അമേരിക്കയിലെ എല്ലാ കുട്ടികൾക്കും സ്പേസ് എക്സിന്റെ ഒരു ഓഹരി സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് സിഇഒ ഇലോൺ മസ്ക്. അടുത്ത വർഷം നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ശേഷമാണ് മസ്കിന്റെ ഈ പുതിയ പ്രഖ്യാപനം.

വാഷിംഗ്ടൺ: അമേരിക്കയിലെ എല്ലാ കുട്ടികൾക്കും തന്റെ റോക്കറ്റ്- ഉപഗ്രഹ നിർമ്മാണ കമ്പനിയായ സ്പേസ് എക്സിന്റെ (SpaceX) ഒരു ഓഹരി സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവുമായി സിഇഒ ഇലോൺ മസ്ക്. അടുത്ത വർഷത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ തീരുമാനം ദശലക്ഷക്കണക്കിന് അമേരിക്കൻ കുട്ടികൾക്ക് ഓഹരി വിപണിയിൽ ഉടമസ്ഥാവകാശം നേടിക്കൊടുക്കും. വരാനിരിക്കുന്ന നിരവധി പദ്ധതികളുടെ തുടക്കമായിരിക്കും ഇതെന്നും മസ്ക് തന്റെ എക്സ് (X) അക്കൗണ്ടിലൂടെ വ്യക്തമാക്കി. എന്നാൽ ഓഹരികൾ എങ്ങനെ വിതരണം ചെയ്യുമെന്നോ, ആർക്കൊക്കെ അർഹതയുണ്ടാകുമെന്നോ, ഇതിന്റെ പ്രവർത്തനരീതി എങ്ങനെയായിരിക്കുമെന്നോ ഉള്ള വിശദാംശങ്ങൾ അദ്ദേഹം പുറത്ത് വിട്ടിട്ടില്ല.

Scroll to load tweet…

കുട്ടികൾക്ക് നേരിട്ട് ഓഹരി നൽകുമോ അതോ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകൾ വഴിയാണോ ഇത് കൈമാറുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഐപിഒ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓഹരി വിൽപ്പന നടത്തി നാല് മാസങ്ങൾക്ക് ശേഷമാണ് മസ്കിന്റെ ഈ പുതിയ പ്രഖ്യാപനം. 2002-ൽ രൂപീകൃതമായ ശേഷം രണ്ട് പതിറ്റാണ്ടിലേറെ സ്വകാര്യ കമ്പനിയായി തുടർന്ന സ്പേസ് എക്സ് 2026 ജൂൺ 12-നാണ് 'SPCX' എന്ന ടിക്ക് മാർക്കിൽ നാസ്ഡാകിൽ (Nasdaq) ലിസ്റ്റ് ചെയ്തത്.

ഒരു ഓഹരിക്ക് 135 ഡോളർ എന്ന നിരക്കിലാണ് ഐപിഒ വഴി സ്പേസ് എക്സ് 55.56 കോടി ഓഹരികൾ വിപണിയിലിറക്കിയത്. തുടർന്ന് കൂടുതൽ ഓഹരികൾ വിറ്റഴിക്കാൻ സാധിച്ചതോടെ ഏകദേശം 8,570 കോടി ഡോളറാണ് ഐപിഒയിലൂടെ കമ്പനി സമാഹരിച്ചത്. പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ശൃംഖല, സ്റ്റാർഷിപ്പ് വികസനം തുടങ്ങിയ പദ്ധതികൾക്കായി മുൻപ് സ്വകാര്യ നിക്ഷേപകരെയാണ് സ്പേസ് എക്സ് ആശ്രയിച്ചിരുന്നത്. ഒക്ടോബർ 16 വെള്ളിയാഴ്ച വിപണി വ്യാപാരം അവസാനിക്കുമ്പോൾ സ്പേസ് എക്സിന്റെ ഓഹരി മൂല്യം 146.03 ഡോളറാണ്.