'സ്വദേശി' ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു പുതിയ തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് യുഎസിന്റെ നീക്കം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് രാജ്യത്തെ വ്യാപാര മേഖലയില്‍ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പല വ്യവസായങ്ങള്‍ക്കും തൊഴിലുകള്‍ക്കും ഇത് കനത്ത പ്രഹരമേല്‍പ്പിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഈ വെല്ലുവിളിയെ അവസരമാക്കി മാറ്റാനുള്ള നീക്കത്തിലാണ് ഇന്ത്യ. 'സ്വദേശി' ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു പുതിയ തരംഗം രാജ്യത്ത് ശക്തി പ്രാപിക്കുന്നതിനുള്ള വഴിയൊരുക്കുകയാണ് യുഎസിന്റെ നീക്കം. കഴിഞ്ഞ ശനിയാഴ്ച വാരാണസിയില്‍ നടത്തിയ പ്രസംഗത്തില്‍, വ്യാപാരികളോട് കടകളില്‍ 'സ്വദേശി ഉത്പന്നങ്ങള്‍' മാത്രം വില്‍ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന് ചെയ്യുന്ന വലിയ സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരക്കരാറിലെ തര്‍ക്കങ്ങള്‍
അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും, താരിഫ് പിന്‍വലിക്കാന്‍ സാധ്യതയില്ലെന്നാണ് യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ വ്യക്തമാക്കിയത്. ഇന്ത്യയുടെ വിപണി വളരെ അടഞ്ഞതാണെന്ന് ഒരു മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പുറമെ, ഇന്ത്യയുടെ ബ്രിക്‌സ് അംഗത്വവും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതുമടക്കമുള്ള കാര്യങ്ങളില്‍ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. റഷ്യയുമായി ഇന്ത്യ തുടരുന്ന വ്യാപാര ബന്ധങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നല്‍കിയിട്ടുണ്ട്. ട്രംപിന്റെ താരിഫ് ഭീഷണികളെ വകവെക്കാതെ സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്താന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ എടുത്തുപറഞ്ഞു.
കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍
അമേരിക്കന്‍ താരിഫുകളുടെ ആഘാതത്തില്‍ നിന്ന് കയറ്റുമതിക്കാരെ സംരക്ഷിക്കാന്‍ പുതിയ നടപടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും കയറ്റുമതിക്കാരെ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നു. ഇത് താരിഫുകളെ മറികടക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറയുന്നു. മത്സ്യവിഭവങ്ങള്‍, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയ മേഖലകളിലെ കയറ്റുമതിക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
പലിശ സബ്‌സിഡി പോലുള്ള ആനുകൂല്യങ്ങള്‍ നീട്ടിക്കൊടുക്കുക, യുഎസിലേക്ക് നേരിട്ടുള്ള ഷിപ്പിംഗ് ലൈന്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കയറ്റുമതിക്കാര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. സബ്‌സിഡികള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കയറ്റുമതിക്കാരെ സഹായിക്കാന്‍ നൂതനമായ വഴികള്‍ ആരായുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. പ്രത്യേകിച്ച് ചെറുകിട കയറ്റുമതിക്കാരുടെ വായ്പാ ചിലവ് കുറയ്ക്കാന്‍ ബാങ്കുകള്‍ റിസ്‌ക് അസസ്‌മെന്റ് മോഡലുകള്‍ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീരമേഖലകള്‍ അമേരിക്കയ്ക്ക് തുറന്നുകൊടുക്കില്ലെന്നും ഈ വിഷയത്തില്‍ രാജ്യം ഉറച്ചുനില്‍ക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം അവസാനം യുഎസ് വ്യാപാര പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

