പുതിയ പ്ലാറ്റ്ഫോം വഴി എടിഎം. വഴിയും യുപിഐ വഴിയും പിഎഫ് പണം പിന്‍വലിക്കാന്‍ സാധിക്കും. പിഎഫ്ഒയുടെ നിയമങ്ങള്‍ അനുസരിച്ച് ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി മാത്രമേ പിഎഫ്. ഭാഗികമായി പിന്‍വലിക്കാന്‍ സാധിക്കൂ.

വശ്യമായ കാര്യങ്ങള്‍ക്കല്ലാതെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പിന്‍വലിച്ചാല്‍ പിഴയോടെ തുക തിരിച്ചടയ്‌ക്കേണ്ടി വരുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). പിഎഫ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഇപിഎഫ്ഒ മുന്നറിയിപ്പ് നല്‍കി. പിഎഫ് പിന്‍വലിക്കല്‍ എളുപ്പമാക്കുന്ന ഇപിഎഫ്ഒ 3.0 എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോം പുറത്തിറങ്ങാനിരിക്കെയാണ് മുന്നറിയിപ്പ്. പുതിയ പ്ലാറ്റ്ഫോം വഴി എടിഎം. വഴിയും യുപിഐ വഴിയും പിഎഫ് പണം പിന്‍വലിക്കാന്‍ സാധിക്കും. എളുപ്പത്തില്‍ പണം പിന്‍വലിക്കാന്‍ സാധിക്കുമെങ്കിലും, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പിഎഫ് പണം പിന്‍വലിക്കാവൂ എന്നും ഇപിഎഫ്ഒ ഓര്‍മിപ്പിച്ചു.

പിഎഫ് പിന്‍വലിക്കാനുള്ള മാനദണ്ഡങ്ങള്‍

ഇപിഎഫ്ഒയുടെ നിയമങ്ങള്‍ അനുസരിച്ച് ചില പ്രത്യേക ആവശ്യങ്ങള്‍ക്കായി മാത്രമേ പിഎഫ്. ഭാഗികമായി പിന്‍വലിക്കാന്‍ സാധിക്കൂ. വീട് വാങ്ങുക, നിര്‍മിക്കുക,അറ്റകുറ്റപ്പണി ചെയ്യുക, ചികിത്സാ ആവശ്യങ്ങള്‍, സ്വന്തം അല്ലെങ്കില്‍ മക്കളുടെ വിവാഹം, മക്കളുടെ ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി പിഎഫ് പണം പിന്‍വലിക്കാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ അംഗങ്ങള്‍ രേഖകളൊന്നും സമര്‍പ്പിക്കേണ്ടതില്ല. വിരമിച്ചശേഷമോ രണ്ട് മാസത്തില്‍ കൂടുതല്‍ തൊഴിലില്ലാതിരിക്കുമ്പോഴോ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും.

ദുരുപയോഗം ചെയ്താല്‍

അനുവദനീയമായ ആവശ്യങ്ങള്‍ക്ക് പിന്‍വലിച്ച പിഎഫ് പണം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ അത് ദുരുപയോഗമായി കണക്കാക്കും. ഉദാഹരണത്തിന്, വീട് നിര്‍മാണത്തിന് പണം പിന്‍വലിച്ച് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഇപിഎഫ്ഒയ്ക്ക് പിഴയോടെ തുക തിരിച്ചുപിടിക്കാന്‍ അധികാരമുണ്ട്. ദുരുപയോഗം തെളിഞ്ഞാല്‍, 1952-ലെ ഇപിഎഫ് പദ്ധതിയുടെ 68ബി(11) ചട്ടമനുസരിച്ച് പിഴ ചുമത്തും. തുക പൂര്‍ണമായി തിരിച്ചടയ്ക്കുന്നതുവരെയോ മൂന്ന് വര്‍ഷത്തേക്കോ പിഎഫ് പിന്‍വലിക്കാന്‍ സാധിക്കില്ല.

ഇപിഎഫ്ഒ 3.0

സേവനങ്ങള്‍ വേഗത്തിലാക്കാനും സുതാര്യവും ഉപഭോക്തൃസൗഹൃദവുമാക്കാനും ലക്ഷ്യമിട്ടാണ് ഇപിഎഫ്ഒ 3.0 പ്ലാറ്റ്ഫോം വരുന്നത്. എടിഎം വഴിയും യുപിഐ വഴിയും പണം പിന്‍വലിക്കാന്‍ സാധിക്കുന്നതോടെ പിഎഫ് പിന്‍വലിക്കല്‍ വളരെ എളുപ്പമാകും. ഇത് വഴി എളുപ്പത്തില്‍ പിന്‍വലിക്കാന്‍ സാധിക്കുമെങ്കിലും, പിഎഫ് സമ്പാദ്യം വിരമിക്കല്‍ കാലത്തേക്കുള്ള സുരക്ഷാ കവചമാണെന്ന് മറക്കരുത്. ഇത് സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നും ഇപിഎഫ്ഒ മുന്നറിയിപ്പ് നല്‍കുന്നു.