ദില്ലി: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ജനുവരിയിൽ ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയേക്കും. റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിലാണ് ഇത്തരത്തിലൊരു അഭിപ്രായം ഉയർന്നത്. ഭൂരിഭാ​ഗം സാമ്പത്തിക വിദഗ്ധരും ഇത്തരത്തിലാണ് അഭിപ്രായപ്പെട്ടത്. ഇതോടെ വരുന്ന മാസങ്ങളിൽ റിസർവ് ബാങ്കിന്റെ പലിശ നിരക്കിൽ വലിയ മാറ്റങ്ങളുണ്ടായേക്കില്ലെന്നാണ് കണക്കാക്കുന്നത്.  

ഫെബ്രുവരിയില്‍ നടന്ന വോട്ടെടുപ്പുകളിൽ 40 ലധികം സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഇന്ത്യയുടെ വാർഷിക ഉപഭോക്തൃ വിലക്കയറ്റം ജനുവരിയിൽ 7.40 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറിലെ 7.35 ശതമാനത്തിന് മുകളിലാണ് ഇത്.

വളർച്ച മന്ദഗതിയിലാണെങ്കിലും റിസർവ് ബാങ്ക് റിപ്പോ നിരക്ക് വ്യാഴാഴ്ച 5.15 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയും പണപ്പെരുപ്പ പ്രവചനങ്ങൾ പരിഷ്കരിക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത് 5.0 ശതമാനത്തിനും 5.4 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് കണക്കാക്കുന്നു.

"ഭക്ഷ്യവിലയില്‍ തുടർച്ചയായ വർധനവുണ്ടായതിനാൽ ജനുവരിയിൽ ഉപഭോക്തൃ വിലക്കയറ്റം ഉയർന്നതായിരിക്കാം", ക്യാപിറ്റൽ ഇക്കണോമിക്സിലെ ഏഷ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ ഡാരൻ അവ് പറഞ്ഞു.