Asianet News MalayalamAsianet News Malayalam

പെൻസിൽ മുതൽ കുടവരെ തീവില: സ്കൂൾ തുറക്കുമ്പോൾ രക്ഷിതാക്കളുടെ നെഞ്ചിടിപ്പേറുന്നു

സ്കൂൾ ബാഗ്, കുട, ചെരുപ്പ് തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. ഒരു കുട്ടിയെ സ്കൂളിൽ അയക്കാൻ 5000 രൂപയിലധികമാണ് ഒരു രക്ഷിതാവിന് ചെലവാകുക. 

school reopen tomorrow. Prices of school bags, books and umbrellas have also gone up.
Author
Trivandrum, First Published May 31, 2022, 5:52 PM IST

കോവിഡ് മഹാമാരി കവർന്ന മൂന്നുവർഷങ്ങൾക്കുശേഷം മധ്യവേനലവധി കഴിഞ്ഞ് കേരളത്തിലെ വിദ്യാലയങ്ങൾ (school) നാളെ തുറക്കുകയാണ്. വീണ്ടുമൊരു മഴക്കാലത്ത് സ്കൂൾ തുറക്കുമ്പോൾ ഒരുക്കങ്ങൾ ഇരട്ടിയാകുകയാണ്, കാരണം  ബാഗുകൾ (Bag) മുതൽ യൂണിഫോമുകൾ (school uniform) വരെ ഇനി പുതിയത് വാങ്ങിയേ മതിയാകൂ. മൂന്നു വർഷങ്ങൾക്ക് മുൻപ് ഉപയോഗിച്ചവയൊന്നും ഇനി ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിലായിരിക്കില്ല. അതിനാൽ തന്നെ രക്ഷിതാക്കളും കുട്ടികളും സാധങ്ങൾ വാങ്ങാനായി നെട്ടോട്ടം ഓടുകയാണ്. കോവിഡ് കൊണ്ടുപോയ കച്ചവടത്തെ തിരികെ പിടിക്കാനായി കച്ചകെട്ടി വിപണിയിലേക്കിറങ്ങി വ്യാപാരികളും. സ്കൂൾ തുറക്കുന്നതിന്റെ തൊട്ടു തലേ ദിവസമായ ഇന്ന് നട്ടുച്ചയ്ക്ക് പോലും തിരുവന്തപുരം ചാലയിലെ കടകളിൽ തിക്കും തിരക്കുമാണ്. 

പണപ്പെരുപ്പം ശ്വാസം മുട്ടിക്കുന്ന വിപണിയിൽ മറ്റു സാധനങ്ങൾക്കെന്നപോലെ വില വർധനവ് സ്കൂളിലേക്ക് വേണ്ട സാധന സാമഗ്രികൾക്കുമുണ്ട്. സ്കൂൾ വിപണിയിൽ 5 മുതൽ 15 ശതമാനം വരെ വില ഉയർന്നിട്ടുണ്ടെന്ന് മലപ്പുറം നിലമ്പൂരിലെ വ്യാപാരിയായ വിപിൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മൂന്ന് രൂപയുടെ പേനയ്ക്ക് ഇപ്പോൾ അഞ്ചു രൂപയാണ് വില അഞ്ചു രൂപയുടേതിന് എട്ടു രൂപയും.  നോട്ടുബുക്കുകൾക്ക് നാലു രൂപ മുതൽ ആറു രൂപവരെ വില വർധിച്ചിട്ടുണ്ട്. 45 രൂപയുടെ കോളേജ് നോട്ട് ബുക്കുകളുടെ വില 52 രൂപയായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

വളരെ പ്രതീക്ഷയോടെയാണ് വ്യാപാരികൾ സ്കൂൾ വിപണിയെ നോക്കി കാണുന്നത്. കഴിഞ്ഞ മൂന്നു വർഷത്തെ നഷ്ടം ഈ സീസണോടുകൂടി നികത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ. ഇതിന്റെ ഭാഗമായി സ്കൂൾ ബാഗുകൾ, കുടകൾ, പുസ്തകങ്ങൾ, വാട്ടർ ബോട്ടലുകൾ, പേന, പെൻസിൽ തുടങ്ങി ഒട്ടനവധി സാധനങ്ങൾ സംസ്ഥാനത്തെ വിപണിയിൽ എത്തിക്കഴിഞ്ഞു. 

Read Also : 820 കോടിക്ക് ഹണി ബീ, ഗ്രീൻ ലേബൽ ഉൾപ്പടെ 32 മദ്യ ബ്രാൻഡുകൾ സ്വന്തമാക്കി സിംഗപ്പൂർ കമ്പനി

പേപ്പർ വില ഉയർന്നത് നോട്ട് ബുക്കുകളുടെ വില വർധിപ്പിച്ചിട്ടുണ്ട്. പേപ്പറിന് ക്ഷാമം നേരിട്ടതോടെയാണ് വില ഉയർന്നത്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പേപ്പർ ഇറക്കുമതി ചെയ്തിരുന്നത് മലേഷ്യയിൽ നിന്നായിരുന്നു. മലേഷ്യ പേപ്പർ കയറ്റുമതി നിയന്ത്രിച്ചതോടുകൂടിയാണ് ഇന്ത്യൻ വിപണിയിൽ പേപ്പറിന് വില വർധിച്ചത്. 

പുസ്തകം പൊതിയുന്ന ബ്രൗൺ പേപ്പറുകൾക്കും മിനിമം 80 രൂപയാണ് വില.100 പേജുള്ള ചെറിയ നോട്ട് ബുക്കുകളുടെ  വില 30 ൽ നിന്നും 32 ആയി ഉയർന്നിട്ടുണ്ടെന്ന് തിരുവനന്തപുരം ചാലയിൽ വ്യാപാരം നടത്തുന്ന മഹേഷ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. എല്ലാത്തരം കമ്പനിയുടെ ഉത്പന്നങ്ങൾ വിൽക്കുമെങ്കിലും ശബരി ഉത്പന്നങ്ങളാണ് ഏറ്റവും കൂടുതൽ വിൽപന നടത്തുന്നത്. പെൻസിൽ ബോക്സുകൾക്ക് 10  ശതമാനത്തോളം വില ഉയർന്നിട്ടുണ്ട്. 100  മുതൽ ആരംഭിക്കുന്ന വില 300  കടന്ന് കുതിക്കുന്നു. ഭക്ഷണപാത്രത്തിനും ഇൻസ്ട്രുമെന്‍റ് ബോക്സുകൾക്കും 10 രൂപ മുതൽ 20 രൂപവരെ വില ഉയർന്നിട്ടുണ്ടെന്ന് മഹേഷ് വ്യക്തമാക്കി. 

ബാഗിനും കുടയ്ക്കും 20 ശതമാനത്തിലധികം വില ഉയർന്നിട്ടുണ്ട്. വിപണിയിൽ ഇപ്പോൾ ആവശ്യത്തിന് ബാഗുകൾ ലഭിക്കാത്ത അവസ്ഥയാണ് എന്ന് തിരുവനന്തപുരം ചാലയിലെ എബി ബാഗ്‌സ് ഉടമ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഉത്പാദനം കഴിഞ്ഞ മൂന്നു വർഷത്തെ അപേക്ഷിച്ച് വർധിപ്പിച്ചിട്ടുണ്ടെങ്കിലും വിപണിയിലേക്ക് ആവശ്യമായ ബാഗുകൾ എത്തിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ സീസണിൽ കച്ചവടം ഇരട്ടിയായെന്നും 80  ശതമാനത്തിൽ കൂടുതൽ കച്ചവടമാണ് ബാഗ് നിർമ്മാതാക്കൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Read Also : Milma : ഇനി കേരളത്തിലും പാൽ പൊടിയാകും; 100 കോടി രൂപ നിക്ഷേപത്തിൽ മിൽമയുടെ വമ്പൻ പദ്ധതി

യൂണിഫോം വാങ്ങാനും തയ്പ്പിക്കാനും ഉള്ള തിരക്ക് മറ്റൊരു വശത്തുണ്ട്. ഒരു ജോടി യൂണിഫോമിനുള്ള തുണി സർക്കാർ വിദ്യാലയങ്ങളിൽ  നൽകുന്നുണ്ടെങ്കിലും ഈ മഴക്കാലത്ത് ഒരു ജോഡി കൂടെ എടുത്തേ മതിയാകുകയുള്ളു. ഇത് തയ്‌ക്കാൻ 1500 രൂപയിധികം ചിലവാകുകയും ചെയ്യും. ഒരു മാസം മുൻപ് തന്നെ യൂണിഫോം തയ്ക്കാനുള്ള തിരക്ക് ആരംഭിച്ചുവെന്ന് കോഴിക്കോട് മിഠായി തെരുവിൽ തയ്യൽ കട നടത്തുന്ന മോഹനൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. ഒരു ജോഡി യൂണിഫോം നൽകിയെന്നും ഒരു മാസത്തേക്ക് തയ്ക്കാനുള്ളത് ഇനിയും ബാക്കിയാണെന്നും പലരും മൂന്ന് ജോഡി യൂണിഫോം വരെ തയ്പ്പിക്കാൻ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇരുപത് ശതമാനം വരെ വില ഉയർന്നിട്ടും വിപണികളിൽ തിരക്കോട് തിരക്ക് തന്നെയാണ്. പല കടകളിലും സാധങ്ങൾ തീർന്നെന്ന് തന്നെ പറയാം. അവശ്യ വസ്തുക്കളായതിനാൽ തന്നെ ഇവ വാങ്ങാതെ ഇരിക്കാനും കഴിയാത്ത അവസ്ഥയാണ്. കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ സാധാരണക്കാർ വെള്ളം കുടിക്കുന്നുണ്ടെന്ന് ചുരുക്കം. ബാഗ്, ബുക്ക്, യൂണിഫോം, കുട, ചെരുപ്പ്/ ഷൂസ്, പെൻസിൽ ബോക്സ്, പേന, പെൻസിൽ തുടങ്ങി എല്ലാം വാങ്ങി വരുമ്പോഴേക്ക് രണ്ടു കുട്ടികളുള്ള രക്ഷിതാക്കൾക്ക് ചുരുങ്ങിയത് 10000 രൂപയെങ്കിലും ചിലവ് വരും കുട്ടികളെ സ്കൂളിലെത്തിക്കാൻ. 

Read Also : വ്യാജ റിവ്യൂ ഇട്ടാൽ ഇനി കുടുങ്ങും; ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്കായി പുതിയ സംവിധാനം ഒരുക്കാൻ കേന്ദ്രം

Follow Us:
Download App:
  • android
  • ios