ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക വ്യാപാര കരാർ ഉടൻ ഒപ്പുവെച്ചേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഒക്ടോബർ 20-ന് അദ്ദേഹം ഇന്ത്യയിലെത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ചർച്ച നടത്തും. ആഗോള ഇന്ധന വിതരണത്തെ ബാധിക്കാതിരിക്കാൻ ഉപരോധങ്ങളിൽ ഇളവ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഷിംഗ്ടൺ: ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക വ്യാപാര കരാർ ഒപ്പുവെക്കുന്നതിന് തൊട്ടടുത്തെത്തിയതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഒക്ടോബർ 20-ന് മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കാനിരിക്കവെയാണ് പ്രതികരണം. ഉസ്‌ബെക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്ന മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ഉഭയകക്ഷി ചർച്ച നടത്തും. ഇന്ത്യയുമായി വ്യാപാര കരാറിൽ ഒപ്പുവയ്ക്കുന്നതിനുള്ള അവസാനഘട്ട ശ്രമത്തിലാണ് തങ്ങളെന്നും ഉടൻ തന്നെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ധന വിതരണവും ഉപരോധ ഇളവുകളും

ആഗോള ഇന്ധന വിതരണത്തെയും വിലയെയും ബാധിക്കാതിരിക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി ചില ഉപരോധങ്ങളിൽ യുഎസിന് ഇളവുകൾ നൽകേണ്ടി വന്നിട്ടുണ്ടെന്ന് മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി. യുഎസിൽ വിലക്കയറ്റമുണ്ടെങ്കിലും മറ്റ് പല രാജ്യങ്ങളിലും സ്ഥിതി കൂടുതൽ രൂക്ഷമാണ്. ഓരോ രാജ്യത്തിനും പരിഗണിക്കേണ്ട സങ്കീർണമായ പല ഘടകങ്ങളുമുണ്ട്. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ യാഥാർത്ഥ്യമാണ്. ബദൽ മാർഗ്ഗങ്ങളിലൂടെ ഊർജ്ജസ്വയംപര്യാപ്തത കൈവരിക്കുക എന്നത് ചില രാജ്യങ്ങൾക്ക് പ്രയാസകരമാണ്. വിദേശനയം രൂപീകരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ- ഉക്രെയ്ൻ യുദ്ധം യുഎസ് വിദേശനയത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, അത് മാത്രമല്ല നയരൂപീകരണത്തെ നയിക്കുന്നത്. മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധവും അവരുടെ ഊർജ്ജ ആവശ്യങ്ങളും പരിഗണിക്കേണ്ടതുണ്ട്. ഒറ്റ വിഷയം ഉയർത്തിക്കാട്ടി മറ്റ് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ തകർക്കാൻ കഴിയില്ലെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.

നേരത്തെ, ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ഉടൻ തന്നെ നടപ്പിലാകുമെന്നും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കിയിരുന്നു. ഇരുരാജ്യങ്ങളും മികച്ച വ്യാപാര പങ്കാളികളാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യുഎസ്- ഇന്ത്യ വ്യാപാര ചർച്ചകൾ നിലവിൽ ഒരു നിശ്ചിത തലത്തിലെത്തി നിൽക്കുകയാണെന്നും അതിനപ്പുറമുള്ള വിട്ടുവീഴ്ചകൾ എളുപ്പമല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഈ മാസമാദ്യം അഭിപ്രായപ്പെട്ടിരുന്നു.