ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ചില ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ കസ്റ്റംസ് തീരുവ ഇളവുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 20 മുതൽ ആട്ടിറച്ചി, കിവി, വൈൻ തുടങ്ങിയവയ്ക്ക് ഈ ഇളവ് ലഭിക്കും. എന്നാൽ പാലുൽപ്പന്നങ്ങളെയും ചില കാർഷിക ഉൽപ്പന്നങ്ങളെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയും ന്യൂസിലന്ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ന്യൂസിലന്ഡില് നിന്നുള്ള ഇറക്കുമതിക്ക് ആദ്യഘട്ട കസ്റ്റംസ് തീരുവ ഇളവുകള് ഇന്ത്യ പ്രഖ്യാപിച്ചു. വൈന്, മനുക ഹണി, കിവി പഴങ്ങള്, ആട്ടിറച്ചി തുടങ്ങിയ ഉല്പ്പന്നങ്ങള് കുറഞ്ഞ നികുതിയോടെ ഒക്ടോബര് 20 മുതല് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാം.
ആട്ടിറച്ചിക്ക് തീരുവയില്ല; കിവിപ്പഴത്തിന് 15%
വിജ്ഞാപനത്തില് ഉള്പ്പെടുത്തിയിട്ടുള്ള പുതിയതും ശീതീകരിച്ചതുമായ ആടിറച്ചിയുടെ ഇറക്കുമതിക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ, അഗ്രികള്ച്ചര് ഇന്ഫ്രാസ്ട്രക്ചര് ആന്ഡ് ഡെവലപ്മെന്റ് സെസ് , ഹെല്ത്ത് സെസ് എന്നിവ ഈടാക്കില്ല. ഒരു കിലോഗ്രാമിന് 2.50 യുഎസ് ഡോളറോ അതില് കൂടുതലോ വിലയുള്ള, നിശ്ചിത വ്യവസ്ഥകള് പാലിക്കുന്ന കിവിപ്പഴത്തിന്റെ ഇറക്കുമതിക്ക് 15 ശതമാനമാണ് അടിസ്ഥാന കസ്റ്റംസ് തീരുവ.
പട്ടികയില് ഉള്പ്പെടുത്തിയിട്ടുള്ള ചില മത്സ്യങ്ങളുടെ ഇറക്കുമതിക്ക് 25.71 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവയ്ക്ക് അഗ്രികള്ച്ചര് ഇന്ഫ്രാസ്ട്രക്ചര് ആന്ഡ് ഡെവലപ്മെന്റ് സെസും ഹെല്ത്ത് സെസും ഉണ്ടായിരിക്കില്ല. എന്നാല്, എല്ലാ മത്സ്യങ്ങള്ക്കും ഒരേ നിരക്കല്ല ബാധകം. ഇറക്കുമതി ചെയ്യുന്ന ഉല്പ്പന്നം ഏത് താരിഫ് വിഭാഗത്തില്പ്പെടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും തീരുവ. എല്ലാ ഇറക്കുമതികള്ക്കും പൊതുവായി തീരുവ ഒഴിവാക്കിയിട്ടില്ലെന്നതാണ് പ്രധാന കാര്യം. വിജ്ഞാപനത്തില് വ്യക്തമാക്കിയിട്ടുള്ള ചില തീരുവകളിലും സെസുകളിലും മാത്രമാണ് ഇളവ്.
തിരഞ്ഞെടുത്ത ചില ഉല്പ്പന്നങ്ങള്ക്ക് താരിഫ് റേറ്റ് ക്വോട്ട (ടിആര്ക്യു) സംവിധാനവും വിജ്ഞാപനത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ നിശ്ചിത അളവിലുള്ള ഉല്പ്പന്നങ്ങള്ക്കു മാത്രമാണ് പ്രത്യേക നിരക്കിലുള്ള തീരുവ ഇളവ് ലഭിക്കുക.ഇളവ് ലഭിക്കുന്നതിന് ഇറക്കുമതിക്കാര് ഓരോ ഉല്പ്പന്നത്തിനും ബാധകമായ നിബന്ധനകള് പാലിക്കണം. ഉല്പ്പന്നം ന്യൂസിലന്ഡില് നിന്നുള്ളതാണെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം.തിരഞ്ഞെടുത്ത ഉല്പ്പന്നങ്ങള്ക്ക് വ്യാപാര ഇളവുകള് നല്കുമ്പോഴും രാജ്യത്തിന് പ്രാധാന്യമുള്ള ചില മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. പാലുല്പ്പന്നങ്ങള്ക്കും പ്രധാനപ്പെട്ട ചില കാര്ഷിക ഉല്പ്പന്നങ്ങള്ക്കും ഈ ഇളവുകള് ബാധകമല്ല.


