Asianet News MalayalamAsianet News Malayalam

പേടിഎമ്മിനുള്ള കുരുക്ക് മുറുകുന്നു; വിടാതെ കേന്ദ്രം, വിദേശ നിക്ഷേപത്തിലും അന്വേഷണം

ചൈനയിൽ നിന്ന്  പേടിഎമ്മിലേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നതായി സൂചന.

Govt panel examining Chinese FDI flow into Paytm Payments Services
Author
First Published Feb 12, 2024, 5:31 PM IST

പേടിഎമ്മിനുള്ള കുരുക്ക് മുറുക്കി ചൈനയിൽ നിന്ന്  കമ്പനിയിലേക്ക് എത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നതായി സൂചന. വൺ97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ പേടിഎം പേയ്‌മെൻറ് സർവീസസ് ലിമിറ്റഡിലേക്ക് ചൈനയിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപം എത്തിയതിനെ കുറിച്ചാണ് അന്വേഷണം.  പേടിഎം പേയ്‌മെൻറ് സർവീസസ് 2020 നവംബറിൽ റിസർവ് ബാങ്കിന്റെ പേയ്‌മെൻറ് അഗ്രഗേറ്ററായി പ്രവർത്തിക്കാനുള്ള ലൈസൻസിനായി അപേക്ഷിച്ചിരുന്നു. എന്നാൽ ആർബിഐ 2022 നവംബറിൽ ഈ അപേക്ഷ നിരസിക്കുകയും എഫ്‌ഡിഐ നിയമങ്ങൾ പാലിച്ച് അപേക്ഷ വീണ്ടും സമർപ്പിക്കാൻ കമ്പനിയോട് ആവശ്യപ്പെടുകയും ചെയ്തു. ചൈനീസ് സ്ഥാപനമായ ആൻറ് ഗ്രൂപ്പ് കമ്പനിക്ക് വൺ97  കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൽ നിക്ഷേപമുണ്ട്. തുടർന്ന്, എഫ്ഡിഐ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അപേക്ഷ 2022 ഡിസംബർ 14-ന് കമ്പനി ഇന്ത്യൻ സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ് .

 പേടിഎം പേയ്‌മെൻറ് സർവീസസ് ലിമിറ്റഡിൽ ചൈനയിൽ നിന്നുള്ള നിക്ഷേപം ഒരു സമിതി  പരിശോധിച്ചു വരികയാണെന്നും എഫ്ഡിഐ വിഷയത്തിൽ  സമഗ്ര അന്വേഷണത്തിന് ശേഷം തീരുമാനമെടുക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അതേ സമയം കഴിഞ്ഞ പേടിഎം ഓഹരികളിൽ ഇന്ന് 2 ശതമാനം നേട്ടം രേഖപ്പെടുത്തി.  കഴിഞ്ഞ ആഴ്ചയിലെ അവസാന രണ്ട് ദിവസങ്ങളിൽ പേടിഎം ഓഹരികൾ 15 ശതമാനം ഇടിഞ്ഞിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓഹരി വില 15.48 ശതമാനമാണ് ഇടിഞ്ഞത്.ഇത് വഴി സെൻസെക്‌സിലെ വിപണി മൂല്യത്തിൽ നിന്ന് 4,870.96 കോടി രൂപയാണ് നഷ്ടമായത്.  വ്യാഴാഴ്ച ഓഹരികൾ 10 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിലെത്തിയിരുന്നു. ഫെബ്രുവരി 29 ന് ശേഷം പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎം പേയ്‌മെൻറ് ബാങ്കിനെ റിസർവ് ബാങ്ക് വിലക്കിയതിന് തൊട്ടുപിന്നാലെയാണ് ഓഹരികൾ ഇടിഞ്ഞത്. ആർബിഐ നിർദേശ പ്രകാരം പേടിഎമ്മിന്റെ ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ടുകൾ,  വാലറ്റുകൾ, ഫാസ്‌ടാഗുകൾ, മുതലായവയിൽ കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios