Asianet News MalayalamAsianet News Malayalam

വിദേശ നാണയ വിനിമയ ചട്ട ലംഘനം; പേടിഎമ്മിനെതിരെ അന്വേഷണവുമായി ഇഡി

ആര്‍ബിഐ വിലക്ക് നേരിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് പേടിഎമ്മിനെതിരെ ഇഡി അന്വേഷണം.

enforcement directorate Investigation against Paytm
Author
First Published Feb 14, 2024, 3:00 PM IST

മുബൈ: റിസർവ് ബാങ്ക് വിലക്കിന് പിന്നാലെ പേടിഎമ്മിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഇ ഡി അന്വേഷണം. പേടിഎമ്മിനെതിരെ സ്വീകരിച്ച നടപടി പുനഃപരിശോധിക്കില്ലെന്ന് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതിനിടെ പേടിഎം ഓഹരി വില ഇന്നും പത്ത് ശതമാനം കുറഞ്ഞ് സർവകാല ഇടിവിലെത്തി. ആർ  ബി ഐ വിലക്ക് നേരിട്ട് രണ്ടാഴ്ച്ച പിന്നിടുമ്പോഴാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണവുമായി പേ ടിഎമ്മിലെത്തുന്നത്. കമ്പനി വിദേശനാണ്യ വിനിമയച്ചട്ടം ലംഘനം ആരോപിച്ചാണ് ഇ.ഡി അന്വേഷണം.

പേടിഎമ്മിലെ ചൈനീസ് നിക്ഷേപങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും പരിശോധന നടത്തുന്നുണ്ട്. ഫെബ്രുവരി 29ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുകയോ നിക്ഷേപ, വായ്പാ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നാണ് റിസര്‍വ് ബാങ്ക് പേയ്ടിഎമ്മിന്‍റെ ഉപസ്ഥാപനമായ പേയ്ടിഎം പേമെന്‍റസ് ബാങ്കിനോട് നിര്‍ദേശിച്ചത്. കൃത്യമായ രേഖകൾ ഇല്ലാതെ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും വിവിധ ഓഡിറ്റ് റിപ്പോര്‍ട്ടുകളിൽ സ്ഥാപനം തുടര്‍ച്ചയായി ചട്ടലംഘനങ്ങള്‍ നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആർ ബി ഐ വിലക്ക്.  

പേടിഎം യു.പി.ഐ സേവനങ്ങള്‍ മറ്റൊരു വിഭാഗമായതിനാല്‍, റിസര്‍വ് ബാങ്കിന്‍റെ നടപടി ബാധകമല്ല. എന്നാല്‍, പേടിഎം ബാങ്കിന്‍റെ പ്രവര്‍ത്തനം നിര്‍ജീവമാകുന്നതോടെ അത്  യു.പി.ഐ ആപ്പ് സേവനങ്ങളെയും ബാധിക്കും. ഇതോടെ പുതിയ നോഡൽ ബാങ്കിനെ കണ്ടെത്തി വാലറ്റ് പ്രതിസന്ധി പരിഹരിക്കാൻ പേടിഎം നീക്കം തുടങ്ങിയിരുന്നു.  ഇ ഡി അന്വേഷണം കൂടി എത്തിയതോടെ പേടിഎം ഓഹരിവില  സർവകാല ഇടിവിലെത്തി. ഇന്ന് പത്ത് ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ  കമ്പനിയുടെ 52  ശതമാനമാണ് ഓഹരിവില ഇടിഞ്ഞത്.

സമീര്‍ വാങ്കഡെയ്ക്കെതിരായ കള്ളപ്പണ കേസ്; അന്വേഷണം ദില്ലിയിലേക്ക് മാറ്റിയതായി ഇഡി

 

Follow Us:
Download App:
  • android
  • ios