മുംബൈ: ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അറിയിച്ച് എയര്‍ ഏഷ്യ. എന്നാല്‍ മാറ്റത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്. 
ബജറ്റ് കാരിയര്‍ എയര്‍ ഏഷ്യ ഏപ്രില്‍ 15 മുതലുള്ള വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. എന്നാല്‍ കൊവിഡ് 19മായി ബന്ധപ്പെട്ട് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രകാരമേ സര്‍വീസ് നടത്തൂവെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ആഭ്യന്തര സര്‍വീസുകളും അന്താരാഷ്ട്ര സര്‍വീസുകളും ഏപ്രില്‍ 14 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധ തടയാനാണിത്.  എന്നാല്‍ ഭൂരിഭാഗം വിമാനക്കമ്പനികളും ഏപ്രില്‍ 15 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അതേസമയം പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ വെള്ളിയാഴ്ച പറഞ്ഞത്, ഏപ്രില്‍ 30 വരെ സര്‍വീസ് നടത്തില്ലെന്നാണ്. ഏപ്രില്‍ 14 ന് ലോക്ക് ഡൗണ്‍ അവസാനിച്ചാലും രണ്ടാഴ്ച കൂടി സര്‍വീസ് നീട്ടിവയ്ക്കാനാണ് തീരുമാനം.

വ്യാഴാഴ്ച സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോലയാണ് ഏപ്രില്‍ 14 ന് ശേഷമുള്ള വിമാന ടിക്കറ്റ് ബുക്കിങിന് തടസമില്ലെന്ന് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കമ്പനികള്‍ ബുക്കിങ് ആരംഭിച്ചത്. ഇന്റിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍  എന്നിവര്‍ ഏപ്രില്‍ 15 മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുമെന്നാണ് വ്യക്തമാക്കിയത്. വിസ്താരയും ഏപ്രില്‍ 15 മുതലുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.