ഓരോ വിഭവങ്ങള്‍ക്കും ആവശ്യമായ പച്ചക്കറികള്‍ക്ക് പുറമേ അതിനാവശ്യമായ കൂട്ടുകളും കൃത്യമായ അളവില്‍ കറിക്കൂട്ടിന്റെ പാക്കറ്റില്‍ ലഭ്യമാണ്. പാചകത്തില്‍ മുന്നറിവില്ലാത്ത ഏതൊരാള്‍ക്കും മിനുട്ടുകള്‍ക്കകം ഏതു വിഭവവും തയാറാക്കാന്‍ കറിക്കൂട്ട് കൂട്ടിനുണ്ട്. 

ഒരു ഉന്നതവിദ്യാഭ്യാസ ബിരുദം നേടി ജോലി സമ്പാദിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്ന സമൂഹമാണ് നമ്മുടേത്. അതിനിടയിലുള്ള കാലം മുഴുവന്‍ നാം സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കാറില്ല. ഉണ്ടെങ്കില്‍ത്തന്നെ അങ്ങനെയുള്ളവര്‍ വിരളവുമാണ്. എന്നാല്‍ പഠനത്തോടെപ്പം തന്നെ തൊഴില്‍ സമ്പാദനവും സംരംഭകത്വവും വിദ്യാര്‍ഥികള്‍ ഏറ്റെടുത്താലോ. യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വസാധാരണമായ ഈ കാഴ്ച ഇങ്ങ് തിരുവനന്തപുരത്ത് സാധ്യമാക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. 

വിദ്യാര്‍ത്ഥികളെന്നു പറയുമ്പോ ഡിഗ്രി വിദ്യാര്‍ഥികള്‍ മുതല്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ബിരുദധാരികളും ഗവേഷകരും വരെയുണ്ട്. ചിലര്‍ സംരംഭകരാകുമ്പോള്‍ മറ്റുള്ളവര്‍ വിവിധ മേഖലകളിലെ ജീവനക്കാര്‍. മാര്‍ക്കറ്റിങ്ങിലും സെയില്‍സിലും പ്രൊഡക്ഷനിലും പ്രൊഡക്റ്റ് റിസര്‍ച്ചിലും തുടങ്ങി അടിമുതല്‍ മുടിവരെ വിദ്യാര്‍ത്ഥിമയം. തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ചുള്ള 'കറിക്കൂട്ട്' എന്ന സംരംഭമാണ് ഈ വ്യത്യസ്തമായ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുടെ ഒരു സംരംഭകക്കൂട്ടായ്മയായിട്ടാണ് 2022 ജൂണ്‍ മാസത്തില്‍ കറിക്കൂട്ട് ആരംഭിക്കുന്നത്. പ്രാദേശിക കര്‍ഷകരുടെ പക്കല്‍ നിന്നും ശേഖരിക്കുന്ന നാടന്‍ പച്ചക്കറികള്‍ വൃത്തിയായി കഴുകിയെടുത്ത് ഓരോ വിഭവങ്ങള്‍ക്കും അനുസൃതമായി കഷ്ണങ്ങളാക്കി പാക്ക് ചെയ്ത് വില്പനയ്‌ക്കെത്തിക്കുക എന്നതാണ് കറിക്കൂട്ട് മുന്നോട്ടു വയ്ക്കുന്ന ആശയം. കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷ് ചെയര്‍മാനും ജില്ലാ വികസന കമ്മിഷ്ണര്‍ ഡോ.അശ്വതി ശ്രീനിവാസ് ഐ.എ.എസ് കണ്‍വീനറായും രൂപീകരിച്ച കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്‌റെ സഹായത്തോടെയാണ് കറിക്കൂട്ട് എന്ന യുവസംരംഭക കൂട്ടായ്മ കഴിഞ്ഞ ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. സെക്രട്ടേറിയറ്റ്, വികാസ്ഭവന്‍, പബ്ലിക് ഓഫീസ്, കേരള സര്‍വകലാശാല ആസ്ഥാനം തുടങ്ങി നഗരത്തിലെ സര്‍ക്കര്‍ ഓഫീസുകളിലും ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ചും വിവിധ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് കറിക്കൂട്ടിന്റെ ഉത്പന്നങ്ങള്‍ വില്‍പന നടത്തുന്നത്. ഇപ്പോള്‍ ശാസ്തമംഗലത്ത് ഒരു പ്രീമിയം എക്കോ ഷോപ്പും തുറന്നിട്ടുണ്ട് ടീം കറിക്കൂട്ട്.

കാട്ടാക്കട, ബാലരാമപുരം, വെള്ളായണി തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ പ്രാദേശിക കര്‍ഷക കൂട്ടായ്മകള്‍ സംഘടിപ്പിച്ച് അവരില്‍ നിന്ന് ശേഖരിക്കുന്ന പച്ചക്കറികളാണ് ഇവര്‍ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഓരോ വിഭവങ്ങള്‍ക്കും ആവശ്യമായ പച്ചക്കറികള്‍ക്ക് പുറമേ അതിനാവശ്യമായ കൂട്ടുകളും കൃത്യമായ അളവില്‍ കറിക്കൂട്ടിന്റെ പാക്കറ്റില്‍ ലഭ്യമാണ്. ഇതുവഴി പാചകത്തില്‍ മുന്നറിവില്ലാത്ത ഏതൊരാള്‍ക്കും മിനുട്ടുകള്‍ക്കകം ഏതു വിഭവവും തയാറാക്കാന്‍ സാധിക്കുന്നു. ജീവിതശൈലീ രോഗങ്ങളുടെ പെരുമഴക്കാലത്ത് ഓരോ വ്യക്തിക്കും അനുയോജ്യമായ വിഭവങ്ങള്‍ ഏതെന്ന് കറിക്കൂട്ടിന്റെ പാക്കറ്റുകളില്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആരോഗ്യകരമായ ഒരു ഭക്ഷണശീലം വളര്‍ത്തിയെടുക്കാനും കറിക്കൂട്ടിന്റെ ഉല്‍പ്പന്ന്ങ്ങള്‍ക്ക് സാധിക്കുന്നു.

തുടക്കം
കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ സഹായത്തോടെ 2022 ജൂണ്‍ 13നാണ് ഒരുകൂട്ടം സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ കറിക്കൂട്ട് എന്ന ആശയം രൂപീകരിക്കുന്നത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ പ്രവര്‍ത്തനം. സാമ്പത്തിക പരാധീനതകള്‍ മൂലം പഠനം ഉപേക്ഷിച്ച് പോകേണ്ടി വരുന്ന വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ രംഗത്ത് അപൂര്‍വമല്ല. അത്തരമൊരു വിഷയത്തില്‍ ഇടപെട്ടുകൊണ്ടാണ് കറിക്കൂട്ട് എന്ന സംരംഭം ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

വിവിധ കോളെജുകളിലെ ബിരുദ വിദ്യാര്‍ഥികള്‍ വൈകുന്നേരങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്തുന്ന നിലയിലായിരുന്നു തുടക്കം. എല്ലാ മേഖലകളിലും ഇടപെട്ടിരുന്നത് വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു. പ്രാദേശിക കര്‍ഷകരുടെ ജൈവ ഉത്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയും നേരിട്ടും വിപുലമായ മാര്‍ക്കറ്റ് ഒരുക്കുക, നഗരത്തിരക്കുകളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ശുദ്ധമായ പച്ചക്കറികള്‍ പാചകാനുസൃതം വിഭവങ്ങള്‍ക്ക് അനിയോജ്യമായി ഒരുക്കുക, വിവിധ പാരമ്പര്യ വിഭവങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ മാര്‍ക്കറ്റ് സാധ്യത ഒരുക്കുക, മായം ചേരാത്ത ഭക്ഷണസംസ്‌കാരത്തിന്റെ ബ്രാന്‍ഡിങ് സാധ്യത രൂപപ്പെടുത്തുക എന്നതാണ് ഇവര്‍ മുന്നോട്ടുവച്ച കാഴ്ചപ്പാട്. ഏപ്രില്‍ മാസം കാട്ടാക്കട നടന്ന് നിക്ഷേപക സംഗമത്തോടെ ഇത് യാഥാര്‍ത്ഥ്യത്തിലേക്ക് കൂടുതല്‍ അടുത്തു.

എക്കോഷോപ്പ് എന്ന ആശയം
മായം ചേരാത്ത ആരോഗ്യഭക്ഷണസംസ്‌കാരത്തിന്റെ ബ്രാന്‍ഡിങ് എന്ന ആശയം മുന്‍നിര്‍ത്തിയാണ് ശാസ്തമംഗലത്ത് കറിക്കൂട്ടിന്റെ ആദ്യ പ്രീമിയം എക്കോ ഷോപ്പ് ആരംഭിച്ചത്. കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന നാടന്‍ പച്ചക്കറികള്‍, പരമ്പരാഗത ഭക്ഷണ ശീലങ്ങള്‍ തിരിച്ചുപിടിക്കാന്‍ സഹായിക്കുന്ന വിഭവങ്ങള്‍, ആരോഗ്യകരമായ ജീവിതശൈലിക്കായി പ്രത്യകം തയാറാക്കിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, മായം ചേര്‍ക്കാത്ത നിത്യോപയോഗ ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍ കൊണ്ടുണ്ടാക്കുന്ന ഹെല്‍ത്തി ജ്യൂസുകള്‍, കാട്ടാക്കടയിലെ ചെറുസംരംഭങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്നിവ കൂടാതെ കറിക്കൂട്ടിന്റെ ഉല്പന്നങ്ങളും ഈ എക്കോഷോപ്പില്‍ ലഭ്യമാണ്. അടുത്തഘട്ടത്തില്‍ കേരളത്തിലെ വിവിധ നഗരങ്ങളില്‍ കറിക്കൂട്ടിന്റെ പ്രീമിയം ഇക്കോ ഷോപ്പുകള്‍ ആരംഭിക്കാനാണ് ഇവരുടെ ആലോചന.

കെ.ഐ.ഡി.സി
കാട്ടാക്കടയെ കേരളത്തിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ നിയോജകമണ്ഡലം എന്ന നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപം കൊണ്ട പദ്ധതിയാണ് കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍. സമയബന്ധിതമായ പ്രവര്‍ത്തനത്തിലൂടെ നിയോജക മണ്ഡലത്തില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ക്ക് രൂപം നല്‍കുക, കേരളത്തിനകത്തും പുറത്തും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രങ്ങളുടെ യൂണിറ്റുകള്‍ മണ്ഡലത്തില്‍ സ്ഥാപിക്കുക, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ സംരംഭങ്ങളെ ആധുനികവല്‍ക്കരിച്ച് ലാഭത്തിലാക്കുക തുടങ്ങിയ വിവിധപദ്ധതികളുടെ ആസൂത്രണകേന്ദ്രമാണ് കെ.ഐ.ഡി.സി. ഇതിന്റെ തുടര്‍ച്ചയായി കേരള വ്യവസായ വകുപ്പിന്റെ സഹായത്തോടെ കാട്ടാക്കട വച്ചു നടന്ന നിക്ഷേപകസംഗമത്തില്‍ 383 കോടി രൂപയുടെ നിക്ഷേപ സാധ്യതയാണ് തുറന്നുവന്നത്. നിക്ഷേപക സംഗമത്തില്‍ തെരെഞ്ഞെടുക്കപ്പെട്ട രണ്ട് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു കറിക്കൂട്ട്.

അടുത്ത ഘട്ടം
എം.എല്‍.എയുടെ നേതൃത്വത്തില്‍ നിലവില്‍ കാട്ടാക്കട മണ്ഡലത്തില്‍ ഒരു കര്‍ഷകസംഘം രൂപീകരിക്കുകയും നാടന്‍ പച്ചക്കറികളുടെ വിഭവസമാഹരണം ഈ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിക്കാനുമുള്ള ആലോചനകള്‍ നടന്നു വരികയാണ്. വരുന്ന ആറുമാസക്കാലയളവില്‍ കാട്ടാക്കടയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ ഡാറ്റാബേസ് തയാറാക്കി കര്‍ഷകര്‍ക്ക് തുക നിശ്ചയിച്ച് ഈഉത്പന്നങ്ങള്‍ കറിക്കൂട്ടിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ഉപഭോക്താക്കള്‍ക്ക് മുന്‍കൂട്ടി ഉത്പന്നങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു സംവിധാനം ആലോചിക്കുകയാണ്. അതുവഴി കര്‍ഷകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക ലാഭം നേടിയെടുക്കാനും ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ വാങ്ങുന്ന പച്ചക്കറികളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും സാധിക്കും. മാത്രമല്ല, വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകുന്നതോടുകൂടി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇതിന്റെ വിപണനം സാധ്യമാക്കാനും കറിക്കൂട്ടിന്റെ ഈ പ്ലാറ്റ്‌ഫോം വഴി സാധ്യമാകുമെന്ന് ഇവര്‍ കരുതുന്നു.

Read also: പരാജയത്തെ ചവിട്ടുപടിയാക്കി വിജയത്തെ സഞ്ചിയിലാക്കിയ കഥ; നവ സംരംഭകർക്കുള്ള മാതൃക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...