Asianet News MalayalamAsianet News Malayalam

പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ വിൽപ്പന കുത്തനെ കുറഞ്ഞു; 6,600 ജീവനക്കാരെ പിരിച്ചുവിടാൻ ഡെൽ

ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട സാങ്കേതിക ഭീമന്മാരുടെ പട്ടികയിലേക്ക് ഇടപിടിച്ച് ഡെൽ. 'നഷ്ടം കുമിഞ്ഞുകൂടുന്നു. മറ്റുവഴികളില്ല' 

Dell Technologies eliminate about 6,650 jobs
Author
First Published Feb 6, 2023, 4:50 PM IST

ന്യൂയോർക്ക്: ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി അമേരിക്കൻ ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ ഡെൽ ടെക്നോളജീസ് ഇൻക്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആഗോള തലത്തിൽ വമ്പൻ പിരിച്ചുവിടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.  ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ട സാങ്കേതിക ഭീമന്മാരുടെ പട്ടികയിലേക്ക് ഡെൽ ചേർന്നു കഴിഞ്ഞു. പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ ഡിമാൻഡ് കുറയുന്നതിന്റെ ഫലമായാണ് ആയിരകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ ഡെൽ ഒരുങ്ങുന്നത്. കമ്പനിയിലെ 6,650 ജീവനക്കാരെ കമ്പനി പിരിച്ചുവിടുകയാണെന്നാണ് റിപ്പോർട്ട്. 

ഡെല്ലിന്റെ മൊത്തത്തിലുള്ള ജീവനക്കാരിൽ അഞ്ച് ശതമാനം പേരെയാണ് ഇപ്പോൾ പിരിച്ചുവിടാൻ ഒരുങ്ങുന്നത്. വിപണി സാഹചര്യങ്ങളാണ് ഇത്തരത്തിൽ തീരുമാനം എടുക്കാൻ കമ്പനിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് പേഴ്സണൽ കമ്പ്യൂട്ടറുകളുടെ ആവശ്യകത വർദ്ധിച്ചിരുന്നു. ഇതോടെ ഡെൽ അടക്കമുള്ള  മറ്റ് ഹാർഡ്‌വെയർ നിർമ്മാതാക്കളുടെ  ഡിമാൻഡ് ഉയർന്നു. അതേസമയം, 2022-ന്റെ നാലാം പാദത്തിൽ പേഴ്‌സണൽ കമ്പ്യൂട്ടർ കയറ്റുമതിയിൽ ഗണ്യമായ കുറവുണ്ടായി.

ഐഡിസിയുടെ കണക്കനുസരിച്ച്, വൻകിട കമ്പനികൾക്കിടയിൽ ഡെൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു, അതായത് 2021-ൽ ഇതേ സമയത്തേക്കാൾ 37 ശതമാനം ഇടിവ് നേരിട്ടു. ഡെല്ലിന്റെ മൊത്തം വരുമാനത്തിന്റെ 55 ശതമാനവും ലഭിക്കുന്നത് പേഴ്സണൽ കമ്പ്യൂട്ടറുകളുടെ വില്പനയിൽ നിന്നാണ്. 

നിയമനം നിർത്തിവയ്ക്കൽ, യാത്രാ നിയന്ത്രണങ്ങൾ തുടങ്ങിയ ഉൾപ്പെടെയുള്ള മുൻകാല ചെലവ് ചുരുക്കൽ നടപടികൾ ഇനി പര്യാപ്തമല്ലെന്ന് ഡെൽ ജീവനക്കാരെ അറിയിച്ചു. ജോലി വെട്ടിക്കുറയ്ക്കലും വകുപ്പുതല പുനഃസംഘടനയും കാര്യക്ഷമത വർധിപ്പിക്കാനുള്ള അവസരമായി കാണുന്നതായി കമ്പനി വ്യക്തമാക്കി. ഒക്‌ടോബർ 28-ന് അവസാനിച്ച കാലയളവിൽ വില്പനയിൽ 6  ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. 

ഡെൽ മാത്രമല്ല പേഴ്‌സണൽ കമ്പ്യൂട്ടറുകളുടെ വില്പനക്കാരായ എച്ച് പിയും പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.  6,000 തൊഴിലാളികളെ എച്ച് പി പിരിച്ചു വിടും. സിസ്‌കോ സിസ്റ്റംസ് ഇൻക്., ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ എന്നിവയും 4000  ജീവനക്കാരെ വീതം പിരിച്ചുവിടും. 

Follow Us:
Download App:
  • android
  • ios