അതിഥികൾക്കായി, നഗരത്തിലെ ഏറ്റവും ആഡംബര ഹോട്ടലുകളിൽ അഞ്ച് എണ്ണം ബുക്ക് ചെയ്തിട്ടുണ്ട്.
ആമസോൺ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ജെഫ് ബെസോസും ലോറൻ സാഞ്ചസും ഇറ്റലിയിലെ വെനീസിൽ വെച്ച് വിവാഹിതരാകുകയാണ്. ഈ വിവാഹത്തെ 'നൂറ്റാണ്ടിന്റെ വിവാഹം' എന്നാണ് വിളിക്കുന്നത്. കുറഞ്ഞത് 40 മില്യൺ യൂറോ അല്ലെങ്കിൽ 46 മില്യൺ ഡോളർ ആണ് ആതിഥേയ ചെലവ് എന്നാണ് സുചന. 90 സ്വകാര്യ ജെറ്റുകൾ, ആഡംബര ഹോട്ടലുകൾ എന്നിവയാണ് അതിഥികൾക്കായി ഒരുങ്ങിയിരിക്കുന്നത്. ഇന്നും നാളെയുമാണ് വിവാഹ ചടങ്ങുൾ നടക്കുക.
വെനീസ് ഉൾപ്പെടുന്ന വെനെറ്റോ മേഖലയിലെ ഗവർണർ ലൂക്ക സായ പറഞ്ഞത്, ബെസോസ്-സാഞ്ചസ് വിവാഹത്തിന് കുറഞ്ഞത് 40 മില്യൺ യൂറോ അല്ലെങ്കിൽ ഏകദേശം 46 മില്യൺ ഡോളർ (400 കോടി രൂപ) ചിലവാകുമെന്നാണ്. ബെസോസും സാഞ്ചസും ഏകദേശം 250 അതിഥികളെ ക്ഷണിച്ചിട്ടുണ്ട്, അതിൽ നിരവധി ഉന്നതരും സെലിബ്രിറ്റികളും ഉൾപ്പെടുന്നു. മുഴുവൻ അതിഥി പട്ടികയും ഇപ്പോഴും രഹസ്യമാണെങ്കിലും, കിം കർദാഷിയാൻ, ഇവാങ്ക ട്രംപ്, ഭർത്താവ് ജാരെഡ് കുഷ്നർ, അവരുടെ മൂന്ന് മക്കളായ ഓപ്ര വിൻഫ്രെ, ഒർലാൻഡോ ബ്ലൂം, മുൻ അമേരിക്കൻ ഫുട്ബോൾ താരം ടോം ബ്രാഡി എന്നിവരും പട്ടികയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. റോളിംഗ് സ്റ്റോൺസ് ഗായകൻ മിക്ക് ജാഗർ, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ഹോളിവുഡ് എ-ലിസ്റ്റർ ലിയോനാർഡോ ഡികാപ്രിയോ എന്നിവരും വിവാഹത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അതിഥികൾക്കായി, നഗരത്തിലെ ഏറ്റവും ആഡംബര ഹോട്ടലുകളിൽ അഞ്ച് എണ്ണം ബുക്ക് ചെയ്തിട്ടുണ്ട്. ഗ്യൂഡെക്ക ദ്വീപിലെ സിപ്രിയാനി, ഗ്രാൻഡ് കനാലിലെ അമാൻ എന്നിവ ബുക്ക് ചെയ്ത ഹോട്ടലുകളിൽ ഉൾപ്പെടുന്നു. ട്രാവൽ വെബ്‌സൈറ്റ് കയാക്കിന്റെ റിപ്പോർട്ട് പ്രകാരം, അമാനിലെ മുറിയുടെ വില 2,736 ഡോളറാണ്.
പത്രപ്രവർത്തകയും അവതാരകയുമായ ലോറൻ സാഞ്ചസുമായി 2023 മേയിൽ ജെഫ് ബെസോസിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നേരത്തെ, ദീർഘകാലത്തെ ദാമ്പ്യാത്യത്തിന് ശേഷം മുൻ ഭാര്യയായ മക്കെൻസി സ്കോട്ടുമായി ബെസോസ് വിവാഹമോചനം നേടിയിരുന്നു.

