സ്വർണ വിപണിയിൽ ഇന്ന് വില കുറഞ്ഞപ്പോൾ, ഇന്നലെ കുറഞ്ഞ വിലയ്ക്ക് സ്വർണം വിറ്റവർ ഇന്ന് 30 രൂപ ഗ്രാമിന് കൂട്ടുകയാണ് ചെയ്തതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി

തിരുവനന്തപുരം: കേരളത്തിൽ ജ്വല്ലറി തർക്കത്തെ തുടർന്ന് സ്വർണവില കുറച്ച് പോരടിച്ച ജ്വല്ലറികൾ ഇന്ന് സ്വർണം വിറ്റത് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നിശ്ചയിച്ച അതേ നിരക്കിൽ. ചില വൻകിടക്കാരുടെ നിബന്ധനകളനുസരിച്ച് വില നിർണ്ണയ രീതി മാറ്റാനാവില്ലെവന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു.

ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കാലങ്ങളായി പിന്തുടർന്നു വരുന്ന വില നിർണ്ണയരീതി യഥാർത്ഥമാണെന്ന തിരിച്ചറിവ് സ്വാഗതം ചെയ്യുന്നുവെന്ന് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ എസ് അബ്ദുൾ നാസർ പറഞ്ഞു. അനാവശ്യ കിടമത്സരങ്ങളും സത്യസന്ധമല്ലാത്ത ഓഫർ പരസ്യങ്ങളും നൽകി, തമ്മിൽ മത്സരിച്ച് ഉപഭോക്താക്കളെ വഞ്ചിക്കുന്ന നിലപാടിൽ നിന്നും വൻകിട ജുവലറികൾ പിൻമാറണം. മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ വിലനിർണയ രീതിയാണ് കേരളത്തിലേത്. ഇതടിസ്ഥാനമാക്കിയാണ് സ്വർണ വില എല്ലാ ദിവസവും പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ വിപണിയിൽ ഇന്ന് വില കുറഞ്ഞപ്പോൾ, ഇന്നലെ കുറഞ്ഞ വിലയ്ക്ക് സ്വർണം വിറ്റവർ ഇന്ന് 30 രൂപ ഗ്രാമിന് കൂട്ടുകയാണ് ചെയ്തതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. വ്യക്തികളെക്കാൾ വലുതാണ് സംഘടനയെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. ഇന്നലെ ഒരു ദിവസം അനാവശ്യമായി വില കുറച്ചിട്ട് സ്വർണ വിപണിയെ പ്രതിസന്ധിയിലാക്കുകയാണ് ചിലർ ചെയ്തത്. ഇവർക്കെതിരെ ശക്തമായ നിലപാടെടുത്ത കേരളത്തിലെ സ്വർണ വ്യാപാരികളെ സംസ്ഥാന കമ്മിറ്റി അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വില നിർണയ രീതി

അന്താരാഷ്ട്ര സ്വർണ വില ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA)ൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബെെ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്. യഥാർത്ഥ വിലയിൽ നിന്ന് രണ്ട് ശതമാനം വരെ ലാഭം എടുക്കാമെന്ന് അസോസിയേഷന്റെ തീരുമാനമുണ്ടെങ്കിലും ലാഭം കുറച്ചാണ് ഇന്ന് വില നിശ്ചയിച്ചിട്ടുള്ളത്.

തർക്കം ഇങ്ങനെ

കഴിഞ്ഞ ദിവസം ഒരു വൻകിട ജ്വല്ലറി പഴയ സ്വർണത്തിന് ഒരു 100 രൂപ കൂടുതൽ നൽകുമെന്നും പണിക്കൂലി ഇല്ലാതെ സ്വർണം നൽകുമെന്നും പരസ്യം ചെയ്തതിനെ തുടർന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായത്. സംഭവത്തിൽ അസോസിയേഷനെ പ്രതിഷേധം അറിയിച്ച സംസ്ഥാനത്തെ മറ്റ് രണ്ട് ജ്വല്ലറികൾ ഇന്നലെ അസോസിയേഷൻ നിശ്ചയിച്ച നിരക്കിലും കുറഞ്ഞ നിരക്കിൽ സ്വർണം വിറ്റു. ഇന്നലെ സ്വർണവിലയിൽ 60 രൂപയുടെ കുറവാണ് അസോസിയേഷന്റെ വിലയിൽ ഉണ്ടായത്. എന്നാൽ പോരടിച്ച ജ്വല്ലറികൾ 70 രൂപ കൂടി ഗ്രാമിന് കുറച്ചു. ഇതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ജനങ്ങളെ കെണിവെച്ച് കടയിലേക്ക് കയറ്റുകയും അവർ ഉദ്ദേശിക്കുന്ന വിലയിലും പണിക്കൂലിയിലും സ്വർണം നൽകുകയുമാണ് ഇത്തരക്കാർ പരസ്യത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.