ഡൊണാൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ മസ്‌ക് വിമർശിച്ചതോടെയാണ് ഓഹരി വിലയിലും വിപണി മൂലധനത്തിലും ഇടിവ് ഉണ്ടായത്
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും ധനികനും മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ സിഇഒയുമായ ഇലോൺ മസ്‌കിന്റെ ആസ്തിയിൽ വമ്പൻ ഇടിവ്. ഡൊണാൾഡ് ട്രംപുമായുള്ള തർക്കം ടെസ്‌ലയുടെ ഓഹരി വിലയെ 14% താഴ്ത്തി. 34 ബില്യൺ ഡോളർ കുറഞ്ഞു.. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം, 2025 ജൂൺ 6-ന്, 33.9 ബില്യൺ ഡോളർ കുറഞ്ഞ് മസ്കിൻ്റെ ആസ്തി 335 ബില്യൺ ഡോളറായി. എന്നാൽ ഇപ്പോഴും ഇലോൺ മസ്ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.
ഇലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള തർക്കം തുടരുന്നതിനിടയിൽ ഇന്നലെ ടെസ്‌ല ഓഹരികൾ 14.26% ഇടിഞ്ഞ് 284.70 ഡോളറിൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ ഒരു ട്രില്യൺ ഡോളർ വിപണി മൂല്യമുള്ള ടെസ്‌ല ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഓട്ടോമൊബൈൽ കമ്പനിയായിതന്നെ തുടരുന്നു.
ഡൊണാൾഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ മസ്‌ക് വിമർശിച്ചതോടെയാണ് ഓഹരി വിലയിലും വിപണി മൂലധനത്തിലും ഇടിവ് ഉണ്ടായത് .ഇലക്ട്രിക് വാഹന വാങ്ങലുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ ബിൽ നീക്കം ചെയ്തതിൽ മസ്‌ക് അസ്വസ്ഥനാണെന്ന് ആരോപിച്ച ട്രംപ് തിരിച്ചടിച്ചു, അതേസമയം അവരുടെ വഷളാകുന്ന ബന്ധം മസ്‌കിന്റെ ബിസിനസിനെ തകർക്കുമെന്ന് നിക്ഷേപകരിൽ ആശങ്ക വർദ്ധിച്ചത് മസ്കിന് ദോഷം ചെയ്യും. മസ്‌കിന്റെ ആസ്തി മുൻപ് പലതവണ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇത്തവണ സ്ഥിതി ഗുരുതരമാണ്. കാരണം ട്രംപ് തന്റെ സർക്കാർ കരാറുകൾ അവസാനിപ്പിക്കാൻ നിർദ്ദേശിച്ചു, ഇത് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും വരുമാനത്തെ സാരമായി ബാധിച്ചേക്കാം.


