പ്രമുഖ സ്വകാര്യ ബാങ്കും രണ്ട് മള്‍ട്ടി നാഷണല്‍ ബാങ്കുകളും ഇത്തരം ഇടപാടുകള്‍ക്കായി പണമയക്കുന്നത് ഇതിനകം നിര്‍ത്തിവെച്ചു. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് പിന്നില്‍:

ദുബായില്‍ ആഡംബര വീടുകളും വില്ലകളും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കാത്തിരിക്കുന്നത് വന്‍ നിയമക്കുരുക്കുകളാണെന്ന് റിപ്പോര്‍ട്ട്. ആകര്‍ഷകമായ പരസ്യങ്ങളിലും താരപ്രചാരണങ്ങളിലും വീണ് ദുബായ് വസ്തു ഇടപാടുകള്‍ക്കായി ഇഎംഐ വഴി പണമയക്കുന്നതിന് രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിത്തുടങ്ങി. വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനം ഭയന്നാണ് ബാങ്കുകളുടെ ഈ നീക്കം.

താരപ്പൊലിമയുള്ള മാര്‍ക്കറ്റിംഗ്; ഉള്ളില്‍ ചതിക്കുഴികള്‍?

റിയല്‍റ്റി ഷോകളിലൂടെയും മറ്റും ശ്രദ്ധേയരായ താരങ്ങളെയും ബോളിവുഡ് സെലിബ്രിറ്റികളെയും അണിനിരത്തി ദുബായ് ബില്‍ഡര്‍മാര്‍ ഇന്ത്യയില്‍ വന്‍ പ്രചാരണമാണ് നടത്തുന്നത്. വിമാന സീറ്റുകളിലെ പരസ്യങ്ങള്‍ മുതല്‍ വമ്പന്‍ നഗരങ്ങളിലെ റോഡ് ഷോകള്‍ വരെ ഇതിനായി ഉപയോഗിക്കുന്നു. മാസം 3 ലക്ഷം രൂപ ഇഎംഐ നല്‍കിയാല്‍ ദുബായില്‍ വീട് സ്വന്തമാക്കാം എന്ന വാഗ്ദാനമാണ് പലരെയും ആകര്‍ഷിക്കുന്നത്. എന്നാല്‍ ഈ പണം ബാങ്ക് വഴി വിദേശത്തേക്ക് അയക്കുമ്പോഴാണ് നിയമപ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.

ബാങ്കുകള്‍ പിന്മാറുന്നതെന്തിന്?

പ്രമുഖ സ്വകാര്യ ബാങ്കും രണ്ട് മള്‍ട്ടി നാഷണല്‍ ബാങ്കുകളും ഇത്തരം ഇടപാടുകള്‍ക്കായി പണമയക്കുന്നത് ഇതിനകം നിര്‍ത്തിവെച്ചു. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഇതിന് പിന്നില്‍:

മുന്‍കൂര്‍ പണമടയ്ക്കല്‍ : ഫെമ നിയമപ്രകാരം വസ്തു വാങ്ങുന്നതിനായി വിദേശത്തേക്ക് മുന്‍കൂര്‍ പണം തവണകളായി അയക്കുന്നതില്‍ വ്യക്തതയില്ല. ഇത് ചട്ടവിരുദ്ധമായി കണക്കാക്കപ്പെടാന്‍ സാധ്യതയുണ്ട്.

പണം കണ്ടുകെട്ടല്‍ : ഏതെങ്കിലും കാരണവശാല്‍ തവണകള്‍ മുടങ്ങിയാല്‍ മുമ്പ് നല്‍കിയ തുക കണ്ടുകെട്ടാന്‍ ദുബായ് നിയമം ബില്‍ഡര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരത്തില്‍ പണം കണ്ടുകെട്ടുന്നത് ഇന്ത്യന്‍ നിയമപ്രകാരം കുറ്റകരമാണ്.

എല്‍ആര്‍എസ് പരിധി ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം പ്രകാരം ഒരു ഇന്ത്യന്‍ പൗരന് വര്‍ഷം 2.5 ലക്ഷം ഡോളര്‍ വരെ വിദേശത്തേക്ക് അയക്കാം. എന്നാല്‍ വിദേശത്ത് വസ്തു വാങ്ങാന്‍ വായ്പ എടുക്കുന്നതിനോ, വസ്തു ഈടുനല്‍കി പണം കണ്ടെത്തുന്നതിനോ താമസക്കാര്‍ക്ക് അനുമതിയില്ല. തവണ വ്യവസ്ഥകള്‍ പലപ്പോഴും ഈ നിയമങ്ങളുടെ പരിധിക്ക് പുറത്താണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇഡി നിരീക്ഷണത്തില്‍ നേരത്തെ ദുബായില്‍ വസ്തുവകകള്‍ വാങ്ങിയ പലര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരുന്നു. ആദായനികുതി റിട്ടേണുകളില്‍ വിദേശ ആസ്തികള്‍ വെളിപ്പെടുത്താത്തതും പണത്തിന്റെ സ്രോതസ്സ് വ്യക്തമാക്കാന്‍ കഴിയാത്തതുമാണ് പലരെയും കുടുക്കിയത്.

വിദഗ്ധരുടെ നിര്‍ദേശം: വിദേശത്ത് വരുമാനമുള്ള പ്രവാസികള്‍ക്കും വന്‍കിട കമ്പനികള്‍ക്കും ഇത്തരം ഇടപാടുകള്‍ എളുപ്പമാണെങ്കിലും, ഇന്ത്യയില്‍ താമസിക്കുന്ന സാധാരണ നിക്ഷേപകര്‍ പരസ്യങ്ങളില്‍ വീണ് പണം മുടക്കുന്നതിന് മുമ്പ് നിയമവശങ്ങള്‍ കൃത്യമായി പരിശോധിക്കണം. 2029-ല്‍ കൈമാറുന്ന പ്രോജക്റ്റുകള്‍ക്ക് ഇപ്പോള്‍ മുതല്‍ ഇഎംഐ നല്‍കുന്നത് വ്യക്തമായ നിയമലംഘനമാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.