കൊവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ നിന്നുള്ള വരുമാനത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്... 

ദില്ലി: ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ ഒയോ. പതിവായി നല്‍കുന്ന പ്രതിമാസ ലാഭവിഹിതം നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

കൊവിഡ് മാഹാമാരിയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ നിന്നുള്ള വരുമാനത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസം യാതൊരു വരുമാനവും ഉണ്ടായിട്ടില്ലെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത മാസങ്ങളിലും നില മെച്ചപ്പെടുമെന്ന് കരുതുന്നില്ല.

ഇപ്പോഴത്തെ സാഹചര്യം തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് വ്യക്തമാക്കിയ കമ്പനി, ഈ കടുത്ത തീരുമാനം ഹോട്ടലുടമകള്‍ മനസിലാക്കുമെന്ന് കരുതുന്നതായും പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതി ശക്തമായി വിലയിരുത്തുന്നുണ്ടെന്നും എപ്പോഴാണ് വരുമാനം വരുന്ന സാഹചര്യം ഉണ്ടാവുന്നത് അന്ന് മുതല്‍ കരാര്‍ പ്രകാരമുള്ള ഇടപാടുകള്‍ പുനരാരംഭിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.