Asianet News MalayalamAsianet News Malayalam

കൊവിഡ് പാക്കേജ് പ്രഖ്യാപനം വന്നിട്ട് രണ്ട് മാസം; കുടുംബശ്രീ വായ്പാ വിതരണം ഇഴയുന്നു

18ലക്ഷം അംഗങ്ങളുടെ അപേക്ഷകൾ ബാങ്കുകളിൽ കെട്ടികിടക്കുകയാണ്. ഒരുലക്ഷത്തോളം കുടുംബശ്രീ അംഗങ്ങളുടെ വായ്പാ അപേക്ഷ ആദ്യഘട്ടത്തിൽ തന്നെ തള്ളി.

covid package kudumbasree loan disbursement status
Author
Trivandrum, First Published May 20, 2020, 10:52 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ കൊവിഡ് പാക്കേജ് പ്രഖ്യാപനം വന്ന് രണ്ട് മാസമായിട്ടും കുടുംബശ്രീക്ക് വായ്പാ വിതരണം ഇഴഞ്ഞു തന്നെ.  2000കോടി പ്രഖ്യാപനത്തിൽ 15ശതമാനം മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. 18ലക്ഷം അംഗങ്ങളുടെ അപേക്ഷകൾ ബാങ്കുകളിൽ കെട്ടികിടക്കുകയാണ്. ഒരുലക്ഷത്തോളം കുടുംബശ്രീ അംഗങ്ങളുടെ വായ്പാ അപേക്ഷ ആദ്യഘട്ടത്തിൽ തന്നെ തള്ളി.

കൊവിഡ് ദുരിതനാളുകളിൽ അയൽക്കൂട്ടങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം എന്ന നിലയിലായിരുന്നു വായ്പാ പ്രഖ്യാപനം. 2000കോടി രൂപ കുടുംബശ്രീ വഴി വായ്പാ വിതരണം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്. ബാങ്കുകൾ വായ്പ നൽകും അതിന്‍റെ പലിശ സര്‍ക്കാര്‍ നൽകാനായിരുന്നു തീരുമാനം. ലോക്ഡൗണ്‍ ദുരിതത്തിൽ കഴിയുന്നവര്‍ക്ക് 5000 മുതൽ 20000 രൂപവരെ ഒരാൾക്ക് വായ്പയെടുക്കാവുന്ന വിധത്തിൽ പദ്ധതിയും തയ്യാറാക്കി. 

2000കോടി പ്രഖ്യാപിച്ച് രണ്ട് മാസമാകുമ്പോൾ നൽകാനായത്  295കോടി രൂപ മാത്രമാണ്. ഒന്നരലക്ഷം അയൽക്കൂട്ടങ്ങളിൽ പതിനെട്ട് ലക്ഷത്തോളം അംഗങ്ങൾ വായ്പക്കായി കാത്തിരിക്കുന്നുണ്ട്. 46000 അപേക്ഷകരുള്ള ഇടുക്കിയിൽ വായ്പ വിതരണം ചെയ്തത് 502 പേർക്ക് മാത്രം. സംസ്ഥാനത്തെ ആയിരക്കണക്കിന് യൂണിറ്റുകളിലെ ഒരുലക്ഷത്തോളം അംഗങ്ങളുടെ അപേക്ഷ തള്ളുകയും ചെയ്തു. 

സാമ്പത്തിക അച്ചടക്കമില്ലാത്ത യൂണിറ്റുകളെ ഒഴിവാക്കിയെന്നാണ് കുടുംബശ്രീ വിശദീകരണം. എന്നാൽ ഭൂരിഭാഗം യൂണിറ്റുകളും ഇത് നിഷേധിക്കുകയാണ് . ദുരിത കാലത്തെ വായ്പാ സഹായത്തിൽ തരംതിരിവ് നടത്തുന്നതിലാണ് വിമർശനം ഉയര്‍ന്നത് ഏറെയും . കടമ്പകൾ കടന്ന് ബാങ്കുകളിലേക്ക് പരിഗണിക്കപ്പെട്ടവർക്കാണെങ്കിൽ തുക കിട്ടുന്നതിലെ കാലതാമസമാണ് പ്രശ്നം. ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ് നടപടികൾ വൈകുന്നതിന് കാരണമായി കുടുംബശ്രീ പറയുന്നത്. ഇതുവരെ പതിനയ്യായിരം രൂപ വായ്പയായി നൽകിയത് അഞ്ച് ശതമാനം പേർക്ക് മാത്രമാണ്. 10000രൂപ 25 ശതമാനം പേർക്കും. അയ്യായിരം രൂപയിലൊതുങ്ങി ഭൂരിഭാഗം പേർക്കുമുള്ള സഹായം.

 

 

Follow Us:
Download App:
  • android
  • ios