സതാര: പ്രളയവും വരള്‍ച്ചയും മാത്രം ഭയന്നാല്‍ പോരെന്ന സ്ഥിതിയിലായി ഇപ്പോള്‍ കര്‍ഷകര്‍. കൊവിഡ് പ്രതിരോധത്തിനായി രാജ്യം മുഴുവന്‍ പൊടുന്നനെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കര്‍ഷകരുടെ വയറ്റത്താണ് അടിച്ചത്‌. ചരക്ക് ഗതാഗതം ബഹുഭൂരിപക്ഷം തടസപ്പെട്ടതും ചന്തകള്‍ സജീവമല്ലാതെയായതും ഭൂരിഭാഗം ജനങ്ങളും വീടുകള്‍ക്ക് പുറത്തിറങ്ങാതായതും ഇവരെ ദുരിതത്തിലാക്കി.

മഹാരാഷ്ട്രയിലെ സതാരയില്‍ സ്‌ട്രോബെറിയാണ് പ്രധാന വിളകളിലൊന്ന്. ഐസ് ക്രീം നിര്‍മ്മാതാക്കളും വിനോദസഞ്ചാരികളുമാണ് ഇവിടെ സ്‌ട്രോബറി വാങ്ങാനെത്തുന്നത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഐസ് ക്രീം നിര്‍മ്മാതാക്കളും വിനോദസഞ്ചാരികളും എത്താതായി.

സതാരയിലെ കര്‍ഷകന്‍ അനില്‍ സലുംഖെ രണ്ടര ലക്ഷം മുടക്കിയാണ് സ്‌ട്രോബറി കൃഷി നടത്തിയത്. എട്ട് ലക്ഷം രൂപ ലഭിക്കേണ്ട വിളകള്‍ക്ക് മുടക്കുമുതല്‍ പോലും തിരിച്ച് കിട്ടിയില്ല. അഞ്ച് ലക്ഷം രൂപ മുതലിട്ട് കൃഷി ചെയ്‌തെടുത്ത മുന്തിരികള്‍ മുഴുവനും ബെംഗളുരു ഐടി ഹബ്ബിനടുത്തുള്ള കര്‍ഷകന്‍ മുനിഷമപ്പ വനത്തോട് ചേര്‍ന്ന ഭാഗത്ത് ഉപേക്ഷിച്ചു.

മഹാരാഷ്ട്രയില്‍ പലയിടത്തും വിളകള്‍ ഉപേക്ഷിക്കാന്‍ പോലും സാധിക്കുന്നില്ല. അതിനാല്‍ തന്നെ വന്‍ വില ലഭിക്കേണ്ട വിളകള്‍ പോലും കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കേണ്ടി വരികയാണ്. വേനല്‍ കാലത്താണ് സ്‌ട്രോബെറിയും ബ്രോക്ക്‌ലിയും പോലുള്ള വില കൂടിയ വിളകള്‍ക്ക് വിപണിയില്‍ ആവശ്യം വര്‍ധിക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇവ കയറ്റി അയക്കാനോ, പ്രാദേശിക ചന്തകളില്‍ വില്‍ക്കാനോ സാധിക്കാത്ത സ്ഥിതിയിലാണ് കര്‍ഷകര്‍.