ബിയര്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ ബിറ മൊറെറ്റി , ക്രൂസ്‌കാമ്പോ എന്നിവയുടെയും ഉടമകളാണ് ഹൈനെക്കന്‍. എന്നാല്‍ സമീപകാലത്ത് കമ്പനി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്
ലോകപ്രശസ്ത ബിയര്‍ ബ്രാന്‍ഡായ ഹൈനെക്കന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഡോള്‍ഫ് വാന്‍ ഡെന്‍ ബ്രിങ്ക് സ്ഥാനം ഒഴിയുന്നു. ആഗോളതലത്തില്‍ ബിയര്‍ വില്‍പ്പനയില്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്നതിനിടെയാണ് ആറു വര്‍ഷത്തെ സേവനത്തിന് ശേഷം അദ്ദേഹം പടിയിറങ്ങുന്നത്. വരും വര്‍ഷങ്ങളില്‍ വില്‍പ്പന ഇനിയും കുറഞ്ഞേക്കുമെന്ന ആശങ്കയ്ക്കിടയിലാണ് ഈ മാറ്റം.
നുരയൊടുങ്ങി വില്‍പ്പന; വെല്ലുവിളിയായി പുതിയ ശീലങ്ങള്‍
ബിയര്‍ പ്രേമികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകളായ ബിറ മൊറെറ്റി , ക്രൂസ്‌കാമ്പോ എന്നിവയുടെയും ഉടമകളാണ് ഹൈനെക്കന്‍. എന്നാല്‍ സമീപകാലത്ത് കമ്പനി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്:
ആരോഗ്യ അവബോധം: മദ്യപാനം കുറയ്ക്കുന്നതിന്റെ ഭാഗമായി ആളുകള്‍ മദ്യമില്ലാത്തതോ , വീര്യം കുറഞ്ഞതോ ആയ പാനീയങ്ങളിലേക്ക് മാറുന്നു.
വിലക്കയറ്റം: അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും ജനങ്ങളുടെ ബജറ്റ് ചുരുങ്ങിയതും ബിയര്‍ വില്‍പ്പനയെ ബാധിച്ചു.
തലമുറ മാറ്റം: പുതിയ തലമുറമദ്യത്തില്‍ നിന്ന് അകലം പാലിക്കുന്നത് ഹൈനെക്കന്റെ ഭാവി നിക്ഷേപങ്ങളെ ബാധിക്കുമെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.
റെക്കോര്‍ഡ് ഇടിവ്; ലാഭത്തില്‍ ഇടിവ്
കഴിഞ്ഞ ഒക്ടോബറില്‍ കമ്പനി ലാഭവിഹിതത്തില്‍ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്പിലും അമേരിക്കയിലുമാണ് വില്‍പ്പനയില്‍ ഏറ്റവും വലിയ ഇടിവ് (2.3%) രേഖപ്പെടുത്തിയത്. ഇതിനു പുറമെ, മദ്യമില്ലാത്ത ബിയര്‍ എന്ന നിലയില്‍ ഹൈനെക്കന്‍ വിപണിയിലിറക്കിയ 'ഹൈനെക്കന്‍ 0.0' എന്ന ബ്രാന്‍ഡിന്റെ വില്‍പ്പനയിലും ഇടിവുണ്ടായി. 2026-ല്‍ വില്‍പ്പന ഇനിയും താഴേക്ക് പോകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
മാറ്റം അനിവാര്യമോ?
ഡോള്‍ഫ് വാന്‍ ഡെന്‍ ബ്രിങ്ക് മെയ് മാസത്തില്‍ സ്ഥാനം ഒഴിയുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വിലയില്‍ 3 ശതമാനത്തോളം ഇടിവുണ്ടായി. അദ്ദേഹം വലിയ പ്രതീക്ഷകളോടെയാണ് സ്ഥാനമേറ്റതെങ്കിലും വിപണിയിലെ തിരിച്ചടികള്‍ തടയാന്‍ കഴിഞ്ഞില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
150 വര്‍ഷത്തെ പാരമ്പര്യം നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ഹൈനെക്കന് 150 വര്‍ഷത്തിലധികം പഴക്കമുണ്ട്. ആംസ്റ്റല്‍, സോള്‍ , മര്‍ഫീസ് ഐറിഷ് സ്റ്റൗട്ട് , തുടങ്ങി നിരവധി വമ്പന്‍ ബ്രാന്‍ഡുകള്‍ ഈ കമ്പനിയുടേതാണ്. മെക്‌സിക്കോ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ചെറിയ വളര്‍ച്ച നേടാനായെങ്കിലും യൂറോപ്പിലെ കനത്ത തിരിച്ചടി കമ്പനിയെ വലയ്ക്കുന്നുണ്ട്.
