നിലവില്‍ ഒരു എച്ച് - 1ബി വിസ അപേക്ഷ സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് 2,000 ഡോളറിനും 5,000 ഡോളറിനും ഇടയിലാണ് ചെലവ് വരുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ ഇത് 88 ലക്ഷം രൂപയായി ഉയരും.

പുതിയ എച്ച് - 1ബി വിസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ) ഫീസ് ഏര്‍പ്പെടുത്താനുള്ള യു എസ് നീക്കം ഇന്ത്യന്‍ ഐടി വ്യവസായത്തിന് വലിയ വെല്ലുവിളിയുയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍. നിലവിലെ വിസയുള്ളവരെയും പുതുക്കുന്നവരെയും ഈ തീരുമാനം ബാധിക്കില്ലെങ്കിലും, പുതിയ ഫീസ് ഘടന ഇന്ത്യന്‍ കമ്പനികളുടെ പ്രവര്‍ത്തനരീതിയെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഒരു എച്ച് - 1ബി വിസ അപേക്ഷ സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് 2,000 ഡോളറിനും 5,000 ഡോളറിനും (ഏകദേശം 1.76 ലക്ഷം മുതല്‍ 4.4 ലക്ഷം രൂപ വരെ) ഇടയിലാണ് ചെലവ് വരുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശം നടപ്പാക്കിയാല്‍ ഇത് 88 ലക്ഷം രൂപയായി ഉയരും.

ഉദാഹരണത്തിന് ഒരു ഇന്ത്യന്‍ ഐടി കമ്പനി 2027 സാമ്പത്തിക വര്‍ഷത്തില്‍ 5,000 എച്ച് - 1ബി അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍, ചെലവ് ഏകദേശം 4,400 കോടി രൂപയായി വര്‍ധിക്കും. ഈ ഭീമമായ ഫീസ് കാരണം ഇന്ത്യന്‍ ഐടി കമ്പനികള്‍ പുതിയ എച്ച് - 1ബി വിസ അപേക്ഷകള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കും. പകരം, ഇന്ത്യയില്‍ നിന്നുള്ള ഡെലിവറി വര്‍ദ്ധിപ്പിക്കുകയോ, അമേരിക്കയില്‍ കൂടുതല്‍ ജീവനക്കാരെ പ്രാദേശികമായി നിയമിക്കുകയോ ചെയ്യും.

ഇന്ത്യന്‍ ഐടിക്ക് എന്ത് സംഭവിക്കും?

വരുമാനത്തിന്റെ 60 ശതമാനവും അമേരിക്കയില്‍ നിന്ന് നേടുന്ന ഇന്ത്യന്‍ ഐടി വ്യവസായം കഴിഞ്ഞ ഒരു ദശാബ്ദമായി എച്ച് - 1ബി വിസയെ ആശ്രയിക്കുന്നത് കുറച്ചു വരുന്നുണ്ട്. വലിയ ഐടി കമ്പനികളുടെ ജീവനക്കാരില്‍ ഏകദേശം 20 ശതമാനം മാത്രമാണ് ഇപ്പോള്‍ അമേരിക്കയില്‍ നേരിട്ട് ജോലി ചെയ്യുന്നത്. ഇതില്‍ തന്നെ 20-30 ശതമാനം പേര്‍ക്ക് മാത്രമാണ് എച്ച് - 1ബി വിസയുള്ളത്. അതായത്, ഒരു സാധാരണ ഐടി കമ്പനിയുടെ മൊത്തം ജീവനക്കാരില്‍ 3-5 ശതമാനം മാത്രമാണ് എച്ച് - 1ബി വിസക്കാര്‍.

പുതിയ വിസ അപേക്ഷകള്‍ കുറയുന്നത് ഓണ്‍-സൈറ്റ് വരുമാനത്തില്‍ കുറവുണ്ടാക്കിയേക്കാം. എന്നാല്‍, ഓണ്‍-സൈറ്റ് ചെലവുകളും കുറയുമെന്നതിനാല്‍, ഇത് കമ്പനികളുടെ പ്രവര്‍ത്തന ലാഭം കൂട്ടാന്‍ സഹായിച്ചേക്കാമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മൊത്തം വരുമാന വളര്‍ച്ചയുടെ വേഗത കുറയാന്‍ സാധ്യതയുണ്ട്.

വലിയ കമ്പനികള്‍ക്കും തിരിച്ചടി

എച്ച് - 1ബി വിസകള്‍ക്ക് ഏറ്റവും കൂടുതല്‍ അപേക്ഷിക്കുന്നത് ഇന്ത്യന്‍ ഐടി കമ്പനികളല്ല, മറിച്ച് അമേരിക്കയിലെ വന്‍കിട ടെക് കമ്പനികളാണ്. യു.എസ്. സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (USCIS) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ എച്ച് - 1ബി വിസകള്‍ നേടിയത് ആമസോണ്‍ ആണ് (10,044 വിസകള്‍). ടിസിഎസ് (5,505), മൈക്രോസോഫ്റ്റ് (5,189), മെറ്റ (5,123), ആപ്പിള്‍ (4,202), ഗൂഗിള്‍ (4,181) എന്നിവയും മുന്‍നിരയിലുണ്ട്. അതായത് ഈ ഫീസ് വര്‍ദ്ധന ആഗോള ടെക് ഭീമന്മാരെയും ബാധിക്കം.

വരാനിരിക്കുന്നത് മാറ്റങ്ങളുടെ കാലം

ഓഫ്ഷോര്‍ ഡെലിവറിയിലേക്ക്: ഇന്ത്യയില്‍ നിന്നോ മറ്റ് കുറഞ്ഞ ചിലവിലുള്ള സ്ഥലങ്ങളില്‍ നിന്നോ ജോലി ചെയ്യിപ്പിക്കുന്നത് കൂടുതല്‍ ലാഭകരമാണ്. പുതിയ ഫീസ് ഈ പ്രവണത ശക്തിപ്പെടുത്തും.

പ്രാദേശിക നിയമനം: എച്ച് - 1ബി വിസകള്‍ക്കുള്ള ഉയര്‍ന്ന ചെലവ് കാരണം, കമ്പനികള്‍ അമേരിക്കയില്‍ തന്നെ പൗരന്മാരെയും ഗ്രീന്‍ കാര്‍ഡ് ഉടമകളെയും കൂടുതല്‍ നിയമിക്കാന്‍ സാധ്യതയുണ്ട്.

പ്രാദേശിക കഴിവുകള്‍ വികസിപ്പിക്കുന്നു: അമേരിക്കയില്‍ പ്രാദേശികമായി ആളുകളെ പരിശീലിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഐടി കമ്പനികള്‍ ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ ചെലവഴിക്കുന്നുണ്ട്.

ഫീസ് വര്‍ദ്ധനവ് നടപ്പായാല്‍, പുതിയ എച്ച് - 1ബി അപേക്ഷകള്‍ ഗണ്യമായി കുറയാനും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളുടെ എണ്ണം കുറയുകയും, ആ ഒഴിവുകളിലേക്ക് കൂടുതല്‍ പ്രാദേശിക ജീവനക്കാരെ നിയമിക്കുകയും ചെയ്യുന്ന ഒരു സാഹചര്യമാകും ഉണ്ടാകുക.