ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിക്ക് പൈലറ്റുമാരുടെ ശമ്പളം തലവേദനയായി മാറിയിരുന്നു. ഇൻഡിഗോയുടെ ശമ്പള വിവാദത്തെ കുറിച്ചറിയാം

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ (IndiGo), നവംബറോടെ പൈലറ്റുമാരുടെ ശമ്പളം പൂർണമായും പുനഃസ്ഥാപിക്കും. ഇൻഡിഗോ സെപ്തംബർ മുതൽ പൈലറ്റുമാരുടെ ശമ്പളം 6 ശതമാനം പുനഃസ്ഥാപിക്കുമെന്നും ബാക്കി 6 ശതമാനം നവംബറിൽ നൽകുമെന്നും ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു. 

ജൂലൈ ആദ്യവാരം പൈലറ്റുമാരുടെ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയർലൈൻ അറിയിച്ചിരുന്നു. കൂടാതെ പൈലറ്റുമാർക്കുള്ള ഓവർടൈം അലവൻസ് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് പുനഃസ്ഥാപിക്കുകയും ചെയ്തു. കൂടാതെ, പൈലറ്റുമാർക്കുള്ള ഒരു വർക്ക് പാറ്റേൺ സംവിധാനം ഒരുക്കുകയും ചെയ്തു. എന്നാൽ, പൈലറ്റുമാർ ഇതിൽ അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൊവിഡിന് മുൻപുള്ള നിലയിലേക്ക് ശമ്പളം പുനഃസ്ഥാപിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. 

Read Also: വിലകുറഞ്ഞ വിമാനയാത്ര; ഇൻഡിഗോയെ കടത്തി വെട്ടുമോ ആകാശ

2020-ൽ ഇൻഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഏപ്രിലിൽ 8 ശതമാനം ശമ്പളം വർധിപ്പിച്ചിരുന്നു. അതിനു ശേഷം വീണ്ടും ജൂലൈയിൽ 8 ശതമാനം വർധനവുണ്ടായി മൊത്തം 16 ശതമാനം വർധനവ് വരുത്തി. തുടർന്ന് ബാക്കിയുള്ള 12 ശതമാനമാണ് ഇപ്പോൾ പുനഃസ്ഥാപിക്കുന്നത്. ജൂലൈ 31 മുതൽ പൈലറ്റുമാർക്കുള്ള ലേഓവർ, ഡെഡ്‌ഹെഡ് അലവൻസുകളും എയർലൈൻ പുനഃസ്ഥാപിച്ചു.

കോവിഡിന് മുമ്പുള്ള ശമ്പളം പൂർണ്ണമായി പുനഃസ്ഥാപിക്കാത്തതിൽ പൈലറ്റുമാർ അസന്തുഷ്ടരായിരുന്നു. പൈലറ്റുമാരുടെ ശമ്പളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമായി മാറി. ഇൻഡിഗോ നിലവിൽ പ്രതിദിനം 1,600-ലധികം വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇത് കോവിഡ് -19 മഹാമാരിക്ക് മുമ്പ് പ്രവർത്തിച്ചതിനേക്കാൾ കൂടുതലാണ്. ഇതും പൈലറ്റുമാരെ അസംതൃപ്തരാക്കി. 

Read Also: ടാറ്റയ്ക്ക് കീഴിൽ ആറ് മാസം; എയർ ഇന്ത്യയ്ക്ക് സംഭവിച്ചതെന്ത്?

അതേസമയം, കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം ഏകദേശം 75 ശതമാനം പുനഃസ്ഥാപിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ വിസ്താര പൈലറ്റുമാരുടെ ശമ്പളവും ഫ്ലയിംഗ് അലവൻസും കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്പൈസ് ജെറ്റും അതിന്റെ ക്യാപ്റ്റൻമാരുടെയും ഫസ്റ്റ് ഓഫീസർമാരുടെയും ശമ്പളം യഥാക്രമം 10 ശതമാനവും 15 ശതമാനവും വർധിപ്പിച്ചിട്ടുണ്ട്.