ഒക്ടോബർ 20-ന് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരും. ഇതോടെ ന്യൂസിലൻഡിൽ നിന്നുള്ള മരം, കമ്പിളി, ആപ്പിൾ, കിവി തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയും. എന്നാൽ പാൽ, വെണ്ണ തുടങ്ങിയ ഉൽപ്പന്നങ്ങളെ ഈ ഇളവുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 20-ന് പ്രാബല്യത്തില്‍ വരും. വിജയദശമി ദിനത്തിലാണ് കരാര്‍ നിലവില്‍ വരുന്നത്. ഇതോടെ ന്യൂസിലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഒട്ടേറെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയും. സാധാരണക്കാര്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകാന്‍ ഇത് വഴിയൊരുക്കും. ഇക്കൊല്ലം ഏപ്രില്‍ 27-ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലന്‍ഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയും തമ്മിലാണ് ഈ കരാറില്‍ ഒപ്പുവെച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര തടസ്സങ്ങളും ഇറക്കുമതി തീരുവകളും കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് എഫ്.ടി.എ കരാര്‍.
വില കുറയുന്നത് എന്തിനൊക്കെ?
ന്യൂസിലന്‍ഡില്‍ നിന്നുള്ള 70 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ ഇറക്കുമതി തീരുവ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരുവ പൂര്‍ണ്ണമായും ഒഴിവാക്കുന്നവ: മരം, കമ്പിളി, ആട്ടിറച്ചി, തുകല്‍ എന്നിവയുടെ ഇറക്കുമതി തീരുവ ഒക്ടോബര്‍ 20-ന് പൂര്‍ണ്ണമായും ഒഴിവാക്കും.
പതിയെ വില കുറയുന്നവ: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, വെജിറ്റബിള്‍ ഓയിലുകള്‍, മാള്‍ട്ട് എക്‌സ്ട്രാക്റ്റ്, ചില ഇലക്ട്രിക്കല്‍ - മെക്കാനിക്കല്‍ മെഷിനറികള്‍ എന്നിവയുടെ തീരുവ കരാര്‍ നിലവില്‍ വന്ന് 3, 5, 7, 10 വര്‍ഷങ്ങള്‍ക്കൊണ്ട് പടിപടിയായി കുറയ്ക്കും.
ഭാഗികമായി കുറയുന്നവ: മരുന്നുകള്‍, പോളിമറുകള്‍, അലുമിനിയം, ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ തീരുവ കുറയ്ക്കുമെങ്കിലും പൂര്‍ണ്ണമായും ഒഴിവാക്കില്ല.
ആപ്പിളും കിവിയും തേനും
ചില കാര്‍ഷിക, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടില്ല. പകരം നിശ്ചിത അളവിലുള്ള ഇറക്കുമതിക്ക് മാത്രം ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്
തേന്‍ : നിലവില്‍ 66% ആണ് ഇറക്കുമതി തീരുവ. പുതിയ കരാര്‍ പ്രകാരം പ്രതിവര്‍ഷം 200 ടണ്‍ വരെയുള്ള ഇറക്കുമതിക്ക് അഞ്ച് വര്‍ഷം കൊണ്ട് തീരുവയില്‍ 75% ഇളവ് നല്‍കും. ഇതിന് കിലോയ്ക്ക് കുറഞ്ഞത് 20 ഡോളര്‍ വിലയുണ്ടായിരിക്കണം. ഈ പരിധിക്ക് പുറത്തുള്ള ഇറക്കുമതിക്കും അഞ്ച് വര്‍ഷം കൊണ്ട് തീരുവ 16.5% ആയി കുറയുമെങ്കിലും, കിലോയ്ക്ക് കുറഞ്ഞത് 30 ഡോളര്‍ വില വേണം.
കിവി പഴം: നിലവില്‍ 33% ആണ് തീരുവ. ആദ്യ വര്‍ഷം 6,250 ടണ്‍ മുതല്‍ ആറാം വര്‍ഷം 15,000 ടണ്‍ വരെ കിവി പഴങ്ങള്‍ക്ക് പൂര്‍ണ്ണമായും തീരുവയുണ്ടാകില്ല (0%). കിലോയ്ക്ക് കുറഞ്ഞത് 1.80 ഡോളര്‍ വിലയുണ്ടായിരിക്കണം. ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള സമയത്താകും ഈ ഇളവ് ലഭിക്കുക.
ആപ്പിള്‍: 50% ആണ് നിലവിലെ തീരുവ. ആദ്യ വര്‍ഷം 32,500 ടണ്‍ മുതല്‍ ആറാം വര്‍ഷം 45,000 ടണ്‍ വരെയുള്ള ആപ്പിളുകള്‍ക്ക് തീരുവ 25% ആയി കുറയും. കിലോയ്ക്ക് 1.25 ഡോളറെങ്കിലും വിലയുണ്ടായിരിക്കണം.
ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള സമയത്താണ് ഈ ആനുകൂല്യം ലഭിക്കുക. പരിധി കഴിഞ്ഞുള്ള ഇറക്കുമതിക്ക് നിലവിലെ തീരുവ തുടരും. പാല്‍, ക്രീം, തൈര്, ചീസ്, വെണ്ണ തുടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങളെയും മറ്റ് കാര്‍ഷിക-മൃഗ ഉല്‍പ്പന്നങ്ങളെയും ഇളവുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സവാള, കടല, പീസ്, ചോളം, ബദാം, പഞ്ചസാര, കൃത്രിമ തേന്‍, വെജിറ്റബിള്‍ ഫാറ്റുകള്‍, എണ്ണകള്‍, ആയുധങ്ങള്‍ തുടങ്ങിയവയ്ക്കും വിലക്കുറവുണ്ടാകില്ല. ചുരുക്കത്തില്‍, ഒട്ടേറെ ന്യൂസിലന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറയുമെങ്കിലും, ഓരോ ഉല്‍പ്പന്നത്തിനും പല ഘട്ടങ്ങളിലായാകും ഈ വിലക്കുറവ് വിപണിയില്‍ നടപ്പിലാകുക.


