Asianet News MalayalamAsianet News Malayalam

Ratan Tata : തന്റെ അവസാന വർഷങ്ങൾ എന്തിനായി മാറ്റിവെക്കുമെന്ന് വെളിപ്പെടുത്തി രത്തൻ ടാറ്റ

അസമിലെ ഏഴ് അത്യാധുനിക കാൻസർ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു ടാറ്റ 

Dedicate My Last Years To Assam says Ratan tata
Author
Trivandrum, First Published Apr 29, 2022, 6:18 PM IST

ഗുവാഹത്തി : അസമിനുവേണ്ടി തന്റെ അവസാന വര്‍ഷങ്ങള്‍ ചെലവഴിക്കും എന്ന് പ്രഖ്യാപിച്ച് വ്യവസായ പ്രമുഖന്‍ രത്തൻ ടാറ്റ. എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസമിനെ മാറ്റാനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അസമിലെ ഏഴ് അത്യാധുനിക കാൻസർ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ന് അസമിന്റെ ചരിത്രത്തിലെ സുപ്രധാന ദിനമാണ്. സംസ്ഥാനത്ത് നേരത്തെ കാൻസറിനു മികച്ച രീതിയിലുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമല്ലായിരുന്നു.  ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനം ആണെങ്കിൽ പോലും ലോകോത്തര നിലവാരത്തിലുള്ള ക്യാൻസർ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാണെന്ന് അസമിന് ഇപ്പോള്‍ പറയാന്‍ സാധിക്കും എന്നും ക്യാൻസർ പണക്കാരന്റെ രോഗമല്ല എന്നും  രത്തൻ ടാറ്റ പറഞ്ഞു. 

"ഇന്ന്, അസമിൽ ഏഴ് പുതിയ കാൻസർ ആശുപത്രികൾ ഉദ്ഘാടനം ചെയ്തു. മുൻപ് ഏഴ് വർഷത്തിനുള്ളിൽ ഒരു ആശുപത്രി തുറക്കുന്നു എന്നതുപോലും ആഘോഷിക്കപ്പെടുന്ന കാര്യമായിരുന്നു. ഇപ്പോൾ കാലം മാറി. ഏഴ് പുതിയ കാൻസർ ആശുപത്രികളാണ് ഇന്ന് ഒരു ദിവസത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ  മൂന്ന് കാൻസർ ആശുപത്രികൾ കൂടി തയ്യാറാകും" എന്ന് ശിലാസ്ഥാപന കർമം നിർവഹിച്ചശേഷം  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

അസമില്‍ ഒരുക്കിയിട്ടുള്ള ലോകോത്തര നിലവാരത്തിലുള്ള ഈ കാൻസർ ചികിത്സ അസമിനും  തെക്ക് കിഴക്കൻ ഏഷ്യയ്ക്കും ഗുണം ചെയ്യുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഈ വലിയ സംഭവനയ്ക്ക് കേന്ദ്ര സർക്കാരിനും രത്തൻ ടാറ്റയ്ക്കും അസമിന്റെ നന്ദിയറിക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios