാ അതിഥി തൊഴിലാളികൾക്കും ഇത് ലഭ്യമാക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. തൊഴിലുടമകൾ കാലതാമസമില്ലാതെ വേതനം നൽകണമെന്നും ആളുകൾക്ക് വേതനം വെട്ടിക്കുറക്കരുതെന്നും നിർദ്ദേശമുണ്ട്.

ഏപ്രിൽ 14 ന് അവസാനിക്കുന്ന ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളിലെ അതിഥി തൊഴിലാളികളെല്ലാം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽലാണ് കേന്ദ്രസർക്കാരിന്റെ നീക്കം. കൊവിഡ് വൈറസ് ബാധയേറ്റ് 25 പേരാണ് ഇന്ത്യയിൽ ഇതുവരെ മരിച്ചത്. 950 ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 80 ലേറെ പേർക്ക് രോഗം ഭേദമാവുകയും ചെയ്തു.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക