Asianet News MalayalamAsianet News Malayalam

60 ദിവസം; ലോകത്തില്‍ ഏറ്റവുമധികം പിപിഇ കിറ്റുകള്‍ വിതരണം ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ

രണ്ട് മാസത്തിനുള്ളില്‍ വ്യക്തിഗത സുരക്ഷാ കിറ്റുകളുടെ നിര്‍മ്മാണ മേഖല 56 ഇരട്ടി വളര്‍ച്ച നേടിയെന്നാണ് റിപ്പോര്‍ട്ട്. വ്യവസായ മേഖല, ആരോഗ്യ രംഗം, സാധാരണക്കാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള ആവശ്യക്കാരാണ് പിപിഇ കിറ്റുകള്‍ക്കുള്ളത്.

india has become second largest ppe kit supplier in 60 days
Author
Bengaluru, First Published May 24, 2020, 11:32 PM IST

ബെംഗളുരു: ലോകത്തില്‍ ഏറ്റവുമധികം പിപിഇ (പേര്‍സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്‍റ്) കിറ്റുകള്‍ വിതരണം ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. വെറും അറുപത് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടമെന്നാണ് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് മാസത്തിനുള്ളില്‍ വ്യക്തിഗത സുരക്ഷാ കിറ്റുകളുടെ നിര്‍മ്മാണ മേഖല 56 ഇരട്ടി വളര്‍ച്ച നേടിയെന്നാണ് റിപ്പോര്‍ട്ട്. 

600 കമ്പനികളാണ് പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ അംഗീകാരമുള്ളത്. ഇന്നത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 4.5 ലക്ഷം പിപിഇ കിറ്റുകളാണ് ഒരു ദിവസം നിര്‍മ്മിച്ചിട്ടുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യയില്‍ നിന്നുള്ള പിപിഇ കിറ്റുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് ഉള്ളത്. 7000കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിലുള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗോഗിള‍്‍സ്, ഫേസ് ഷീല്‍ഡ്, മാസ്ക്(സര്‍ജിക്കല്‍, എന്‍ 95), ഗ്ലൌസ്(സര്‍ജിക്കല്‍, എക്സാമിനേഷന്‍), ഗൌണ്‍, ഹെഡ് കവര്‍, ഷൂ കവര്‍ എന്നിവയുള്‍പ്പെടുന്നതാണ് പിപിഇ കിറ്റ്. 

വ്യവസായ മേഖല, ആരോഗ്യ രംഗം, സാധാരണക്കാര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലുള്ള ആവശ്യക്കാരാണ് പിപിഇ കിറ്റുകള്‍ക്കുള്ളത്. വ്യവസായ മേഖലയിലെ ഓര്‍ഡറുകള്‍ അനുസരിച്ച് 2.22 കോടി രൂപയുടെ പിപിഇ കിറ്റുകള്‍ ഇനിയും നിര്‍മ്മിക്കുന്നുണ്ടെന്നാണ് സ്ട്രാറ്റെജിക് ഇന്‍വെസ്റ്റ്മെന്‍റ് റിസേര്‍ച്ച് യൂണിറ്റ് വിദഗ്ധരാണ മിഷിക നയ്യാറും രമ്യ ലക്ഷ്മണനും വിശദമാക്കുന്നത്. ബെംഗളുരുവിലാണ് ഇത്തരത്തില്‍ ഏറ്റവുമധികം പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നത്. തിരുപ്പൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, അഹമ്മദാബാദ്, വഡോദര, ലുധിയാന, ഭിവന്‍ഡി, കൊല്‍ക്കത്ത, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

വസ്ത്രവ്യാപാര മേഖലയിലെ വമ്പന്‍മാരായ അരവിന്ദ് മില്‍സ്, ജെസിടി മില്‍സ്, വെല്‍സ്പണ്‍ എന്നിവയാണ് ഈ മേഖലയിലെ പ്രമുഖ ഉല്‍പാദകര്‍. കോട്ടണ്‍ വസ്ത്ര നിര്‍മ്മാണ മേഖലയ്ക്ക് പ്രശസ്തമായ തിരുപ്പൂരും വലിയ തോതിലാണ് പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നത്. നാവിക സേനയും  റെയില്‍വേയും ഡിആര്‍ഡിഒ ഫാക്ടറികളും പിപിഇ കിറ്റുകള്‍ നിര്‍മ്മിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios