അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം പ്രമുഖ എഫ്എംസിജി കമ്പനികൾ ഉൽപ്പന്നങ്ങൾക്ക് വീണ്ടും വില വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു. വില വർദ്ധിപ്പിക്കുന്നതിന് പകരം ഉൽപ്പന്നങ്ങളുടെ അളവ് കുറയ്ക്കുന്ന 'ഷ്രിങ്ക്ഫ്ലേഷൻ' എന്ന തന്ത്രവും കമ്പനികൾ പരീക്ഷിക്കുന്നുണ്ട്. ബ്രിട്ടാനിയ, ഹിന്ദുസ്ഥാൻ യൂണിലിവർ തുടങ്ങിയ കമ്പനികൾ ഈ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ്.
അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം, ആഗോളതലത്തിലുള്ള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ എന്നിവ കാരണം എഫ്എംസിജി കമ്പനികള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വീണ്ടും വില കൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ തന്നെ എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ക്ക് ശരാശരി 2 മുതല്‍ 5 ശതമാനം വരെ വില വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധിപ്പിക്കുന്നതിന് പകരം ഉല്‍പ്പന്നങ്ങളുടെ അളവോ തൂക്കമോ കുറയ്ക്കുന്ന 'ഷ്രിങ്ക്ഫ്‌ലേഷന്‍' തന്ത്രവും കമ്പനികള്‍ വ്യാപകമായി പരീക്ഷിക്കുന്നുണ്ട്. പാക്കറ്റിന് പുറത്തുള്ള വില കൂട്ടി ഉപഭോക്താക്കളെ അകറ്റാതെ തന്നെ ലാഭം നിലനിര്‍ത്താനാണിത്. നാണയപ്പെരുപ്പം, ക്രൂഡ് ഓയില്‍ വില, മണ്‍സൂണ്‍, എല്‍ നിനോ തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങള്‍ എന്നിവ കമ്പനികള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
ഷ്രിങ്ക്ഫ്‌ലേഷന്‍ എന്ന തന്ത്രം
5 രൂപ, 10 രൂപ പോലെയുള്ള ചെറിയ പായ്ക്കറ്റുകളുടെ വില കൂട്ടിയാല്‍ അത് ഉപഭോക്താക്കളെ പെട്ടെന്ന് ബാധിക്കും. അതിനാല്‍ വില കൂട്ടാതെ, പായ്ക്കറ്റിലെ ഉല്‍പ്പന്നത്തിന്റെ അളവ് കുറയ്ക്കുന്ന തന്ത്രമാണ് കമ്പനികള്‍ പയറ്റുന്നത്. അതായത്, ഉപഭോക്താക്കള്‍ മുന്‍പത്തെ അതേ പണം നല്‍കുമെങ്കിലും ലഭിക്കുന്ന സാധനത്തിന്റെ അളവ് കുറവായിരിക്കും. വില താരതമ്യം ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ ഇനി ഉല്‍പ്പന്നത്തിന്റെ തൂക്കവും ശ്രദ്ധിക്കേണ്ടി വരും.
ബ്രിട്ടാനിയ
5 രൂപ, 10 രൂപ പായ്ക്കറ്റുകളുടെ തൂക്കം കുറയും. പഞ്ചസാര, പാം ഓയില്‍ എന്നിവയുടെ വില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ സെപ്റ്റംബര്‍ പാദത്തില്‍ 1.5 മുതല്‍ 2 ശതമാനം വരെ വില വര്‍ധനവിന് ബ്രിട്ടാനിയ തയ്യാറെടുക്കുകയാണ്. 5 രൂപയുടെയും 10 രൂപയുടെയും ബിസ്‌ക്കറ്റ് പായ്ക്കറ്റുകളുടെ അളവ് കുറയ്ക്കുന്ന രീതിയാകും കമ്പനി പ്രധാനമായും സ്വീകരിക്കുക.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
സെപ്റ്റംബര്‍ പാദത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറും വിവിധ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയേക്കും. ജൂണ്‍ പാദത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ പാദത്തില്‍ 2 മുതല്‍ 5 ശതമാനം വരെ വില കൂട്ടും. കഴിഞ്ഞ ജൂണ്‍ പാദത്തിലും കമ്പനി 2-5 ശതമാനം വില കൂട്ടിയിരുന്നു.
ഡാബര്‍
അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം തുടരുമെന്നാണ് ഡാബറിന്റെ വിലയിരുത്തല്‍. നാണയപ്പെരുപ്പം കാരണം ഉപഭോക്താക്കളിലേക്ക് ഈ അധിക ബാധ്യത കൈമാറാന്‍ കമ്പനി നിര്‍ബന്ധിതരാകുകയാണെന്ന് ഡാബര്‍ ഇന്ത്യ അറിയിച്ചു.
ഗോദ്റെജ് കണ്‍സ്യൂമര്‍
ജൂണ്‍ പാദത്തില്‍ ഏകദേശം 5 ശതമാനം വില വര്‍ധിപ്പിച്ച ഗോദ്റെജ്, സെപ്റ്റംബര്‍ പാദത്തിലും സമാനമായ വില വര്‍ധനവ് നടപ്പിലാക്കിയേക്കാം.
ടാറ്റ കണ്‍സ്യൂമര്‍
അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍ ഇനിയും വില കൂട്ടേണ്ടി വരുമെന്ന് ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് സൂചന നല്‍കി.


