നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? ഇന്ത്യയിൽ ഏത് മാർഗത്തിൽ നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് അറിയാമോ.. റിയല്‍ എസ്റ്റേറ്റോ ഓഹരിയോ മികച്ച നിക്ഷേപ മാർഗം  

വിരമിക്കല്‍ സമ്പാദ്യം, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള കരുതല്‍ധനം, സ്വപ്‌ന ഗൃഹം വാങ്ങുക, ആഗ്രഹിച്ച വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള ഉല്ലാസയാത്ര തുടങ്ങിയ ഏത് ആഗ്രഹങ്ങള്‍ മുന്‍നിര്‍ത്തിയാണെങ്കിലും നാനാവശവും പരിശോധിച്ചതും ആസൂത്രണം ചെയ്തതുമായ നിക്ഷേപതന്ത്രം വേണം ഏതൊരാളും സ്വീകരിക്കേണ്ടത്. അതേസമയം, കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതായാലും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പണമിറക്കുന്നതായാലും രണ്ടും ജനപ്രീതിയാര്‍ജിച്ച നിക്ഷേപ മാര്‍ഗങ്ങളാണ്. ഇവയുടെ പ്രത്യേകതകളാണ് താഴെ വിശദീകരിക്കുന്നത്.

ദീര്‍ഘകാലയളവില്‍ സമ്പാദ്യം കെട്ടിപ്പടുക്കാനുള്ള ആസ്തിയെന്നോണം സ്വരൂപിക്കാനാകുന്നതും വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ളതും ദീര്‍ഘകാലത്തിനിടെ സ്ഥിരതയാര്‍ന്ന മൂല്യവര്‍ധനവിനും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം സഹായിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചപോലെ അപൂര്‍വം സന്ദര്‍ഭങ്ങളിലൊഴികെ മികച്ച വിലയില്‍ പിന്നീട് വില്‍ക്കാന്‍ സാധിക്കുമെന്നതും നേട്ടമാണ്. സമ്പത്ത് കൂടുതലായി സൃഷ്ടിക്കപ്പെടുന്നതിനാലും ഭവന വായ്പകള്‍ വേഗത്തില്‍ ലഭ്യമാകുന്നതും മധ്യവര്‍ഗ വിഭാഗങ്ങളേയും ജീവനക്കാരേയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നു. കോവിഡ് മഹാമാരിയിലെ പാഠങ്ങളും വീട് വാങ്ങുന്നതിനുള്ള പോസിറ്റീവ് വികാരം ജനങ്ങള്‍ക്കിടയില്‍ ജനിപ്പിക്കുന്നുണ്ട്.

അതേസമയം ഓഹരികളിലെ നിക്ഷേപം തുടക്കത്തില്‍ ലാഭം നല്‍കാമെങ്കിലും കമ്പനിയുമായോ വിപണിയുമായോ ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സാഹചര്യം ഉടലെടുത്താല്‍ വളരെ വേഗം നിക്ഷേപമൂല്യം അപഹരിക്കപ്പെടാനുള്ള സാധ്യത മുന്നിലുണ്ട്. ഉയര്‍ന്ന നേട്ടത്തിനുള്ള അവസരങ്ങളുണ്ടെങ്കിലും നിരവധി പ്രതികൂല ഘടകങ്ങളാല്‍ എപ്പോള്‍ വേണമെങ്കിലും അനുഭവപ്പെടാവുന്ന ചഞ്ചലത, ഓഹരിയിലെ നിക്ഷേപത്തെ അസ്ഥിരമാക്കുന്നു. എന്നാല്‍ ദീര്‍ഘകാല സുരക്ഷിതത്തവും ഉയര്‍ന്ന ആദായവും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തില്‍ നിന്നും പ്രതീക്ഷിക്കാം.

സമാനമായി വിപണിയില്‍ ലഭ്യത കുറവായതിനാലും ആവശ്യകത ഉയരുന്നതിനാലും കോവിഡ് മഹാമാരിയുടെ ഇടവേളയ്ക്കു ശേഷം ഓഫീസില്‍ നിന്നുള്ള പ്രവര്‍ത്തനം കമ്പനികള്‍ പുനഃരാരംഭിക്കുന്നതിന്റേയുമൊക്കെ പശ്ചാത്തലത്തില്‍ വാടക വീടുകള്‍ മുഖേനയുള്ള ഇതര വരുമാനവും ഉയരുന്ന സാഹചര്യമാണുള്ളത്. കൂടാതെ അടിയന്തര സാമ്പത്തിക സാഹചര്യം ഉടലെടുത്താല്‍ പ്രോപ്പര്‍ട്ടിയുടെ വിപണി വിലയുടെ 80% വരെ വായ്പയായി ലഭിക്കുമെന്നതും റിയല്‍ എസ്റ്റേറ്റിന്റെ പ്രത്യേകതയാണ്.

അതുപോലെ ആദ്യ ഭവനത്തിനായുള്ള നിക്ഷേപം കൂടിയാണേല്‍ വാടക ഇനത്തില്‍ ചെലവാകാമായിരുന്ന തുക ലാഭിക്കാം. ഇനി അധികമായി വാങ്ങിയ ഭവനമാണെങ്കില്‍ വാടകയ്ക്ക് നല്‍കിയാല്‍ ലോണ്‍ ഉണ്ടെങ്കില്‍ ഇഎംഐ അടഞ്ഞുപോകാനും സഹായിക്കും. കൂടാതെ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) പ്രവര്‍ത്തനം ആരംഭിച്ചതോടെ മേഖലയില്‍ സുതാര്യതയും മേല്‍നോട്ടവും വര്‍ധിച്ചതുമൊക്കെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തെ ആകര്‍ഷമാക്കുന്നു.