ആദായ നികുതിദായകര്‍ക്ക് രണ്ട് നികുതി സമ്പ്രദായങ്ങള്‍ മാറി മാറി ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാം.
2020 ലെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച രണ്ടാമത്തെ നികുതി വ്യവസ്ഥ പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്ത് നിലവില്‍ രണ്ട് നികുതി സമ്പ്രദായങ്ങള്‍ ആണ് നിലവില്‍ ഉള്ളത്. ആദ്യത്തേത് വര്‍ഷങ്ങളായി തുടരുന്ന പഴയ നികുതി വ്യവസ്ഥയാണ്. നികുതിദായകര്‍ക്ക് ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്. അതേ സമയം 2023ലെ ബജറ്റില്‍ പ്രഖ്യാപനം അനുസരിച്ച് നികുതി അടയ്ക്കുമ്പോള്‍ നിങ്ങള്‍ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്തില്ലെങ്കില്‍, പുതിയ നികുതി വ്യവസ്ഥ അനുസരിച്ച് നികുതി കണക്കാക്കും. അതായത് പുതിയ നികുതി വ്യവസ്ഥ ഇപ്പോള്‍ ഡിഫോള്‍ട്ട് ഓപ്ഷനായിട്ടുള്ളത്. ഇനി ആദായ നികുതിദായകര്‍ക്ക് രണ്ട് നികുതി സമ്പ്രദായങ്ങള്‍ മാറി മാറി ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാം.
202324 സാമ്പത്തിക വര്‍ഷം മുതല്‍ അവതരിപ്പിച്ച മാറ്റങ്ങളെത്തുടര്‍ന്ന്, നികുതിദായകര്‍ക്ക് പുതിയതും പഴയതുമായ ആദായ നികുതി വ്യവസ്ഥയില്‍ ഏതെങ്കിലുമൊന്ന് വര്‍ഷം തോറും തെരഞ്ഞെടുക്കാന്‍ സാധിക്കും. അതായത് പഴയ നികുതി വ്യവസ്ഥയിലേക്ക് പോകണമെങ്കില്‍ അത് പ്രത്യേകമായി തെരഞ്ഞെടുക്കണം.ശമ്പളക്കാരായ വ്യക്തികള്‍ക്ക് മാത്രമാണ് ഈ അവസരം. ഓരോ വര്‍ഷവും നിയന്ത്രണമില്ലാതെ തന്നെ രണ്ട് രീതികളില്‍ ഒന്ന് തിരഞ്ഞെടുക്കാം, ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139(1) പ്രകാരം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള നിശ്ചിത തീയതിക്ക് മുമ്പ് ആണ് ഇത് തെരഞ്ഞെടുക്കേണ്ടത്.
ബിസിനസ്സില്‍ നിന്നോ പ്രൊഫഷണല്‍ സ്രോതസ്സുകളില്‍ നിന്നോ വരുമാനമുള്ളവര്‍ക്ക്, നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാണ്. പുതിയ നികുതി വ്യവസ്ഥയില്‍ നിന്ന് ഒഴിവായിക്കഴിഞ്ഞാല്‍, പഴയ രീതിയിലേക്ക് മടങ്ങാന്‍ അവര്‍ക്ക് ഒരു അവസരം മാത്രമേയുള്ളൂ, കൂടാതെ സെക്ഷന്‍ 139(1) പ്രകാരമുള്ള ഫയലിംഗിന് മുമ്പായി ഏത് സമ്പ്രദായം വേണമെന്ന് നിശ്ചയിക്കുകയും വേണം. പഴയ രീതിയിലേക്ക് മടങ്ങിയ ശേഷം പുതിയ രീതിയിലേക്ക് മടങ്ങാന്‍ അനുവാദമില്ലാത്തതിനാല്‍, വളരെ ശ്രദ്ധിച്ചുമാത്രമേ ഇക്കാര്യം നിശ്ചയിക്കാവൂ. അതേ സമയം ബിസിനസ് ഇതര വരുമാനമുള്ള ഒരു വ്യക്തിക്ക് വര്‍ഷം തോറും പുതിയതും പഴയതുമായ നികുതി വ്യവസ്ഥകള്‍ക്കിടയില്‍ മാറാന്‍ കഴിയും. അതേ വര്‍ഷത്തിനുള്ളില്‍, ഐടി നിയമത്തിലെ 139(1) വകുപ്പ് പ്രകാരം റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള നിശ്ചിത തീയതിക്ക് മുമ്പ് മാത്രമേ പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കാന്‍ കഴിയൂ .
