ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിക്ക് ബോർഡിംഗ് നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ (Directorate General of Civil Aviation) ഉത്തരവിനെതിരെ അപ്പീൽ നൽകില്ലെന്ന് ഇൻഡിഗോയുടെ (IndiGo) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോണോജോയ് ദത്ത. ഭിന്ന ശേഷിക്കാരനായ ആൺകുട്ടിയെ വിമാനത്തിൽ കയറ്റാതിരുന്നതിനെ തുടർന്ന് അഞ്ച് ലക്ഷം രൂപയാണ് ഡിജിസിഎ ഇന്റിഗോ വിമാനക്കമ്പനിക്കെതിരെ പിഴ ചുമത്തിയിരിക്കുന്നത്.
ഡിജിസിഎ ഉത്തരവിനെതിരെ ഇൻഡിഗോ അപ്പീൽ നൽകില്ല. സംഭവ സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എയർപോർട്ട് ഡോക്ടറെ ബന്ധപ്പെടേണ്ടതായിരുന്നു എന്ന് റോണോജോയ് ദത്ത പറഞ്ഞതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തു. പിഴ നൽകുന്നതിനോടൊപ്പം ഭിന്നശേഷിക്കാരനായ കുട്ടിക്ക് ഇലക്ട്രിക് വീൽചെയർ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Read Also : പെൻസിൽ മുതൽ കുടവരെ തീവില: സ്കൂൾ തുറക്കുമ്പോൾ രക്ഷിതാക്കളുടെ നെഞ്ചിടിപ്പേറുന്നു
മെയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിൽ വെച്ച് ഭിന്നശേഷിക്കാരനായ കുട്ടിക്ക് യാത്ര ചെയ്യാനുള്ള അവസരം ഇന്റിഗോ വിമാനക്കമ്പനി നിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടുകൂടി വിശദമായ അന്വേഷണം നടത്താൻ ഡിജിസിഎ (DGCA) മൂന്നംഗ സമിതിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിസിഎ ഇൻഡിഗോ കമ്പനിയോട് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പിന്നീട് നേരിട്ട് വാദം കേട്ട ഡിജിസിഎ ഇന്റിഗോയ്ക്ക് പിഴ ചുമത്താൻ തീരുമാനിച്ചു. ഇന്റിഗോയുടെ ഗ്രൗണ്ട് സ്റ്റാഫ് ഭിന്നശേഷിക്കാരനായ കുട്ടിയെ കൈകാര്യം ചെയ്തതിൽ ഗുരുതരമായ പിഴവുണ്ടായെന്നും ഇതാണ് കുട്ടിക്ക് യാത്ര നിഷേധിക്കപ്പെടാൻ കാരണമെന്നും ഡിജിസിഎ കണ്ടെത്തി.
അൽപ്പം കൂടി സഹാനുഭൂതി ജീവനക്കാർക്ക് തന്നോട് കാട്ടാമായിരുന്നുവെന്നാണ് പരാതിക്കാരനായ കുട്ടി പറഞ്ഞത്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഒഴിവാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ഡിജിസിഎ അറിയിച്ചിട്ടുണ്ട്. മദ്യപിച്ചെത്തിയ യാത്രക്കാരനോളം വിമാനത്തിന് വെല്ലുവിളിയാണ് ഈ കുട്ടിയെന്ന് ആരോപിച്ചാണ് മെയ് ഏഴിന് ഇന്റിഗോ മാനേജർ കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചത്. ഇതേ തുടർന്ന് കുട്ടിക്കും മാതാപിതാക്കൾക്കും ഹൈദരാബാദിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ ദൃക്സാക്ഷിയായ മറ്റൊരാൾ ഇത് ട്വിറ്ററിലൂടെ പങ്കുവെച്ചതാണ് വിവാദത്തിലേക്ക് നയിച്ചത്. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
Read Also : 820 കോടിക്ക് ഹണി ബീ, ഗ്രീൻ ലേബൽ ഉൾപ്പടെ 32 മദ്യ ബ്രാൻഡുകൾ സ്വന്തമാക്കി സിംഗപ്പൂർ കമ്പനി
