മുംബൈ: കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മള്‍ട്ടി പേഷ്യന്റ് വെന്റിലേറ്റര്‍ നിര്‍മ്മിക്കുന്നു. പ്രതിരോധ ഗവേഷണ സ്ഥാപനം (ഡിആര്‍ഡിഒ) ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ് എന്നിവ സംയുക്തമായി ചേര്‍ന്നാണ് ഗവേഷണവും നിര്‍മ്മാണവും നടത്തുന്നത്. നാല് ലക്ഷം രൂപയാണ് ഒരു വെന്റിലേറ്ററിന് നിര്‍മ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്.

ഒരാഴ്ചക്കുള്ളില്‍ ഇതിനാവശ്യമായ എല്ലാ കണ്ടുപിടിത്തങ്ങളും പൂര്‍ത്തിയാകും. ആദ്യ മാസം അയ്യായിരം വെന്റിലേറ്ററും പിന്നീടുള്ള മാസങ്ങളില്‍ പതിനായിരം വെന്റിലേറ്ററുകളും നിര്‍മ്മിക്കും. ഇത് നിര്‍മ്മിക്കാനാവശ്യമായ പ്രധാന ഉപകരണങ്ങള്‍ ഡിആര്‍ഡിഒ നല്‍കും. രൂപകല്‍പന തയ്യാറാക്കാന്‍ ഒന്‍പത് കമ്പനികളെ ഫാര്‍മസ്യൂട്ടിക്കല്‍ വിഭാഗം സെക്രട്ടറി കണ്ടെത്തി. ഫാബ്രിക്കേഷന്‍ ഘടകങ്ങള്‍ ആനന്ദ് മഹീന്ദ്രയാണ് നല്‍കുക. ഓരോ വെന്റിലേറ്റര്‍ യൂണിറ്റിനും നാല് ലക്ഷം രൂപ വിലവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ പ്ലാന്റുകള്‍ വിട്ടുതരണമെന്ന് ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹ്യുണ്ടെ മോട്ടോര്‍ ഇന്ത്യ, ഹോണ്ട കാര്‍സ് ഇന്ത്യ, മാരുതി സുസുകി ഇന്ത്യ എന്നീ വാഹന നിര്‍മ്മാണ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് ആകെ 40000 വെന്റിലേറ്ററുകളാണ് നിലവിലുള്ളത്. 8500 എണ്ണം പൊതുമേഖലാ ആശുപത്രികളിലാണ്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ വെന്റിലേറ്ററുകള്‍, 5000. മുംബൈയില്‍ ആയിരത്തില്‍ താഴെയാണ് വെന്റിലേറ്ററുകളുള്ളത്. തമിഴ്‌നാട്ടില്‍ 1500, മധ്യപ്രദേശില്‍ 1800 വെന്റിലേറ്ററുകളുമാണ് ലഭ്യമായുള്ളത്. ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിരലിലെണ്ണാവുന്ന വെന്റിലേറ്ററുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തോട് പതിനായിരം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഇലക്ട്രിക്കല്‍സ് 30000 വെന്റിലേറ്ററുകളും ജൂണ്‍ മാസത്തിനകം നിര്‍മ്മിക്കുമെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.