തിരുവനന്തപുരം: 20 ലക്ഷം കോടി രൂപയുടെ കൊവിഡ് പ്രത്യേകപാക്കേജിന്‍റെ വിഭജനക്കണക്കുകൾക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസർക്കാരിന്‍റെ പാക്കേജ് വെറും പ്രഹസനമാണെന്നും, തീവെട്ടിക്കൊള്ളയാണെന്നും ഐസക് ആരോപിച്ചു. പൊതുജനാരോഗ്യമേഖലയെയും പൊതുമേഖലയെ പൊതുവെയും ശക്തിപ്പെടുത്തുന്നതിന് പകരം സ്വാശ്രയത്വം എന്ന ലേബലിൽ രാജ്യത്തെ സ്വകാര്യവത്കരിക്കുകയാണ് കേന്ദ്രസർക്കാരെന്നും തോമസ് ഐസക് പറയുന്നു. ജനങ്ങളുടെ കയ്യിൽ പണമെത്തിക്കാനുള്ള ഒരു പദ്ധതിയും കേന്ദ്രസർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ തോമസ് ഐസക്, വൈദ്യുതി വിതരണരംഗത്തെ സ്വകാര്യവത്കരണത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. 

നിലവിൽ കൊവിഡ് മൂലം ആളുകൾ മരിക്കുന്ന സ്ഥിതിയാണ് പലയിടത്തും. ഇത് തടയാൻ ഒരു ശ്രമവും കേന്ദ്രസർക്കാർ നടത്തുന്നില്ലെന്ന് തോമസ് ഐസക് പറഞ്ഞു. ''പ്രതിരോധ, ആണവ, ബഹികാരാശ മേഖലകൾ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്ന ധനമന്ത്രി കൊവിഡ് മൂലം ആളുകൾ മരിക്കുന്നത് തടയാൻ പണം നൽകുന്നുണ്ടോ? ഇവർ ഏത് ലോകത്താണ്?'' തോമസ് ഐസക്. 

ആളുകൾ പട്ടിണിയിലാണ്. ജനങ്ങളുടെ കയ്യിൽ പണമില്ല. ഇന്നത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ശ്രമവുമില്ല. ജനങ്ങളുടെ ചെലവിൽ നിയോലിബറൽ രീതി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് സർക്കാർ. ചെറുകിടക്കാരുടെ പലിശ എഴുതിത്തള്ളാനോ, വായ്പ എഴുതിത്തള്ളാനോ ഉള്ള നടപടി സ്വീകരിച്ചിട്ടില്ല. 

പൊതുജനാരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്താൻ ഒന്നുമില്ല. അതേസമയം, കൊവിഡിന്‍റെ മറവിൽ സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള നീക്കമാണ് ഇന്നത്തെ പ്രഖ്യാപനം - ഐസക് ചൂണ്ടിക്കാട്ടി.

''വൈദ്യുതിവിതരണത്തിന്‍റെ സ്വകാര്യവത്കരണം സംസ്ഥാനങ്ങളുടെ എല്ലാ അധികാരവും ഇല്ലാതാക്കുന്നതാണ്. കേന്ദ്രഭരണപ്രദേശങ്ങളിൽ മാത്രമാണ് ഇത് ആദ്യം നിലവിൽ വരികയെങ്കിലും ഇത് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചാൽ അംഗീകരിക്കാവുന്നതല്ല'', ഐസക് പറഞ്ഞു.

കേരളത്തെക്കുറിച്ച് ഒന്നും ഇതുവരെ കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല. മറ്റ് രാജ്യങ്ങൾ കൂടുതൽ പണം ഇറക്കാൻ തീരുമാനിക്കുമ്പോൾ, ഇന്ത്യ പിടിവാശി കാണിക്കുകയാണ്. കേരളം പ്രഖ്യാപിച്ച 20,000 കോടിയുടെ പാക്കേജ് ജനത്തിന്റെ കയ്യിൽ പണം എത്തിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു. അത് മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുമുണ്ട്. ജനത്തിന്റെ വാങ്ങൽ ശേഷി കൂട്ടുക എന്നത് അത്യാവശ്യമാണ്. കേന്ദ്രം റിസർവ് ബാങ്കിൽ നിന്ന് പണം എടുത്ത് സാധാരണ ജനത്തിന് നൽകണം. അതല്ലെങ്കിൽ ഇത് രാജ്യത്തെ വിനാശത്തിലേക്ക് നയിക്കുന്ന പ്രഖ്യാപനമാകുമെന്നും തോമസ് ഐസക് പറഞ്ഞു.

സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാനെന്ന് അവകാശപ്പെട്ടുള്ള പ്രഖ്യാപനങ്ങൾക്ക് ശേഷം ഓഹരി വിപണിക്ക് പോലും അനക്കമില്ലെന്ന് പരിഹസിച്ച തോമസ് ഐസക്, നാളെയോടെ മൊത്തം സാമ്പത്തികപാക്കേജിനെക്കുറിച്ച് വിധി പറയാമെന്ന് വ്യക്തമാക്കി.

നാളെ രാവിലെ 11 മണിക്കാണ് പ്രത്യേക കൊവിഡ് പാക്കേജിനെക്കുറിച്ചുള്ള കേന്ദ്രധനമന്ത്രി നിർമലാസീതാരാമന്‍റെ അവസാനത്തെയും അഞ്ചാമത്തെയും വാർത്താസമ്മേളനം.